മനുഷ്യനില്ലാത്ത ഭൂമിയിൽ സൂക്ഷ്മജീവികളുടെ ‘ നിലവറ’; ഇടം തേടി ഗവേഷകർ

ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ മാറി നോർവെയിലെ മഞ്ഞുമൂടിയ ഒരു ദ്വീപിലാണ് ലോകത്തിന്റെ ‘വിത്തുകലവറ’ സ്ഥിതി ചെയ്യുന്നത്. പേരുപോലെത്തന്നെ ലോകത്തിലെ എല്ലാ ചെടികളുടെയും വിത്തുകള്‍ ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ജനിതക ബാങ്കുകളിലും പലതരം വിത്തുകൾ സൂക്ഷിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ അവിടങ്ങളിലെ വിത്തുകൾ നശിച്ചാൽ പകരം നൽകാനുള്ള സംവിധാനമാണ് ‘സീഡ് വോൾട്ട്’ എന്നറിയപ്പെടുന്ന, നോർവെയ്ക്കും ഉത്തരധ്രുവത്തിനും ഇടയിലുള്ള ഈ കേന്ദ്രം. ബൈബിളിലെ നോഹയുടെ പേടകത്തിന്റെ മറ്റൊരു രൂപമെന്നു പറയാം. 

എന്നാൽ വിത്തുകൾക്കു മാത്രമല്ല മനുഷ്യശരീരത്തിലെ സൂക്ഷ്മജീവികൾക്കു വേണ്ടിയും ഒരു ‘നോഹയുടെ പേടകം’ നിർമിക്കാനുള്ള തീരുമാനത്തിലാണു ഗവേഷകർ. ശരീരത്തിലെ ബാക്ടീരിയ, വൈറസ്, ഫംഗൈ തുടങ്ങി സൂക്ഷ്മാണുക്കളെയെല്ലാം മൊത്തത്തിൽ ‘മൈക്രോബയോട്ട’ എന്നാണു വിശേഷിപ്പിക്കുന്നത്. ഇവയെല്ലാം ചേർന്നാണു മനുഷ്യന്റെ ‘മൈക്രോബയോം’ എന്നറിയപ്പെടുന്നത്. ഇതിൽ ഉൾപ്പെട്ട സൂക്ഷ്മജീവികളുടെ ഡേറ്റബേസ് തയാറാക്കാനാണു വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷകർ ശ്രമിക്കുന്നത്. ‘മൈക്രോബയോട്ട വോൾട്ട്’ എന്നാണ് ഈ നിലവറയ്ക്കു ഗവേഷകർ നൽകിയിരിക്കുന്ന പേര്. 

പദ്ധതിയുടെ ആദ്യഘട്ടത്തിൽ‍ ലോകത്തിലെ ഒറ്റപ്പെട്ട ജനസമൂഹങ്ങളിലെ മൈക്രോബയോട്ടയാണു ഗവേഷകരുടെ ലക്ഷ്യം. പ്രത്യേകിച്ച് ലാറ്റിനമേരിക്ക, ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങളിൽ നിന്ന്. ഇവ ഏറെ സുരക്ഷിതമായ, രാഷ്ട്രീയ പ്രശ്നങ്ങളൊന്നുമില്ലാത്ത, ദുരന്തങ്ങൾ കാര്യമായി ബാധിക്കാത്ത ഒരു കേന്ദ്രത്തിലായിരിക്കും സൂക്ഷിക്കുക. എന്നാൽ നിലവറ എവിടെ നിർമിക്കുമെന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. എന്താണ് ഇത്തരമൊരു നിലവറയുടെ ആവശ്യം? ഇപ്പോൾത്തന്നെ സമയം വൈകിയെന്നാണു ഗവേഷകര്‍ പറയുന്നത്. കാരണം മനുഷ്യശരീരത്തിലെ പല സൂക്ഷ്മജീവികൾക്കും അതിവേഗമാണു പരിണാമം സംഭവിക്കുന്നത്. അവയുടെ രൂപവും സ്വഭാവവിശേഷങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. അതിനു മുന്നോടിയായി പരമാവധി വിവരങ്ങൾ ശേഖരിച്ച് അവയെ സംരക്ഷിക്കണം. ഭാവിയിൽ വരാനിരിക്കുന്ന വിവിധ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതാണ് ഇത്തരമൊരു ശേഖരണത്തിന്റെ മറ്റൊരു ലക്ഷ്യം. 

മനുഷ്യനൊപ്പം തന്നെയാണ് അവരുടെ ശരീരത്തിലെ സൂക്ഷ്മാണുക്കളും ദശലക്ഷക്കണക്കിനു വർഷം കൊണ്ട് രൂപാന്തരണം സംഭവിച്ചെത്തിയത്. അവയാണു ഭക്ഷണം ദഹിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും രോഗാണുക്കൾക്കെതിരെ പോരാടാനും ശരീരത്തെ സഹായിക്കുന്നത്. എന്നാൽ രോഗപ്രതിരോധ ശേഷി കുറയുകയും മറ്റു ശാരീരിക പ്രശ്നങ്ങളും കാരണം ഏതാനും തലമുറകളിൽ നിന്നു പല സൂക്ഷ്മജീവികളും ഇല്ലാതായിപ്പോയിട്ടുണ്ടെന്നതാണു സത്യം. വ്യവസായ വിപ്ലവത്തിനു ശേഷം ഭക്ഷണരീതിയിലും കുടിവെള്ളത്തിലും വന്ന മാറ്റവും പാരിസ്ഥിക മാറ്റങ്ങളും വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകളും മരുന്നുകളുമെല്ലാം മൈക്രോബയോട്ടയുടെ ഒരു വലിയ ഭാഗം തന്നെ അപ്രത്യക്ഷമാകാനിടയാക്കിയിട്ടുണ്ട്. 

ശരീരത്തെ സംരക്ഷിക്കുന്ന സൂക്ഷ്മജീവികളില്ലാത്തതിനാൽ പലതരം രോഗാണുക്കളും ശരീരത്തിലേക്കു കടന്നുകൂടിയിട്ടുമുണ്ട്. ഇത്തരത്തിൽ ഏതെല്ലാം ജനവിഭാഗങ്ങളിൽ നിന്ന് അവർക്കാവശ്യമായ സൂക്ഷ്മാണുക്കൾ നഷ്ടമായി എന്നറിയുകയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അത്തരത്തിലുണ്ടായ നഷ്ടം ശരീരത്തെ എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കേണ്ടതുണ്ട്. ഇന്നും ആധുനിക മരുന്നുകൾ കഴിക്കാത്ത, പ്രാകൃതജീവിതം നയിക്കുന്നവരിൽ പ്രാചീന കാലം മുതലുള്ള സൂക്ഷ്മാണുക്കളുണ്ടാകും. പ്രത്യേകിച്ച് ആദിമഗോത്ര വിഭാഗക്കാരിൽ. തെക്കേഅമേരിക്കയിലെ വേട്ടക്കാരായ ഗോത്രവിഭാഗക്കാർ യുഎസിലെ ജനങ്ങളേക്കാൾ രണ്ടിരട്ടിയോളം ആരോഗ്യമുള്ളവരാണെന്നു തെളിഞ്ഞതിനു പിന്നിലും ഇതുതന്നെയാണു കാരണം. 

എന്നാൽ ഇന്നും പുറംലോകത്തു നിന്നും ആരെയും കടത്താത്ത പ്രദേശങ്ങളിലെത്തി എങ്ങനെ സൂക്ഷ്മാണു സാംപിളുകള്‍ ശേഖരിക്കുമെന്ന ചോദ്യത്തിനുൾപ്പെടെ ഇനിയും ഉത്തരം കിട്ടിയിട്ടില്ല. എങ്കിലും വിവിധ രാജ്യങ്ങളിലെ ഗവേഷകരുടെ കൂട്ടായ്മ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ വിശദാംശങ്ങളുമായി സയൻസ് ജേണലിൽ പഠനവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.