സൂമിങ്ങില്‍ പുതു രാജാവ്; 3000mm ലേക്കു സൂം ചെയ്യാന്‍ നിക്കോണ്‍ P1000!

ക്യാമറകള്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഫീച്ചറുകളില്‍ ഒന്നാണ് അതിന്റെ സൂം. അകലെയുള്ളവരെ അടുത്തു കൊണ്ടുവരുന്നതു കാണുക എന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍, 'എത്ര മെഗാപിക്‌സല്‍ ക്യാമറയാണിത്' എന്നു ചോദിക്കുന്നതു പോലെ ഒരു കാലത്ത് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളെ പറ്റി ചോദിച്ചിരുന്നത് 'ഇതിന്റെ സൂം എത്രയാണ്?' എന്നായിരുന്നു. 

DSLR ഉപയോഗിക്കുന്നവര്‍ സൂമിനെക്കുറിച്ച് അങ്ങനെ ചിന്തിച്ച് തല പുകയ്ക്കാറില്ല. വളരെ റീച്ചുള്ള ടെലി ലെന്‍സ് ആണെങ്കില്‍ പോലും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറവായിരിക്കും. കാരണം നിക്കോണിന്റെ AF-S NIKKOR 800mm f/5.6E FL ED VR ലെന്‍സിന്റെ എംആര്‍പി 13,64950 രൂപയാണ്. നാലര കിലോയിലേറെ ഭാരമുള്ള ഈ ലെന്‍സും ഒരു ക്യാമറ ബോഡിയും ട്രൈപ്പോഡോ, മോണോപോഡോ പോലെയുള്ള അനുബന്ധ സാധനങ്ങളുമെല്ലാം കൊണ്ടു നടക്കുന്നതിലെ അപ്രായോഗികതയും പലരെയും ഇത്തരമൊരു ലെന്‍സ് വാങ്ങുന്നതില്‍ നിന്നു വിലക്കും. എന്നാല്‍, പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളുടെ സൂം സ്വപ്‌നം ഇപ്പോള്‍ അന്തമായി നീളുകയാണ്. 

ഒരു കാലത്ത് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്കു കൂടുതല്‍ സൂം നല്‍കുന്ന കാര്യത്തില്‍ ക്യാനനും നിക്കോണും തമ്മില്‍ മത്സരമുണ്ടായിരുന്നു. ഉദാഹരണത്തിന് ഈ വര്‍ഷം ക്യാനന്‍ അവരുടെ സൂപ്പര്‍ സൂം ക്യാമറയ്ക്ക് 600mm നല്‍കിയാല്‍ അടുത്ത വര്‍ഷം അതിനെ കവച്ചു വയ്ക്കുന്ന സൂമുമായി നിക്കോണ്‍ വരും. അങ്ങനെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍, ഇപ്പോള്‍ സൂപ്പര്‍ സൂം മേഖല നിക്കോണിന്റെ മാത്രം കുത്തകയായി തീര്‍ന്നിരിക്കുന്നുവെന്നു തോന്നുന്നു. ഇപ്പോള്‍ വില്‍പ്പനയിലുളള നിക്കോണ്‍ കൂള്‍പിക്‌സ് P900ന്റെ സൂം റെയ്ഞ്ച് 24-2000mm ആണ്. എന്നാല്‍, കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൂള്‍പിക്‌സ് P1000ന്റെ സൂം റെയ്ഞ്ച് 24-3,000mm ആണ്. ഇനി ഇതും പോര എന്നുള്ളവര്‍ക്ക് ഡൈനാമിക് ഫൈന്‍ സൂം ഉപയോഗിച്ചാല്‍ 6,000mmലേക്ക് എത്താം! അതും പോരാ എന്നുള്ളവര്‍ക്ക് 4x ഡിജിറ്റല്‍ സൂം ഉപയോഗിച്ചാല്‍ 12,000mm ല്‍ എത്താം. ഈ സംഖ്യകളൊന്നും ഏതാനും വര്‍ഷം മുൻപ് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലായിരുന്നു. ഈ ക്യാമറ തീരെ ചെറുതല്ല. 1.4 കിലോഗ്രാം ഭാരവും സാധാരണ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളെക്കാളേറെ വലിപ്പവും ഉള്ളതാണ് ഇത്. 

P1000 മോഡലിന് 16MP, 1/2.3 സെന്‍സറാണ് നിക്കോണ്‍ പിടിപ്പിച്ചിരിക്കുന്നത്. മുന്‍ മോഡലായ P900 ടെസ്റ്റു ചെയ്ത പലര്‍ക്കും അത് പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായി തോന്നി. എന്നാല്‍, അവര്‍ പ്രധാനമായി എടുത്തു കാട്ടിയ കുറവുകളിലൊന്ന് റോ (RAW) ചിത്രങ്ങള്‍ എടുക്കാനാവില്ല എന്നതായിരുന്നു. അത് നിക്കോണ്‍ പുതിയ മോഡലില്‍ പരിഹരിച്ചിട്ടുണ്ട്. ISO റെയ്ഞ്ച് 100-6400 ആണ്. സെക്കന്‍ഡില്‍ 7 ഫ്രെയിം ഷൂട്ടു ചെയ്യാം. എന്നാല്‍ ഒരു സമയത്ത് 7 ഫോട്ടോ മാത്രമേ എടുക്കാനാകൂ. അതു കഴിഞ്ഞ് ബഫര്‍ ക്ലിയര്‍ ആയതിനു ശേഷം മാത്രമെ വീണ്ടും ഷൂട്ടു ബേസ്റ്റ് ഷൂട്ടിങ് നടത്താനൊക്കൂ.

ഇത്ര വലിയ സൂം ഇറങ്ങിവന്ന് എപ്പോള്‍ ഒരു പക്ഷിയെ ഷൂട്ടു ചെയ്യാനാകുമെന്നു കരുതുന്നവര്‍ക്കായി ക്യാമറയില്‍ ചെറിയൊരു അദ്ഭുതം ഒരുക്കിയിട്ടുണ്ട്. ക്യാമറയുടെ ഡയലില്‍ ബേഡ് പൊസിഷന്‍/മൂണ്‍ പൊസിഷന്‍ ഉണ്ട്. വിവിധ പൊസിഷനുകളില്‍ തിരിച്ചുവച്ചു ഷൂട്ടു ചെയ്യാവുന്ന എല്‍സിഡി സ്‌ക്രീനും ഉണ്ട്. ടച്ച് സ്‌ക്രീനാണിത്. 

4k/30p, 1080p/60p യാണ് പരമാവധി വിഡിയോ ശേഷി. ഇതും ഈ ക്യാമറ ലക്ഷ്യം വയ്ക്കുന്ന ഷൂട്ടര്‍മാര്‍ക്ക് മികച്ച അനുഭവം പകര്‍ന്നേക്കും. വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ക്യാമറയെ ആകര്‍ഷകമാക്കുന്നു. ലെന്‍സിന്റെ അപേര്‍ച്ചര്‍ f/2.8-8 ആണെന്നത് കൂടിയ ഫോക്കല്‍ ലെങ്തില്‍ വെളിച്ചക്കുറവുള്ള സമയത്തുള്ള ഷൂട്ടിങ്ങിന് ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു പരിമിതിയായിരിക്കും. നിരവധി പിക്ചര്‍ കണ്ട്രോളുകളും നല്‍കിയിരിക്കുന്നതിനാല്‍ തുടക്കക്കാര്‍ക്കും പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. 

സൂമും അപേര്‍ച്ചറും ISOയും അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകുന്ന പുതിയ ഒരു റിമോട്ട് കണ്ട്രോളും (ML-L7 ) നിക്കോണ്‍ പുറത്തിറക്കിയിട്ടുണ്ട്. ക്യാമറയെ കുറിച്ച് വേണ്ടതെല്ലാം അറിയാനും, ക്യാമറയില്‍ പകര്‍ത്തി സാംപിള്‍ ചിത്രങ്ങളും വിഡിയോയും കാണാനും ഈ ലിങ്ക് ഉപയോഗിക്കുക.