ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ്: കെവിൻ ആൻഡേഴ്സൻ പുറത്ത്

ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൻ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽനിന്നു പുറത്തായി. അമേരിക്കയുടെ ഫ്രാൻസെസ് തിയാഫോയാണ് ആൻഡേഴ്സനെ വീഴ്ത്തിയത്. പുരുഷ സിംഗിൾസിൽ റോജർ ഫെഡറർ, റാഫേൽ നദാൽ, മാരിൻ സിലിച്ച് എന്നിവർ മൂന്നാം റൗണ്ടിലെത്തി. മരിയ ഷറപ്പോവ സ്ലോയേൻ സ്റ്റീഫൻസ് തുടങ്ങിയവർ വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിലെത്തിയപ്പോൾ 29–ാം സിഡ് ഡോണ വെക്രിച്ചിനെ സീഡില്ലാതാരം അട്ടിമറിച്ചു.

സിഡ്നി∙ കൂളായങ്ങു ജയിച്ചു കയറാം എന്നായിരിക്കും അമേരിക്കയുടെ സീഡില്ലാ താരം ഫ്രാൻസെസ് തിയോഫോയെക്കെതിരെ ആദ്യ സെറ്റ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൻ ചിന്തിച്ചത്. എന്നാൽ അഞ്ചാം സീഡ് താരത്തിനു വമ്പൻ ഷോക്ക് നൽകി ഇരുപതുകാരൻ തിയാഫോ ജയിച്ചുകയറിയപ്പോൾ റോഡ് ലെവർ അരീന സാക്ഷ്യം വഹിച്ചതു വമ്പൻ അട്ടിമറിക്ക്. സ്കോർ 4–6, 6–4, 6–4, 7–5.

അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സിനു മുന്നിൽ ഫ്രാൻസിന്റെ 30–ാം സീഡ് ഗേൽ മോൺഫിൽസിനും കാലിടറി. സ്കോർ 6–3, 7–6, 6–7, 7–6. ബ്രിട്ടന്റെ സീഡില്ലാ താരം ഡാൻ ഇവാൻസ് റോജർ ഫെഡറർക്കെതിരെ ആദ്യ രണ്ടു സെറ്റിലും വീറോടെ പൊരുതിയെങ്കിലും ജയിക്കാനായില്ല. 7–6, 7–6, 6–3ന് ഫെഡറർ മൽസരം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ മാത്യു എബ്ഡനെ 6–3, 6–2, 6–2ന് റാഫേൽ നദാൽ മറികടന്നു.