ഓസ്ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂർണമെന്റ്; വിരമിക്കൽ പ്രഖ്യാപിച്ച് ആന്‍ഡി മറേ

മെൽബൺ∙ ഇപ്പോൾ എന്തു തോന്നുന്നു? – ഈയൊരു ചോദ്യത്തിന് ആരും പ്രതീക്ഷിച്ചതല്ല ആ ഉത്തരം! ‘‘ഒട്ടും നല്ലതായി എനിക്കു തോന്നുന്നില്ല’’ – ഈ വാക്കുകൾക്കു പിന്നാലെ ആൻഡി മറെയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിനു മുന്നോടിയായുള്ള പരിശീലന മൽസരത്തിൽ നൊവാക് ജോക്കോവിച്ചിനോട് 6–1, 4–1നു തോറ്റ ശേഷം നടന്ന മാധ്യമസമ്മേളനമായിരുന്നു വേദി. മൂന്നു ഗ്രാൻസ്ലാം കിരീടങ്ങൾ പേരിലുള്ള താരം തന്റെ വിരമിക്കൽ പ്രഖ്യാപനമാണ് ആ നടത്തുന്നതെന്നു തിരിച്ചറി‍ഞ്ഞവർ ഒരു നിമിഷം ഞെട്ടലിലായി. 

‘‘20 മാസമായി വേദന തിന്നാണു ഞാൻ ജീവിക്കുന്നത്. ഞാനാഗ്രഹിക്കുന്നതു പോലെയല്ല എന്റെ ശരീരം പെരുമാറുന്നത്. ഈ ഓസ്ട്രേലിയൻ ഓപ്പൺ കടന്നു കിട്ടുമോയെന്നുപോലും അറിയില്ല ’’– മറെയുടെ വാക്കുകൾ കണ്ണീരിൽ കുതിർന്നു ചിതറി വീണു.

വിമ്പിള്‍ഡന്‍ കളിച്ചു വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷേ  അത്രയുംനാള്‍ കളിക്കാനാകില്ലെന്നും മറേ പറഞ്ഞു. നിലവില്‍ 240ാം സ്ഥാനത്താണ് മറേ.

റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും മറേ സ്വന്തമാക്കി. 2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറേയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.