സെമിയിൽ നദാലിന് എതിരാളി സിറ്റ്സിപാസ്; ഇന്ന് ജോക്കോവിച്ച്– നിഷികോരി ക്വാർട്ടർ

മെൽബൺ∙ പ്രീ ക്വാർട്ടറിൽ ഇതിഹാസ താരം റോജർ ഫെഡററെ വീഴ്ത്തിയ സ്റ്റെഫാനോസ് സിറ്റ്സിപാസിന് സെമിയിൽ  എതിരാളി റാഫേൽ നദാൽ! ക്വാർട്ടറിൽ സ്പെയിനിന്റെ 22–ാം സീഡ് ബോറ്റ്സ്റ്റ അഗട്ടിനെ 7–5, 4–6, 6–4, 7–6നു കീഴടക്കിയ സിറ്റ്സിപാസ് ആദ്യമായാണു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ ഇടം നേടുന്നത്. ദക്ഷിണാഫ്രിക്കയുടെ അഞ്ചാം സീഡ് കെവിൻ ആൻഡേഴ്സൻ, ബൾഗേറിയയുടെ 20–ാം സീഡ് ഗ്രിഗോർ ദിമിത്രോവ് എന്നിവരെ അട്ടിമറിച്ചെത്തിയ അമേരിക്കയുടെ സീഡില്ലാ താരം ഫ്രാൻസിസ് തിയാഫോയ്ക്കെതിരെ നദാൽ അനായാസം ജയിച്ചു കയറി (6–3, 6–4, 6–2). 

ഇരുപത്തിയൊന്നുകാരൻ തിയാഫോയെ മൂന്നു സെറ്റിലെയും ഫസ്റ്റ് സർവീസിൽത്തന്നെ നദാൽ ബ്രേക്ക് ചെയ്തതോടെ മൽസരം ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ തീർന്നു. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ 15–ാം സീഡ് ആഷ്‌ലി ബാർട്ടിയെ 6–1, 6–4നു കീഴടക്കിയാണ് ക്വിറ്റോവയുടെ മുന്നേറ്റം.