പരിശീലകനെയോർത്ത് വിങ്ങിപ്പൊട്ടി ഫെഡറർ

വാഷിങ്ടൻ∙ ഗ്രാൻസ്ലാം നേട്ടത്തിനുശേഷം ആനന്ദക്കണ്ണീരണിയുന്ന റോജർ ഫെഡറർ ക്യാമറക്കണ്ണുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഓസ്ട്രേലിയൻ ഓപ്പണിനു മുൻപ് സിഎൻഎൻ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെയും ഫെഡറർ‌ വിങ്ങിപ്പൊട്ടി; പക്ഷേ അതു മുൻ പരിശീലകൻ പീറ്റർ കാർട്ടറിന്റെ ഓർമകൾക്കു മുന്നിലായിരുന്നു. ഫെഡററുടെ കന്നി ഗ്രാൻസ്ലാം കിരീടനേട്ടത്തിന് ഒരു വർഷം മുൻപ് (2002ൽ) ദക്ഷിണാഫ്രിക്കയിലെ വാഹനാപകടത്തിലാണ് കാർട്ടറുടെ ജീവൻ നഷ്ടമായത്.

കൗമാരനാളുകളിലെ കാർട്ടറുടെ പരീശീലനമാണു തന്നെ കരുത്തുറ്റ താരമാക്കിയതെന്നു ഫെഡറർ പറഞ്ഞു. കാർട്ടറുടെ പരീശീലന രീതികളെക്കുറിച്ചു വാ തോരാതെ സംസാരിച്ച ഫെഡറർ വിങ്ങിപ്പൊട്ടിയത് അവതാരകയുടെ ഈ ചോദ്യത്തിനു മുന്നിലാണ്.

∙ കാർട്ടർ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ താങ്കളുടെ 20 ഗ്രാൻസ്ലാം കിരീടനേട്ടത്തെക്കുറിച്ച് അദ്ദേഹത്തിന് എന്തായിരിക്കും പറയാനുണ്ടാവുക?

ഫെഡറർ (വിങ്ങിപ്പൊട്ടിക്കൊണ്ട്): സോറി... എന്താ പറയുക; അദ്ദേഹത്തെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഒരുപാട്. എന്റെ നേട്ടത്തിൽ അദ്ദേഹം അഭിമാനിക്കുമായിരുന്നു എന്നു കരുതുന്നു. (താൻ ഒരിക്കലും ഇതുപോലെ പൊട്ടിക്കരഞ്ഞിട്ടില്ല എന്നു പറഞ്ഞ ഫെഡറർ കാർട്ടറുടെ മരണത്തോടെയാണു കൂടുതൽ വാശിയോടെ ടെന്നിസ് കളിച്ചു തുടങ്ങിയത് എന്നും കൂട്ടിച്ചേർത്തു.)