ഫ്ലിപ്കാര്‍ട്ട് ഓഫർ: 99 രൂപയ്ക്ക് ഫോൺ തകർന്നാലും മാറ്റിതരും, എങ്ങനെ?

ആശിച്ചു വാങ്ങുന്ന സ്മാര്‍ട് ഫോണുകള്‍ നിലത്തുവീണ് സ്‌ക്രീന്‍ ഉടയുന്നത് പലര്‍ക്കും ഹൃദയഭേദകമാണ്. സ്‌ക്രീന്‍ മാറ്റണമെന്നു വച്ചാലോ നല്ല പൈസയും നല്‍കണം. അത്തരം പേടിയുള്ളവര്‍ക്ക് ഒരു അനുഗ്രഹമാകാന്‍ സാധ്യതയുള്ള പ്ലാനാണ് ഫ്ലിപ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഫോണുകള്‍ വാങ്ങുമ്പോള്‍ തന്നെ 99 രൂപയുടെ പ്ലാനിൽ ചേരുക എന്നതാണ് ഓഫര്‍. ഹാന്‍ഡ്‌സെറ്റിന്റെ വിലയനുസരിച്ച് ഇതു വര്‍ധിക്കും.

ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഫര്‍ പ്രകാരം വാങ്ങുന്ന എല്ലാ ഫോണുകൾക്കും കംപ്ലീറ്റ് മൊബൈൽ പ്രൊട്ടക്‌ഷൻ ലഭിക്കും. നിങ്ങളുടെ ഫോണ്‍ താഴെ വീണ് സ്‌ക്രീന്‍ തകര്‍ന്നതാണ് എന്നു ഫ്‌ളിപ്കാര്‍ട്ടിനെ ബോധ്യപ്പെടുത്താനായാല്‍ 99 രൂപയിൽ തുടങ്ങുന്ന പ്ലാൻ എടുത്തിട്ടുണ്ടെങ്കിൽ ഫോൺ മാറ്റിതരുകയോ ഫ്രീയായി പ്രശ്നങ്ങൾ പരിഹരിച്ചു തരികയോ ചെയ്യും. ഇന്നു ഫോണ്‍ വാങ്ങിയിട്ട് നാളെ പ്ലാന്‍ എടുക്കാമെന്നു വച്ചാല്‍ കിട്ടില്ല. കുറഞ്ഞ മോഡലുകള്‍ക്ക് (ഗ്യാലക്സ് ഓൺ6, സെൻഫോൺ മാക്സ് പ്രോ, സെൻഫോൺ 5ഇസഡ്) 99 രൂപയാണ് ഇതിനു നല്‍കേണ്ടത്. 

ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ താഴെവീണ് സ്‌ക്രീന്‍ തകരുകയാണെങ്കില്‍ ഉപയോക്താവിന് ഫ്ലിപ്കാർട്ടിലെ ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതി ബുക്ക് ചെയ്യാം. ഡോർ ടു ഡോർ സർവീസാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഫോൺ കേടുവന്നാൽ പത്തു ദിവസത്തിനകം ശരിയാക്കി നൽകുമെന്നാണ് വാഗ്ദാനം.