വിരമിക്കൽ പ്രഖ്യാപിച്ചെത്തിയ ആൻഡി മറേയ്ക്ക് കണ്ണീർമടക്കം; ആദ്യ റൗണ്ടിൽ പുറത്ത്

മെൽബൺ ∙ 5 സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യറൗണ്ടിൽ സ്പാനിഷ് താരം റോബർട്ടോ ബൗറ്റിസ്റ്റ ആഗട്ടിനോടു തോൽവി സമ്മതിച്ച ആൻഡി മറേയ്ക്ക് വേദനയോടെ വിടവാങ്ങൽ. ആദ്യ 2 സെറ്റുകൾ നഷ്ടപ്പെടമാക്കിയിട്ടും കരുത്തോടെ തിരിച്ചടിച്ച മറേ പിന്നീടുള്ള 2 സെറ്റുകൾ നേടി. നിർണായകമായ അഞ്ചാം സെറ്റിൽ പക്ഷേ പോരാട്ടത്തിനു മുതിരാതെ തോൽവി സമ്മതിക്കുകയായിരുന്നു. സ്കോർ: 6-4 6-4 6-7(5) 6-7(4) 6-2.

ഈ പുറത്താകലോടെ മുൻ ലോക ഒന്നാം നമ്പരായ സ്കോട്‌ലൻഡ് താരം മറെയുടെ രാജ്യാന്തര കരിയറിനും ഏറെക്കുറെ വിരമമായി. അടുത്ത വിമ്പിൾഡൻ കളിച്ച് വിരമിക്കാനാണ് ആഗ്രഹമെന്നു കഴിഞ്ഞ ദിവസം മറെ കണ്ണീരോടെ വ്യക്തമാക്കിയിരുന്നു. മറെയ്ക്കു മുന്നിൽ ഇനിയുള്ള വഴികൾ രണ്ടാണ്: ഒന്ന് – ഇടുപ്പെല്ലിന്റെ പരുക്കിനു ശസ്ത്രക്രിയ നടത്തുക, മാസങ്ങളോളം ഇതിന്റെ പേരിൽ തുടർന്നും വിശ്രമിക്കുക. രണ്ട്– വേദന സഹിച്ച് വിമ്പിൾഡൻ വരെ പരിശീലനം തുടരുക. ഇതിൽ രണ്ടാമത്തെ വഴിയാണു തനിക്കു താൽപര്യമെങ്കിലും വേദനയോടെ എത്രകാലം കളിക്കാൻ പറ്റുമെന്ന ഉറപ്പില്ലെന്ന് മറെ മൽസരശേഷം പറഞ്ഞു.

മെൽബൺ പാർക്കിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആവേശകരവും വൈകാരികവുമായിരുന്നു മൽസരം. 2 സെറ്റുകൾ ജയിച്ച മറെ നിർണായകമായ അ‍ഞ്ചാം സെറ്റിൽ ആഗട്ടിനെ കീഴ്പ്പെടുത്തുമെന്നായിരുന്നു കാണികളുടെ പ്രതീക്ഷ. എന്നാൽ, പോരാട്ടത്തിനു പോലും മുതിരാതെ 6–2ന് അദ്ദേഹം കീഴടങ്ങി.

മറ്റു മൽസരങ്ങളിൽ, നിലവിലെ ചാംപ്യൻ റോജർ ഫെഡറർ ആദ്യ മൽസരം അനായാസം ജയിച്ച് കുതിപ്പു തുടങ്ങി. ഉസ്ബെക്കിസ്ഥാൻ താരം ഡെനിസ് ഇസ്ടോമിനെ ഫെഡറർ 6-3 6-4 6-4ന് തോൽപിച്ചു. രണ്ടാം റൗണ്ടിൽ ബ്രിട്ടന്റെ 189–ാം റാങ്കുകാരൻ ഡാൻ ഇവാൻസാണ് മുപ്പത്തിയേഴുകാരൻ ഫെഡററുടെ എതിരാളി. വനിതകളിൽ നിലവിലെ ചാംപ്യൻ കരോളിൻ വൊസ്നിയാക്കി 6-3 6-4 ന് ബെൽജിയത്തിന്റെ അലിസൻ വാൻ ഉയ്റ്റവാൻകിനെ തോൽപിച്ചു. 

∙ 'എനിക്കു മുന്നോട്ടു പോകണമെന്നുണ്ട്, പക്ഷേ, അതിന് വലിയൊരു ശസ്ത്രക്രിയ വേണം. അതു ചെയ്താലും കളിക്കാമെന്ന കാര്യത്തിൽ വലിയ ഉറപ്പില്ല. എങ്കിലും മുന്നോട്ടുപോകാനാണ് തീരുമാനം' - ആൻഡി മറെ (മൽസരശേഷം പറഞ്ഞത്)