ഭൂമിയെപോലെ ജീവനുള്ള രണ്ടു ഗ്രഹങ്ങൾ, ചെടികളും വെള്ളവും കണ്ടേക്കാം

അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ? കാലങ്ങളായുള്ള മനുഷ്യന്റെ ചോദ്യമാണ്? കൃത്യമായി ഉത്തരം ലഭിക്കാത്ത ആ ചോദ്യത്തിനു പിന്നാലെ നിരവധി ശാസ്ത്രജ്ഞര്‍ ഇപ്പോഴുമുണ്ട്. അത്തരത്തിലുള്ള ഒരു ശാസ്ത്രസംഘം ഭൂമിയെപോലെ ജീവന്‍ കാണാന്‍ സാധ്യതയുള്ള രണ്ട് ഗ്രഹങ്ങളെ കൂടി കണ്ടെത്തിയിരിക്കുന്നു. 

ഭൂമിയില്‍ നിന്നും 500ഉം 1200ഉം പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് കണ്ടെത്തിയിരിക്കുന്ന ഗ്രഹങ്ങള്‍. 500 പ്രകാശവര്‍ഷം മാത്രം അകലെയുള്ളത് കെപ്ലര്‍ 186എഫ് എന്ന് പേരിട്ടിരിക്കുന്ന ഗ്രഹമാണ്. ഒരു നക്ഷത്രത്തിന് ചുറ്റും വലം വെക്കുന്ന ഈ കെപ്ലര്‍ 186 എഫിന് ഏകദേശം ഭൂമിയുടേതിന് സമാനമായ വലപ്പമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് ജീവന്‍ കാണപ്പെടാന്‍ സാധ്യതയുള്ള ഏറ്റവും അനുയോജ്യമായ പ്രദേശത്ത് കണ്ടെത്തിയ ഗ്രഹമാണിത്. 

ഭൂമിയില്‍ നിന്നും 1200 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 62 എഫ് എന്ന രണ്ടാമത്തെ ഗ്രഹത്തിലും ജീവനുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ പുതിയ പഠനം അവകാശപ്പെടുന്നത്. ഈ രണ്ട് ഗ്രഹങ്ങളിലും ഏകദേശം ഭൂമിയിലേതിന് സമാനമായ കാലാവസ്ഥയാണെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനിയുടെ സഹായത്തിലായിരുന്നു പഠനം. 

ഭൂമിയേക്കാള്‍ പത്ത് ശതമാനത്തോളം വലിപ്പക്കൂടുതലുള്ള കെപ്ലര്‍ 186 എഫില്‍ സമുദ്രങ്ങളും ചെടികള്‍ പോലും കണ്ടാലും അദ്ഭുതപ്പെടാനില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിയിലേതുപോലുള്ള നിറങ്ങളിലായിരിക്കില്ല അവിടെയുള്ള ചെടികളും വെള്ളവും മേഘവുമെല്ലാം. അടുത്തുള്ള നക്ഷത്രത്തില്‍ നിന്നു വരുന്ന പ്രകാശത്തിന്റെ സ്വാധീനത്തില്‍ ചെടികള്‍ മഞ്ഞ നിറത്തിലും വെള്ളവും മേഘങ്ങളുമെല്ലാം കൂടുതല്‍ ഓറഞ്ച് കലര്‍ന്ന നിറത്തിലുമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 130 ദിവസം കൂടുമ്പോള്‍ 186 എഫ് അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുന്നു. മറ്റൊരു പ്രധാന സവിശേഷത ഈ ഗ്രഹത്തില്‍ ഓരോ ദിവസത്തിലും ഏറ്റവും വെളിച്ചമുള്ള സമയം വൈകുന്നേരത്തോടടുപ്പിച്ചാകുമെന്നതാണ്. 

വലിപ്പത്തിനും നക്ഷത്രത്തില്‍ നിന്നുമുള്ള ദൂരത്തിനുമൊപ്പം ഗ്രഹങ്ങള്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതിലെ ചെരിവും ഗവേഷകര്‍ കണക്കിലെടുത്തിട്ടുണ്ട്. ഗ്രഹങ്ങളിലെ കാലാവസ്ഥകളില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് ഈ ചെരിവ് ചെലുത്തുക. ഇതിലൊരു കാരണം നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം ഗ്രഹത്തിന്റെ എവിടെയെല്ലാം വീഴുമെന്ന് തീരുമാനിക്കുന്നത് ഈ ചെരിവാണെന്നതാണ്. 

കെപ്ലര്‍ 186എഫിന് ഏകദേശം ഭൂമിക്ക് സമാനമായ ചെരിവാണെന്നും കണ്ടെത്തിയിട്ടുണ്ട്. താരതമ്യേന സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കും ഈ ഗ്രഹത്തിലെന്നാണ് പ്രതീക്ഷിക്കുന്നത്. വാസയോഗ്യമായ പ്രദേശത്തില്‍ പെട്ടതായിട്ടും ഒരിക്കല്‍ വെള്ളം വരെയുണ്ടായിട്ടും ഇന്ന് പുല്ലു കിളിര്‍ക്കാത്ത തരിശ് മരുഭൂമിയായി ചൊവ്വ മാറിയതിന് പിന്നില്‍ സ്വന്തം അച്ചുതണ്ടിലെ ചെരിവ് കൂടുതലായതാണെന്നാണ് കരുതുന്നത്. 

പൂജ്യം മുതല്‍ 60 ഡിഗ്രിവരെയാണ് ചൊവ്വയുടെ അച്ചുതണ്ടിലെ ചെരിവ്. ചൊവ്വയുടെ അന്തരീക്ഷം നശിച്ചതിനും വെള്ളം മുഴുവനായി ആവിയായി പോയതിനും പിന്നില്‍ ഈ ചെരിവാണെന്നാണ് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഗോണ്‍ജി ലി പറയുന്നത്. 

ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് 22.1 ഡിഗ്രി മുതല്‍ 24.5ഡിഗ്രി വരെയാണ്. ഓരോ പതിനായിരം വര്‍ഷം കൂടുമ്പോഴും ഭൂമിയുടെ ഈ ചെരിവ് ഒരുഭാഗത്തുനിന്നും മറ്റേ ഭാഗത്തേക്ക് മാറുകയും ചെയ്യുന്നുണ്ട്. ഭൂമിയെ കാര്യമായ ചെരിവില്ലാതെ പിടിച്ചു നിര്‍ത്തുന്നതില്‍ ഉപഗ്രഹമായ ചന്ദ്രനും വലിയ പങ്കുണ്ട്. ഇത്തരമൊരു ഉപഗ്രഹമില്ലാത്തതും ചൊവ്വയെ കൂടുതല്‍ കുഴപ്പത്തിലാക്കി. 

കെപ്ലര്‍ 186 എഫിനും 62എഫിനും ചന്ദ്രനു സമാനമായ ഉപഗ്രഹങ്ങളില്ലെങ്കിലും അവയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള ചെരിവ് തുലോം കുറവാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി അത് തുടരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് ഈ ഗ്രഹങ്ങള്‍ അന്യഗ്രഹ ജീവനുള്ള അന്വേഷണത്തില്‍ പ്രധാന സാധ്യതകളായി മുന്നോട്ടു വരുന്നതും.