മിഷൻ 2019: ലോകകപ്പ് ചിത്രം വ്യക്തമാക്കി ടീം ഇന്ത്യയുടെ ഓസീസ്, കിവീസ് പടയോട്ടം

എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവനെക്കുറിച്ചും താരങ്ങളെക്കുറിച്ചുമെല്ലാം ആരാധകർ വാതോരാതെ പറയുന്നുവെങ്കിൽ ഒന്നോർക്കുക– നിലവിലെ ടീം ‘കിടു ’ ആണ്. ഇപ്പോഴത്തെ താരങ്ങൾ തകർപ്പൻ പ്രകടനം നടത്തുന്നതു കൊണ്ടാകുമല്ലോ ആരാധകർ ഫാന്റസിയുടെ ലോകത്തുകൂടി സഞ്ചരിക്കുന്നത്. പറഞ്ഞുവരുന്നതു ടീം ഇന്ത്യയുടെ ഏകദിന ടീമിനെക്കുറിച്ചുതന്നെയാണ്.

സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് പ്രേമികൾ മുൻതാരങ്ങളുടെയും നിലവിലെ താരങ്ങളുടെയും നേട്ടങ്ങൾ അളന്ന് ആഘോഷിക്കുമ്പോൾ ന്യൂസീലൻഡിലെ കൊച്ചുമൈതാനങ്ങളിൽ ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേയ്ക്കു കണ്ണെറിയുകയാണ് വിരാട് ‌കോഹ്‍ലിയുടെ ടീം ഇന്ത്യ. 

∙ പ്രശ്നങ്ങളുടെ ‘സീറോ അവർ’

ലോകകപ്പ് പോരാട്ടങ്ങളുടെ ഡ്രസ് റിഹേഴ്സലെന്ന വിശേഷണമുണ്ടായിരുന്നു ന്യൂസീലൻ‍ഡിലെ ഇന്ത്യൻ പര്യടനത്തിന്. സ്വന്തം നാട്ടിൽ അതിശക്തരായ ആതിഥേയർ. പോരാത്തതിനു ടെയ്‌ലറും നിക്കോൾസും വില്യംസണുമെല്ലാം മിന്നുന്ന ഫോമിൽ. വലയ്ക്കുന്ന പരീക്ഷണമെന്നു കരുതിയ പരമ്പര അതിഥികൾ അനായാസം കൈക്കലാക്കിയതോടെ ലോകകപ്പ് സാധ്യതകളുടെ ‘പോൾ പൊസിഷനിൽ’ ആയി ടീം ഇന്ത്യ.

ലോകകപ്പ് ഒരുക്കമെന്ന നിലയ്ക്കു മധ്യനിരയിൽ ആരെല്ലാം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇന്ത്യ  പ്രധാനമായും തേടിയത്. മഹേന്ദ്ര സിങ് ധോണിയുടെ റോൾ, ബാറ്റിങ് ഓർഡറിലെ നാലാമൻ, ഇന്നിങ്സ് ഫിനിഷ് ചെയ്യാൻ പോന്ന വിശ്വസ്തൻ...ഇങ്ങനെ നീളുന്നതായിരുന്നു മധ്യനിരയെ ചുറ്റിപ്പറ്റി ക്യാപ്റ്റൻ കോഹ്‍ലിയുടെ മുന്നിൽ തെളിഞ്ഞ പ്രശ്നങ്ങൾ. ഇപ്പോഴിതാ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി മിന്നും വിജയങ്ങളോടെ ആ സംശയത്തിനും സ്ഥാനമില്ലാതായിരിക്കുന്നു.

∙ ധോണി നയിക്കും മധ്യം

ധോണിയുടെ സ്ഥാനം സംബന്ധിച്ച എല്ലാ സംശയവും തീർക്കുന്നതായി ഓസീസ് പര്യടനം. ഫോം വീണ്ടെടുത്ത മുൻനായകൻ കിവികൾക്കെതിരെയും അതാവർത്തിച്ചതോടെ ഇംഗ്ലിഷ് മണ്ണിൽ ഇന്ത്യക്ക് ഇനി വേറൊരു വിക്കറ്റ്കീപ്പർ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ത്യയിൽ തിളങ്ങിയ അമ്പാട്ടി റായുഡു വിദേശമണ്ണിലും കോഹ്‌ലിക്കു പിന്നാലെ ക്രീസിൽ ഇറങ്ങാൻ തനിക്കാകുമെന്നു തെളിയിച്ചു.

കേദാർ ജാദവ് തിരിച്ചുവരവിലും  പ്രതിഭ തെളിയിച്ചതോടെ ‘ഫിനിഷർ’ റോളിലും കോ‌ഹ്‌ലിയുടെ അന്വേഷണം വഴിത്തിരിവിലെത്തിക്കഴി‍ഞ്ഞു. സമ്മർദഘട്ടങ്ങളിൽ പോലും ആക്രമിച്ചു ബാറ്റ് വീശാനാകുമെന്നു തെളിയിച്ചിട്ടുള്ള കേദാറിന്റെ പാർട് ടൈം സ്പിന്നും അനുകൂലഘടകമാണ്. 2011 ലോകകപ്പിലെ യുവ‌്‌രാജ് സിങ്ങിന്റേതിനു സമാനമായ ഉത്തരവാദിത്തമാണു കോ‌ഹ്‍ലി ജാദവിൽ നിന്നു പ്രതീക്ഷിക്കുന്നത്.

ഓൾറൗണ്ടർ എന്ന നിലയ്ക്കു ഹാർദിക് പാണ്ഡ്യയും ചേരുന്നതോടെ മധ്യനിര പൂർണമാകും. പകരക്കാരനായി ടീമിലെത്തുന്ന ദിനേഷ് കാർത്തിക്കിനും ഇനി ‘പകരക്കാരനെ’ തേടേണ്ടതില്ല. കിട്ടിയ അവസരങ്ങൾ സാഹചര്യത്തിന് അനുസരിച്ചു വിനിയോഗിച്ചാണു കാർത്തിക് ധോണിയുടെ പകരക്കാരനായി വിക്കറ്റിനു പിന്നിലെ രണ്ടാമനാകുന്നത്. സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയ്ക്കും ഏകദിന ടീമിലെ കാർത്തിക്കിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നില്ല.

∙ വൈവിധ്യത്തിന്റെ ബോളിങ് കരുത്ത്

എക്കാലത്തെയും മികച്ച ബോളിങ് ആക്രമണം – എന്നും ബാറ്റിങ് നിരയുടെ വിലാസത്തിൽ ലോകകപ്പ് പോലുള്ള പോരാട്ടങ്ങൾക്കിറങ്ങുന്ന ഇന്ത്യൻ ടീമിന് ഇക്കുറി ഈ വിശേഷണം കൂടി ചേരുന്നുണ്ട്. ബോളിങ് വിഭാഗത്തിൽ ടീമിന്റെ വജ്രായുധമെന്നു കരുതിയ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലാണ് കോഹ്‌ലിയും സംഘത്തിന്റെ വിദേശപരീക്ഷണം. പക്ഷേ ബുമ്രയുടെ അഭാവം തെല്ലും പ്രകടമായില്ല രണ്ടിടത്തും. ടെസ്റ്റിൽ പുറത്തിരുന്ന ഭുവനേശ്വർ കുമാർ പഴയ പ്രതാപത്തോടെ തിരിച്ചെത്തിയപ്പോൾ ശ്രദ്ധ നേടിയതു മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഈ പേസ് ബോളർ. ഭുവനേശ്വറും ബുമ്രയും ഷമിയും ചേരുന്ന പേസ് ത്രയത്തിൽ ഇന്ത്യയ്ക്കു ഇംഗ്ലിഷ് മണ്ണിൽ സ്വപ്നങ്ങൾ കാണാം.

വിദേശ മണ്ണിൽ പോലും 3 പേസർമാരുമായി കളിക്കേണ്ടതുണ്ടോ എന്ന ചോദ്യമെറിയുന്നുണ്ട് ടീമിന്റെ സ്പിൻ നിര. കുൽദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും ചേരുന്ന സ്പിൻ കൂട്ടുകെട്ട് വിക്കറ്റുകൾ കൊണ്ടാണ് ഈ അവകാശവാദമുന്നയിക്കുന്നത്. ലോകകപ്പിനെത്തുന്ന ടീമുകളിൽ ഏറ്റവും ഭദ്രമെന്നു തോന്നിപ്പിച്ച കിവീസ് മധ്യനിരയെ അവരുടെ നാട്ടിൽ ചെന്നു വീഴ്ത്തിയതോടെ ‘കുൽച ജോടി ’ വരും ലോകകപ്പിൽ ടീം ഇന്ത്യയുടെ എക്സ് ഫാക്ടർ ആയിപ്പോലും കളത്തിലെത്തിയേക്കാം.