അജയ്യൻ, ജോക്കോവിച്ച്; നദാലിനെ വീഴ്ത്തി ഏഴാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം, ചരിത്രം

മെൽബൺ∙ ആവേശം തുളുമ്പുന്ന കലാശപ്പോരാട്ടങ്ങളിൽ എക്കാലവും കൂടെനിന്നിട്ടുള്ള മെൽബൺ പാർക്കിലെ അജയ്യ പരിവേഷം ഊട്ടിയുറപ്പിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. താരതമ്യേന ഏകപക്ഷീയമായിരുന്ന കലാശപ്പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം സ്പെയിനിന്റെ റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ഒന്നാം സീഡായ ജോക്കോവിച്ചിന്റെ കിരീടനേട്ടം. ആദ്യ സെറ്റു മുതൽ കളത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ജോക്കോവിച്ച്, 6–3, 6–2, 6–3 എന്ന സ്കോറിനാണ് നദാലിനെ വീഴ്ത്തിയത്.

കരിയറിലെ ഏഴാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച്, ആറു വീതം കിരീടങ്ങൾ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്സൺ, റോജർ ഫെഡറർ എന്നിവരെ മറികടന്നു. മാത്രമല്ല, ഗ്രാൻസ്‌ലാം കിരീടനേട്ടം 15 ആക്കി ഉയർത്തിയ മുപ്പത്തിയൊന്നുകാരനായ ജോക്കോവിച്ച്, ഇക്കാര്യത്തിൽ യുഎസ് താരം പീറ്റ് സാംപ്രസിനെ മറികടന്ന് മൂന്നാമതെത്തി. സമകാലികരായ റോജർ ഫെഡറർ (20), റാഫേൽ നദാൽ (17) എന്നിവർ മാത്രം മുന്നിൽ. കഴിഞ്ഞ വർഷത്തെ വിംബിൾഡൻ, യുഎസ് ഓപ്പൺ എന്നിവയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ ഓപ്പണും നേടിയ ജോക്കോവിച്ച്, ഹാട്രിക് പൂർത്തിയാക്കി.

വെള്ളിയാഴ്ച നടന്ന സെമിപോരാട്ടത്തിൽ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജോക്കോവിച്ച് ഫൈനലിൽ കടന്നത്. 6–0, 6–2, 6–2 എന്ന സ്കോറിനായിരുന്നു സെർബിയൻ താരത്തിന്റെ വിജയം. ആദ്യ സെമിയിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് നദാലിന്റെ ഫൈനൽപ്രവേശം. 6–2, 6–4, 6–0 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം.

ഓസ്ട്രേലിയൻ ഓപ്പണിൽ ഏഴു വർഷത്തിനുശേഷമാണ് നദാലും ജോക്കോവിച്ചും ഫൈനലിൽ ഏറ്റുമുട്ടിയത്. 2012ൽ നടന്ന കലാശപ്പോരിൽ ജോക്കോവിച്ചാണ് ജയിച്ചത്. കളിനീണ്ടത് അഞ്ചു മണിക്കൂറും 53 മിനിറ്റും. ഗ്രാൻസ്‍ലാം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈലിൽ എന്ന റെക്കോർഡ് ഇന്നും ആ മൽസരത്തിനാണ്.

ഗ്രാൻസ്‌ലാം വേദികളിൽ ഇരുവരും നേർക്കുനേർ എത്തിയിട്ടുള്ളത് 15 മൽസരങ്ങളിലാണ്. ഇതിൽ ഒൻപതു വിജയങ്ങളുമായി നദാലാണ് ഒന്നാമതുള്ളത്. ഇന്നത്തേത് ഉൾപ്പെടെ ജോക്കോവിച്ച് ആറു തവണ ജയിച്ചുകയറി. ഗ്രാൻസ്‍ലാം ഫൈനലുകളിൽ ഇരുവരും നാലു തവണ വീതം ജയിച്ചു.