‘സോണിക് ബൂം’ സൃഷ്ടിച്ച് പോർവിമാനങ്ങൾ, ഭയന്നു വിറച്ച് ജനം!

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡോർസെറ്റ് പ്രദേശത്തു കൂടി താഴ്ന്നു പറന്ന യുഎസ് റോയർ എയർഫോഴ്സ് പോർ വിമാനങ്ങൾ സൃഷ്ടിച്ച ശബ്ദാഘാതത്തിൽ (സോണിക് ബൂം) നഗരം നടുങ്ങി. കെട്ടിടങ്ങൾ കുലുങ്ങുകയും ബോംബ് വീഴുന്നതു പോലെ തോന്നുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി. ഡിസംബർ 12നാണ് സംഭവം. അപ്രതീക്ഷിതമായി സംഭവിച്ച ഈ പ്രതിഭാസം നിമിഷ നേരത്തിനുള്ളില്‍ തന്നെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ചർച്ചയായി. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല.

ഗില്ലിംഗ്ഹാം പ്രദേശത്തുള്ളവരാണ് കാര്യമായി ഭയന്നത്. ഇവരുടെ ഭീതിയും ആശങ്കകളും ഫെയ്സ്ബുക്, ട്വിറ്റർ പോസ്റ്റുകളിൽ കാണാം. സമീപത്ത് എവിടെയോ ബോംബ് വീണെന്നാണ് ചിലർ കരുതിയത്. വീടിന് മുകളിൽ എന്തോ ലാൻഡ് ചെയ്തതു പോലെ തോന്നിയെന്നാണ് മറ്റുചിലർ പറഞ്ഞത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ പ്രദേശത്തുകാരുടെ ചർച്ച തീർന്നിട്ടില്ല.

അവസാനം യുഎസ് റോയൽ എയർഫോഴ്സ് വക്താവ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. എഫ്-15ഇ സ്ട്രൈക്ക് ഈഗിൾസ് വിമാനങ്ങൾ പ്രദേശത്ത് പരിശീലനം നടത്തിയിരുന്നുവെന്നും ഇതാണ് സോണിക് ബൂം ശബ്ദത്തിന് കാരണമെന്നും അറിയിച്ചു.

സോണിക് ബൂം

മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. മണിക്കൂറിൽ 1300 കിലോമീറ്റർ വേഗത്തിൽ 22,000 അടിക്ക് മുകളിലൂടെ പറന്നപ്പോഴാണ് ഡോർസെറ്റ് പ്രദേശത്ത് വിചിത്ര ശബ്ദം കേൾക്കാൻ കാരണമായത്.