ഒടുവിൽ റെയിൽവേയുടെ ‘പാളം തെറ്റിച്ച്’ കേരള വനിതകൾ; തകർപ്പൻ ജയം, 11–ാം കിരീടം

ദേശീയ വനിതാ വോളിയിൽ റെയിൽവേക്കെതിരെ പത്തു തുടർ തോൽവികൾക്കു കേരളത്തിന്റെ മധുരപ്രതികാരം. ടീം മികവിന്റെ പൂർണതയിൽ മലയാളി  പെൺകരുത്തു ചങ്ങല വലിച്ചപ്പോൾ റെയിൽവേയുടെ വിജയക്കുതിപ്പിനു പാളം തെറ്റി. കേരളം ആദ്യമൊന്നു പതുങ്ങിയതു പിന്നീട്  കുതിക്കാനായിരുന്നുവെന്നു റെയിൽവേ തിരിച്ചറിഞ്ഞതു വൈകിയാണ്. അപ്പോഴേക്കും അവർക്കു മുന്നിൽ പരാജത്തിന്റെ റെഡ് സിഗ്നൽ. പുരുഷവിഭാഗം ഫൈനലിൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ആതിഥേയരായ തമിഴ്നാടിനെ മറികടന്നു ( 21-25, 36-34,25–18, 25-14) കർണാടക കന്നിക്കിരീടം നേടി.

ചെന്നൈ ∙ പത്തു വർഷമായി കാണുന്ന തിരക്കഥയുടെ ആവർത്തനം പോലെയായിരുന്നു ആദ്യ സെറ്റ്. റെയിൽവേയുടെ ചൂളം വിളിയാണു ആദ്യം മുഴങ്ങിയത്.  കേരളം ആദ്യമായി മുന്നിലെത്തിയതു 9-8-ൽ. സെറ്റർ ജിനി ,എ.എസ്.സൂര്യ, ലിബറോ അശ്വതി രവീന്ദ്രൻ എന്നിവർ കേരള നിരയിൽ തിളങ്ങി. എന്നാൽ, ഹരിയാന താരം നിർമൽ തൻവറിന്റെ തകർപ്പൻ സ്മാഷുകളുടെ ബലത്തിൽ റെയിൽവേ പിടിമുറുക്കി.  

∙ കുതിപ്പിനു തുടക്കം

രണ്ടാം സെറ്റിൽ ഒറ്റ മനസ്സോടെ കേരളം ഇരമ്പിക്കയറി. റെയിൽവേയുടെ അറ്റാക്കർമാരായ മിനി മോൾ ഏബ്രഹാം, നിർമൽ എന്നിവർക്കു മുന്നിൽ കേരളം മതിൽ കെട്ടി. സെറ്റർ ജിനിയൊരുക്കുന്ന അവസരങ്ങളിൽ സൂര്യയും ശ്രുതിയും അഞ്ജു ബാലകൃഷ്ണനും സ്മാഷുകളുടെ പെരുമഴ തീർത്തു. കേരളത്തിന്റെ പിഴവുകൾ മുതലാക്കിയാണു  റെയിൽവേ മൂന്നാം സെറ്റ് 25-17നു നേടിയത്.

∙ കേരളോൽസവം

കേരളം കോർട്ടിൽ വനിതാ മതിൽ തീർക്കുന്നതായിരുന്നു നാലും അഞ്ചും സെറ്റുകളിലെ കാഴ്ച. റെയിൽവേ അറ്റാക്കർമാരുടെ  സ്മാഷുകൾ കേരളം തുടർച്ചയായി നിർവീര്യമാക്കിയപ്പോൾ അവർ  തളർന്നു തുടങ്ങി. ലിബറോ അശ്വതി രവീന്ദ്രന്റെ മിന്നും പ്രകടനം കേരള പ്രതിരോധത്തിന്റെ ബലം കൂട്ടി. എം.ശ്രുതി പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ നിറഞ്ഞു.

രേഖയും അനുശ്രീയും ക്യാപ്റ്റൻ റുക്സാനയും സെറ്റർ ജിനിയും അഞ്ജു ബാലകൃഷ്ണനും ഒറ്റ മനസ്സായി കളം നിറഞ്ഞപ്പോൾ റെയിൽവേയുടെ പ്രകടനങ്ങൾ മുങ്ങിപ്പോയി. നിർണായ അഞ്ചാം സെറ്റിൽ ഏഴാം പോയിന്റുവരെ റെയിൽവേയായിരുന്നു മുന്നിൽ. 11 കെഎസ്ഇബി താരങ്ങളുൾപ്പെട്ട കേരള ടീം പിന്നെയൊരു കളിയായിരുന്നു. അതു തീർന്നപ്പോൾ റെയിൽവേയ്ക്കു ഷോക്കേറ്റിരുന്നു .