ക്യാമറകൾക്ക് മുന്നിൽ ആശയങ്ങളുടെ ആശാൻ പുഞ്ചിരിച്ചു, ഇത് ‘ഭ്രാന്തൻ’ ആശയത്തിന്റെ വിജയം

ലോകത്തിൽ നിലവിലുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൻ ‘ഹെവി’, സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. കേപ്പ് കാനവറലിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. കാലാവസ്ഥ, സാങ്കേതിക പ്രശ്നങ്ങൾ മൂലം പലതവണ മാറ്റിവച്ച വിക്ഷേപണം, ഇന്നലെ പുലർച്ചയോടെ വിജയകരമായി നടത്തി. 16,800 കിലോഗ്രാം ഭാരം ചൊവ്വയിലെത്തിക്കാൻ ശേഷിയുള്ളതാണു റോക്കറ്റ്. 

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണു സ്പേസ് എക്സ്. കമ്പനിയുടെ വിശ്വസ്ത റോക്കറ്റായ ഫാൽക്കൻ–9ന്റെ പരിഷ്കൃത രൂപമാണു ഹെവി. 50 കോടി യുഎസ് ഡോളർ ചെലവിൽ നിർമിച്ച ഹെവിയുടെ വിജയം അന്യഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ കുതിപ്പിന്റെയും കുടിയേറ്റത്തിന്റെയും തുടക്കമാകുമെന്നാണു വിലയിരുത്തൽ. ഇക്കൊല്ലം ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള കമ്പനിയുടെ പദ്ധതികൾക്കും 2020ലെ ചൊവ്വാ പര്യവേക്ഷണത്തിനും ഹെവി മുതൽക്കൂട്ടായേക്കും.

ചെറിയ പോരായ്മകൾ‌

വിക്ഷേപണത്തിനിടെ ചെറിയ പോരായ്മകൾ ഉടലെടുത്തിരുന്നു. റോക്കറ്റിലെ എല്ലാ ബൂസ്റ്ററുകളും ഭൂമിയിൽ തിരികെയെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, മധ്യഭാഗത്തെ ബൂസ്റ്റർ‌ കടലിൽ‌വീണു നശിച്ചു. റോക്കറ്റിൽ പേ ലോഡായി വഹിക്കപ്പെട്ട ‘ടെസ്‌ല റോഡ്സ്റ്റർ ’ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യവും പിഴച്ചു. അവസാനഘട്ട ജ്വലനത്തിന്റെ തീവ്രത കൂടിയതിനാൽ, കാർ ഭ്രമണപഥം കടന്നു ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേയുള്ള ഛിന്നഗ്രഹമേഖലയിലേക്കു പ്രവേശിച്ചു. 

ചന്ദ്രനിലേക്കു വിനോദയാത്ര

യുഎസ് സൈന്യമായിരിക്കും ഫാൽക്കൻ ഹെവി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഉയർന്ന വലുപ്പവും ശേഷിയുമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സൈന്യത്തിന് അവസരമൊരുങ്ങും. സ്പേസ് എക്സ് ലക്ഷ്യംവയ്ക്കുന്ന ചന്ദ്രനിലേക്കുള്ള വിനോദയാത്രയിൽ ഹെവി ഉപയോഗിക്കപ്പെടുമെന്നാണു സൂചന. ചൊവ്വയിലേക്കു വ്യക്തമായ പദ്ധതികളുള്ള കമ്പനിയാണു സ്പേസ് എക്സ്. 2020ൽ കമ്പനി തുടങ്ങുമെന്നു കരുതുന്ന ചൊവ്വയിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റ പദ്ധതിയിലും ഫാൽക്കൻ ഹെവി നിർണായകമാകും. 

ആകാശം താണ്ടിയ റോഡ്സ്റ്റർ

ഉപഗ്രഹത്തിനു പകരം ഫാൽക്കൻ ഹെവി വഹിച്ചുകൊണ്ടു പോയ ടെസ്‌ല റോഡ്സ്റ്ററിന്റെ ഡ്രൈവറായതു ‘സ്റ്റാർമാൻ’ എന്ന പാവ. യാത്രയുടെ വിഡിയോ ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ട്. ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ട കാർ, ദിശതെറ്റിയതിനാൽ എവിടെച്ചെന്നു നിൽക്കും എന്ന സംശയം മാത്രം ബാക്കി. 

1305 കിലോ ഭാരം വരുന്ന കാറിനൊപ്പം 6000 സ്പേസ് എക്സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് ഐസക് അസിമോവിന്റെ കൃതികളുടെ ഡിജിറ്റൽ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ സർക്യൂട്ട് ബോർഡിൽ ‘ഇതു നിർമിച്ചതു മനുഷ്യരാണ്’ എന്നുള്ള സന്ദേശവും കാണാം.

ഈ വിജയം മറ്റു രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കും

ഈ വിജയം മറ്റുള്ള രാജ്യങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കുമെന്നു ഞാൻ വിചാരിക്കുന്നു. സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിക്കു പൂർണമായും സ്വന്തം പണം ഉപയോഗിച്ച് ഇതു ചെയ്യാമെങ്കിൽ മറ്റുള്ളവർക്കും സാധിക്കും. നമുക്കു പുതിയ ബഹിരാകാശ മൽസരം വേണം. അതു വളരെ രസകരമാകുമെന്ന് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക് പറഞ്ഞു.

ബഹിരാകാശമൽസരം: സ്പേസ്എക്സിന് പുതിയ കരുത്ത്

അമേരിക്കൻ ബഹിരാകാശദൗത്യങ്ങളുടെ ഈറ്റില്ലമായ കേപ് കാനവറൽ ഒരു നിമിഷം പ്രകമ്പനം കൊണ്ടു. കെന്നഡി സ്പേസ് സെന്ററിന്റെ വിക്ഷേപണത്തറയിൽ  സൂര്യൻ ഉദിച്ചതു പോലെ ഗംഭീരമായ ജ്വലനം. ഒന്നാം സ്റ്റേജ് ബൂസ്റ്റർ റോക്കറ്റിന്റെ പ്രവർത്തനം സൃഷ്ടിച്ച ഇരമ്പലിന്റെയും കാണികളുടെ കരഘോഷത്തിന്റെയും അകമ്പടിയോടെ ‘ഫാൽക്കൻ ഹെവി’ എന്ന കരുത്തൻ ബഹിരാകാശത്തേക്ക് യാത്ര തുടങ്ങിയപ്പോൾ പിറന്നതു ബഹിരാകാശചരിത്രത്തിലെ പുതിയ ഒരേട്. ഒപ്പം ഉയർന്നത് സ്പേസ് എക്സ് എന്ന കമ്പനിയുടെ വളർച്ചയുടെ ഗ്രാഫും. 

സ്പേസ് റേസിനു തയാറെന്ന് സാക്ഷാല്‍ ഇലോണ്‍  മസ്ക് പ്രഖ്യാപിച്ചതോടെ ബഹിരാകാശ മൽസരം വീണ്ടും അമേരിക്കയിൽ ഊർജിതമായിരിക്കുകയാണ്. സ്പേസ് എക്സിന്റെ വിജയത്തോടെ ബോയിങ് – ലോക്ഹീഡ് മാർട്ടിൻ സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയൻസ്, അരിയാനെ സ്പേസ് തുടങ്ങിയ കമ്പനികൾക്കു മേൽ സമ്മര്‍ദം ഏറിയിട്ടുണ്ട്.

നാസ എവിടെ ?  

വിക്ഷേപണത്തിന്റെ പകിട്ടിൽ സ്പേസ് എക്സ് നിൽക്കുമ്പോൾ നാസ എന്തു കൊണ്ട് ഇതു ചെയ്യുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി സ്വകാര്യ കമ്പനികളെ വിക്ഷേപണത്തിൽ ഉൾപ്പെടുത്തിയാണ് നാസയുടെ പ്രവർത്തനം. ചെലവ് ക്രമാതീതമായി കുറയ്ക്കാൻ ഇതുവഴി കഴിയും. 

എന്നാൽ ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് നാസയുടെ ആയുധപ്പുരയിൽ ഒരുങ്ങുന്നുണ്ട്. സ്പേസ് ലോഞ്ച് സിസ്റ്റം എന്ന ഈ റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിന് 100 കോടി ഡോളർ ചെലവ് വരുമെന്നു  കരുതുന്നു. 

ചെലവ് കുറവ്, ഗുണം മെച്ചം  

ഒരു വിക്ഷേപണത്തിന് ഒൻപതു കോടി യുഎസ് ഡോളറാണ് ഫാൽക്കൻ ഹെവിക്ക് ചെലവു വരികയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത്രയ്ക്ക് ശേഷിയുള്ള മറ്റൊരു റോക്കറ്റിനു വിക്ഷേപണത്തിന് ചെലവാകുന്നതിന്റെ മൂന്നിലൊന്നു മാത്രമാണിത്. എന്നാൽ  ഫാൽക്കൻ ഹെവിയുടെ നിർമാണത്തിന് ചെലവു കുറവാണെന്ന് ഇതിനർഥമില്ല. സൗരയൂഥത്തിന്റെ ഏറ്റവും അറ്റത്തുള്ള പ്ലൂട്ടോയിലേക്കു പോലും ഫാൽ‌ക്കൻ ഹെവിക്ക് വിക്ഷേപണം സാധ്യമാണെന്നു മസ്ക് പറയുന്നു. ഭീമൻ ഉപഗ്രഹങ്ങളെയും ഇതു വഴി വിക്ഷേപിക്കാൻ സാധിക്കും. 

ആശയങ്ങളുടെ ആശാൻ 

സ്വപ്നങ്ങൾക്കപ്പുറത്തുള്ള സ്വപ്നങ്ങളുണ്ടെങ്കിൽ അതായിരിക്കും ഇലോൺ മസ്ക് കാണുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇന്നലത്തെ വിക്ഷേപണത്തിൽ ടെസ്‌ല റോഡ്സ്റ്റർ എന്ന ആരും കൊതിക്കുന്ന കാർ എന്തിനു ബഹിരാകാശത്തേക്ക് അയച്ചു എന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്. ഇതും ഇലോൺ മസ്കിന്റെ ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണു പലരും പറയുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ പരസ്യം. ബഹിരാകാശത്ത് പോയ എത്ര കാറുകളുണ്ട്?

ബഹിരാകാശമൽസരത്തിലെ മുന്നണിക്കളിക്കാരൻ താൻ തന്നെയാകും എന്ന  എല്ലാ സൂചനകളും മസ്ക് നൽകുന്നുണ്ട്. മൂന്നു തവണ വിക്ഷേപണം മുടങ്ങിയപ്പോഴും പദ്ധതി ഉപേക്ഷിക്കാൻ സ്പേസ് എക്സ് നിർബന്ധിതമായി. എന്നാൽ അപ്പോഴും മസ്ക് പുലർത്തിയ ആർജവം കളിക്കളത്തിലേക്ക് സ്പേസ് എക്സിനെ തിരികെ കൊണ്ടുവരികയായിരുന്നു. അതെ, ലോക ബഹിരാകാശ ഏജൻസികളെ പോലും ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ഫ്ലോറിഡയിലിരുന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പുഞ്ചിരിതൂകുന്ന ചിത്രം ലോകത്തിനു നൽകുന്നത് വൻ പ്രതീക്ഷകളാണ്.