ഇതാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറ; ലേലവില 20 കോടി രൂപ!

അടുത്തിടെ നടന്ന ലേലത്തില്‍ ഒരു ക്യാമറയുടെ വിറ്റു പോകുന്ന വിലയില്‍ റെക്കോഡിട്ടു. 1923ല്‍ പുറത്തിറക്കിയ 'ലൈക്ക-0-സീരിസ് നമ്പര്‍ 122' ( Leica 0-series no. 122) എന്ന മോഡല്‍ ഏകദേശം 20 കോടി രൂപയ്ക്കാണ് പോയത് (2.97 മില്ല്യന്‍ ഡോളര്‍). വിയന്നയിലാണ് ലേലം നടന്നത്. ഏഷ്യയില്‍ നിന്നുള്ള ഒരു സ്വകാര്യ വ്യക്തിയാണ് ലേലം പിടിച്ചത് എന്നു മാത്രമെ ഇപ്പോള്‍ അറിവുള്ളു.

വിരളമായ മോഡലാണ് എന്നതാണ് ഈ ക്യാമറയ്ക്ക് ഇത്രമാത്രം വില കിട്ടാന്‍ കാരണം. ആദ്യ ലൈക്ക ക്യാമറ ഔദ്യോഗികകമായി അനാവരണം ചെയ്യുന്നതിന് രണ്ടു വര്‍ഷം മുൻപാണ് ഇതു പുറത്തിറക്കയത്. ഇത്തരം വെറും 25 ക്യാമറകളേ പുറത്തിറക്കിയിട്ടുള്ളു എന്നതാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ ലൈക്ക ക്യാമറയുടെ പുകള്‍പെറ്റ നിര്‍മാണത്തികവിന്റെ വിളംബരം കൂടിയാണ് ഈ മോഡല്‍, പുറത്തിറക്കിയ കാലത്തേതു പോലെയൊക്കെത്തന്നെ ഇരിക്കുന്നു!

ക്യാമറയുടെ ലേല പേജു സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

ഇതിനു മുൻപുള്ള റെക്കോഡും ലൈക്കയ്ക്കു തന്നെയാണ്- Leica 0-സീരിസ് നമ്പര്‍. 116 ആണ് ആ മോഡല്‍. വിറ്റു പോയത് 2.16 മില്ല്യന്‍ യൂറോയ്ക്കാണ്. പഴയ ക്യാമറകളിലുള്ള ധന നിക്ഷേപം പൊതുവേ ലാഭകരമാണ് എന്നാണ് വിലയിരുത്തല്‍. സാധാരണ നിര്‍മാതാക്കളുടെയോ, സുലഭമായ മോഡലുകളോ വാങ്ങിയിട്ടു കാര്യമില്ല. പക്ഷേ, വിരളമായ മോഡലുകള്‍, പ്രത്യേകിച്ചും ലൈക്ക പോലെയുള്ള കമ്പനികളുടേത് ലഭിക്കുകയാണെങ്കില്‍ വാങ്ങിച്ചാല്‍ ലാഭം കൊയ്യാമെന്നാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത്. പഴയ ലൈക്ക ക്യാമറകള്‍ക്കു വില കൂടും എന്നൊരു പറച്ചില്‍ പോലുമുണ്ട്. എന്നാല്‍ ലോകത്ത് വലിയ സാമ്പത്തിക മാന്ദ്യമൊക്കെ ബാധിച്ചാല്‍ കാശു പോകുകയും ചെയ്യും.

കേരളത്തിലെ കാര്യം പറഞ്ഞാല്‍ 25 വര്‍ഷം പഴക്കമുള്ള, സുലഭമായ മോഡലുകള്‍ പോലും ആന്റിക് ലേബലില്‍ വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അറിഞ്ഞിരിക്കുക- പകിട്ടു കുറഞ്ഞതും, പഴക്കം തോന്നുന്നതുമായ മോഡലുകളെല്ലാം ആന്റിക് അല്ല. പലതും ആക്രി വിലയ്‌ക്കേയുള്ളു എന്നതാണ് സത്യം. നിര്‍മിച്ച കമ്പനിയും മോഡലിന്റെ പേരും ഇറക്കിയ വര്‍ഷവും ക്യാമറയുടെ കണ്ടിഷനും പഠിച്ച ശേഷം മാത്രമെ വാങ്ങാവൂ. എളുപ്പ മാര്‍ഗ്ഗം ഈ മോഡലിന് ഇബേയില്‍ എന്തു വിലയുണ്ടെന്നു നോക്കുകയാണ്.