'നൃത്തം വയ്ക്കും' ഫ്‌ളാഷുമായി ക്യാനൻ, ഇനി ഫ്‌ളാഷിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

പ്രൊഫഷണല്‍ DSLRകളില്‍ ഫ്‌ളാഷ് കാണാറില്ല എന്നതു കൂടാതെ, അങ്ങനെയുള്ളവയ്ക്ക് ശക്തിയും കാണില്ല. ബൗണ്‍സ് ഫ്‌ളാഷ് പോലത്തെ ഉപയോഗം നടക്കുകയും ഇല്ല. പലപ്പോഴും നല്ല ഫോട്ടോകള്‍ എടുക്കണമെങ്കില്‍ എക്‌സ്‌റ്റേണല്‍ ഫ്‌ളാഷ് കൂടിയെ തീരൂ. അങ്ങനെ വരുമ്പോള്‍ ഏതെങ്കിലും ഒരു എക്‌സ്റ്റേണൽ ഫ്‌ളാഷ് വാങ്ങി പണി തുടങ്ങുകയാണ് പല തുടക്കക്കാരും ചെയ്യുന്നത്. മുറിക്കുള്ളിലും മറ്റും വച്ച് ചിത്രങ്ങളെടുക്കുമ്പോള്‍ ഫ്‌ളാഷ് വെളിച്ചം വ്യാപിപ്പിക്കാനായി ചെയ്യുന്ന പരിപാടികളില്‍ ഒന്നാണ് ബൗണ്‍സ് ഫ്‌ളാഷ്. ഇതാകട്ടെ, തുടക്കക്കാര്‍ക്ക് അത്ര പരിചയവുമുണ്ടാവില്ല. ഇതിനൊരു പരിഹാരമായാണ് ലോകത്തെ ഏറ്റവും വലിയ ക്യാമറാ നിര്‍മാതാവായ ക്യാനന്‍ പുതിയ മോഡല്‍ ഫ്‌ളാഷ് അവതരിപ്പിച്ചത്. 470EX-AI സ്പീഡ്‌ലൈറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ ഫ്‌ളാഷിനെ നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. 

ബൗണ്‍സ് ഫ്‌ളാഷ് ടെക്‌നീക് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ് ബൗണ്‍സ് ആംഗിള്‍. ഇവിടെയാണ് പുതിയ ഫ്‌ളാഷ് അതിന്റെ വ്യത്യസ്തത വെളിവാക്കുന്നത്. ഇപ്പോള്‍ ക്യാമറയുടെ ലെൻസ് നോക്കുന്നിടം പ്രകാശമാനമാക്കാന്‍ നല്ലത് അടുത്ത ചുമരാണോ അതോ മച്ചാണോ എന്നൊക്കെ തീരുമാനമെടുക്കാനും അതനുസരിച്ച് ഫ്ലാഷ് ഹെഡ് സ്വയം ക്രമീകരിക്കാനും പുതിയ ഫ്‌ളാഷിനാകും. ക്യാനന്‍ പുറത്തുവിട്ട വിഡിയോ കാണാം.

ഫ്‌ളാഷ് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ മോഡ് ഉപയോഗിക്കാതെ സ്വന്തം ഇഷ്ടത്തിനും പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്‌ളാഷിന്റെ ഗൈഡ് നമ്പര്‍ 47 ആണ്. പ്രീ-ഫ്‌ളാഷുകള്‍ അയച്ചാണ് ഫ്‌ളാഷ് സ്വയം തീരുമാനങ്ങള്‍ എടുക്കുന്നത്. ഉചിതമായ അകലം കണ്ടുപിടിക്കാനാകുമെങ്കിലും ചുമരിന്റെയും മച്ചിന്റെയും നിറം വായിക്കാനുള്ള കഴിവ് ഫ്‌ളാഷിനില്ല. ബൗണ്‍സ് ഫ്‌ളാഷിന് നല്ലത് വെള്ള നിറമാണ്. മറ്റു പല നിറങ്ങളും ചിത്രം വികലമാക്കിയേക്കാം. ധാരാളം പോസ്റ്റ് പ്രൊസസിങ് നടത്തി മാത്രമെ പിന്നെ എന്തെങ്കിലും ചെയ്യാനാകൂ എന്നതിനാല്‍ ചുമരുകളുടെയും മറ്റും നിറം പരിഗണിച്ച ശേഷം മാത്രം ഫ്‌ളാഷിന്റെ ഓട്ടോ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക. പോര്‍ട്രെയ്റ്റ് മോഡിനും ലാന്‍ഡ്‌സ്‌കെയ്പ് മോഡിനും ചേരും വിധം സ്വയം ക്രമീകരിക്കാനും ഫ്‌ളാഷിനാകും.

24-105mm ആണ് ഫ്‌ളാഷിന്റെ കവറേജ്. സാധാരണ എക്‌സ്റ്റേണൽ ഫ്‌ളാഷുകള്‍ ചെയ്യുന്നതു പോലെ ഓട്ടോഫോക്കസ് അസിസ്റ്റ് പ്രകാശം അയച്ച് ക്യാമറയുടെ ഫോക്കസിങ് എളുപ്പത്തിലാക്കുകയും ചെയ്യും. ഫ്‌ളാഷിന് റേഡിയോ ട്രിഗര്‍ ഇല്ല. പക്ഷേ, ഒപ്ടിക്കല്‍ റിസീവറായി ഉപയോഗിക്കുകയും ചെയ്യാം. ഫ്‌ളാഷിന് വില 400 ഡോളറാണ്. 

വിലകുറഞ്ഞ ഫ്‌ളാഷുകള്‍ ചെറിയ വിലയ്ക്ക് വിപണിയിൽ കുമിഞ്ഞു കൂടിയിട്ടുണ്ടെങ്കിലും ക്യാമറാ നിര്‍മാതാക്കള്‍ തന്നെ ഇറക്കുന്ന ഫ്‌ളാഷുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഉചിതം.