ഓസ്ട്രേലിയൻ ഓപ്പണിൽ ആവേശ ഫൈനൽ; നദാലിനെ നേരിടാൻ ജോക്കോവിച്ച്

മെൽബൺ∙ ഒരു മണിക്കൂർ 23 മിനിറ്റിൽ ഫ്രഞ്ച് താരം ലൂക്കാ പൊയ്‌ലിയെ വീഴ്ത്തി, മെൽബൺ പാർക്കിൽ ഉയർന്ന നവതരംഗത്തിനു വിരാമമിട്ട് നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ (6-0, 6-2, 6-2). ആദ്യസെമിയിൽ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കിയ സ്പാനിഷ് താരം റാഫേൽ നദാൽ ആറു ഗെയിമുകൾ വഴങ്ങിയെങ്കിൽ രണ്ടാം സെമിയിൽ ജോക്കോവിച്ചിന് അതും വേണ്ടിവന്നില്ല. ഒന്നരമണിക്കൂർ പോലും തികയ്ക്കാത്ത പോരാട്ടത്തിൽ ലൂക്കാ പൊയ്‌ലിക്കു നേടാൻ കഴിഞ്ഞത് വെറും നാലേ നാലു ഗെയിമുകൾ. 

ആറുവട്ടം ചാംപ്യനായ ജോക്കോവിച്ച് മെൽബൺ പാർക്കിലെ പെർഫെക്ട് സെമിഫൈനൽ റെക്കോർഡും ജയത്തോടെ നിലനിർത്തി (7–0). ഓസ്ട്രേലിയൻ ഓപ്പൺ സെമിചരിത്രത്തിലെ ജോക്കോവിച്ചിന്റെ ഏറ്റവും മികച്ച വിജയവും ഇതാണ്. 2013ൽ ഡേവിഡ് ഫെററെ 6-2, 6-2, 6-1നു തോൽപിച്ചതായിരുന്നു മുൻപത്തെ മികച്ച വിജയം. 15–ാം ഗ്രാൻസ്ലാം കിരീടവും റെക്കോർഡ് നേട്ടമായ ഏഴാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും ലക്ഷ്യമിട്ടാണ് സെർബിയൻ താരം നാളെ നദാലിനെ നേരിടുക. വനിതാ സിംഗിൾസിൽ ഇന്ന് നവോമി ഒസാകയും പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും. 

മുൻപ് 27 മൽസരങ്ങളിൽ ലൂക്കാ പൊയ്‌ലിയെ തോൽപിച്ചിട്ടുള്ള ജോക്കോവിച്ച് ഇത്തവണ തുറന്നാക്രമിക്കുകയാണു തുടക്കം മുതൽ ചെയ്തത്. കാര്യമായ പിഴവുകൾ പോലും ആ റാക്കറ്റിൽനിന്നുണ്ടായില്ല. അതേസമയം, കളി കൈവിട്ടെന്നു തിരിച്ചറിഞ്ഞു കളിച്ച ലൂക്കാ പൊയ്‌ലി 29 തവണ ഫൗൾ വഴങ്ങി.

5 മണിക്കൂർ 53 മിനിറ്റ്!

ഓസ്ട്രേലിയൻ ഓപ്പണിൽ 7 വർഷത്തിനു ശേഷമാണു ജോക്കോവിച്ചും നദാലും ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2012 ഫൈനലിൽ ജോക്കോവിച്ചായിരുന്നു ജേതാവ്. കളി നീണ്ടത് അഞ്ചു മണിക്കൂറും 53 മിനിറ്റും. ഗ്രാൻസ്ലാം ഫൈനലുകളുടെ തന്നെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ മൽസരമെന്ന റെക്കോർഡ് ഇതിനാണ്.