ദേശീയ ബാസ്കറ്റ്: കേരളം ക്വാർട്ടറിൽ

ഭാവ്നഗർ(ഗുജറാത്ത്)∙  7 തവണ ലീഡ് മാറിമറിഞ്ഞ, 7 തവണ സ്കോർ ഒപ്പമെത്തിയ ആവേശപ്പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ് ആയ ഛത്തീസ്ഗഡിനെ 65–64ന് തോൽപിച്ച കേരളത്തിന്റെ വനിത ടീം ദേശീയ ബാസ്കറ്റ്ബോൾ ഗ്രൂപ്പ് ബിയിൽ നിന്നു ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. കേരളത്തിനു വേണ്ടി പി.എസ്. ജീനയും സ്റ്റെഫി നിക്സണും 15 പോയിന്റോടെ ടോപ്സ്കോറർമാരായി. അഞ്ജന 13 പോയിന്റും പൂജാമോൾ 10 പോയിന്റും നേടി.

കേരളത്തിനെതിരെ ആദ്യ ക്വാർട്ടറിൽ ഛത്തീസ്ഗഡിനായിരുന്നു മുൻതൂക്കം. 15–8 ലീഡിൽ തുടങ്ങിയ അവർ ആദ്യ ക്വാർട്ടർ 17–10 ലീഡിൽ അവസാനിപ്പിച്ചു. പിന്നീട് 23–23ൽ രണ്ടാം ക്വാർട്ടറിൽ കേരളം ഒപ്പമെത്തി. ആദ്യപകുതി അവസാനിക്കുമ്പോൾ കേരളത്തിന് 35–32 ലീഡ്. മൂന്നാം ക്വാർട്ടർ 52–48ൽ കേരളത്തിനു ലീഡ്. നാലാം ക്വാർട്ടറിൽ കരുത്തോടെ തിരിച്ചെത്തിയ ഛത്തീസ്ഗഡ് 6 അടി 3 ഇഞ്ച് ഉയരമുള്ള പൂനം ചതുർവേദിയുടെ മികവിൽ 58–55 ലീഡ് നേടി. വീണ്ടും കുതിച്ച കേരളം 65–64ൽ വിജയത്തിൽ എത്തി. ഛത്തീസ്ഗഡിനു വേണ്ടി പൂനം 24 പോയിന്റ് നേടി.