ഹാലെപ്, സ്വെരേവ് പുറത്ത്; സെറീന, ജോക്കോവിച്ച് മുന്നോട്ട്

    ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ഒന്നാം സീഡ് സിമോണ ഹാലെപ് പുറത്ത്. സെറീന വില്യംസാണ് ഹാലെപിനെ തോൽപ്പിച്ചത്. പുരുഷൻമാരിൽ നാലാം സീഡ് അലക്സാണ്ടർ സ്വെരേവും പുറത്തായി. പുരുഷൻമാരിൽ നൊവോക് ജോക്കോവിച്ച്, കെയ് നിഷികോരി, ലൂക്കാസ് പൊയ്, മിലോസ് റാവോണിക് എന്നിവരും വനിതകളിൽ കരോളിൻ പ്ലിസ്കോവ, നവോമി ഒസാക, എലേന സ്വിറ്റോലിന എന്നിവരും ക്വാർട്ടറിലേക്കു മുന്നേറി. 

മെൽബൺ ∙ ഒന്നാം സീഡ് തോറ്റതിനെ അട്ടിമറി എന്നു വിശേഷിപ്പിക്കാമായിരുന്നു; ജയിച്ചത് സെറീന വില്യംസ് ആല്ലായിരുന്നെങ്കിൽ! ഓസ്ട്രേലിയൻ ഓപ്പണിൽ കുതിപ്പു തുടരുന്ന സെറീനയ്ക്കു മുന്നിൽ ഒടുവിൽ‌ ഒന്നാം സീഡ് സിമോണ ഹാലെപ്പും വീണു (6–1,4–6,6–4). സെർബിയയുടെ ഗാർബൈൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകളിൽ പ്ലിസ്കോവ തോൽപ്പിച്ചു (6–3,6–1). ലാത്വിയൻ താരം അനസ്താസിയ സെവസ്റ്റോവയെ തോൽപ്പിച്ച് ജപ്പാന്റെ നവോമി ഒസാക്കയും ക്വാർട്ടറിലെത്തി (4–6,6–3,6–4). അമേരിക്കയുടെ മാഡിസൺ കീസിനെ തോൽപ്പിച്ചെത്തുന്ന എലിന സ്വിറ്റോലിനയാണ് (6–2,1–6,6–1) അടുത്ത എതിരാളി. 

ജർമൻ താരം സ്വെരേവിനെ കാനഡയുടെ മിലോസ് റാവോണികാണ് വീഴ്ത്തിയത് (6–1,6–1,7–6). ജോക്കോവിച്ച് മൂന്നേ കാൽ മണിക്കൂർ നീണ്ട പോരാട്ടത്തിൽ റഷ്യയുടെ ‍ഡാനിൽ മെദ്‌വദെവിനെയാണ് മറികടന്നത് (6–4,6–7,6–2,6–3).