‘ഗുരുത്വാകര്‍ഷണ തരംഗമല്ല, മോദി തരംഗം’, ശാസ്ത്ര കോൺഗ്രസിനെതിരെ വ്യാപക പ്രതിഷേധം

നൂറ്റിയാറാമത്തെ ശാസ്ത്ര കോൺഗ്രസിലെ വിവാദ പ്രസംഗങ്ങൾക്കെതിരെ ശാസ്ത്ര‍ജ്ഞരും ഗവേഷകരും രംഗത്ത്. ഇന്ത്യൻ സയൻസ് കോൺഗ്രസിലെ രണ്ടു വിവാദ പ്രസംഗങ്ങൾക്കെതിരയാണ് പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും രംഗത്തെത്തിയിരിക്കുന്നത്. യുക്തിക്ക് നിരക്കാത്തതും അശാസ്ത്രീയവുമായ അവകാശവാദങ്ങൾ ഇന്ത്യയുടെ ശാസ്ത്ര മേഖലയ്ക്ക് അപമാനമെന്നാണ് മിക്കവരും പ്രതികരിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി തരംഗങ്ങളെന്ന് പേരിടണമെന്നും എ.പി.ജെ അബ്ദുൽ കലാമിനേക്കാള്‍ മികച്ച ശാസ്ത്രജ്ഞന്‍ കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആണെന്നും ഗവേഷകർ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.

അഖില കർണാടക വിചാരവഡികല വേദികെ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി എന്നിവയിലെ അംഗങ്ങളെല്ലാം വിവാദ പ്രസംഗങ്ങൾക്കെതിരെ രംഗത്തെത്തി. പ്ലേകാർഡുകൾ പിടിച്ച് പ്രതിഷേധവും അറിയിച്ചു. മുംബൈ, മൈസൂരു, തിരുപ്പതി എന്നിവടങ്ങളിൽ നടന്ന ശാസ്ത്ര കോൺഗ്രസുകളിലെല്ലാം പ്രാസംഗികർ സമാനമായ വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. ഇത്തരത്തിലുളള അടിസ്ഥാനമില്ലാത്ത ആശയങ്ങൾ പ്രസംഗിക്കാൻ ഇവർക്ക് ആരാണ് അനുമതി നൽകുന്നതെന്നാണ് ഗവേഷകർ ചോദിക്കുന്നത്.

ഇന്നും നാളെയുമായി നിരവധി നഗരങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്ര സംഘടനകളും വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തും. വിവാദ പ്രസംഗങ്ങൾക്കെതിരെ സോഷ്യല്‍മീഡിയ രൂക്ഷമായാണ് പ്രതികരിച്ചത്. ഇന്ത്യൻ സയർസ് കോൺഗ്രസ്സിൽ പങ്കെടുക്കില്ലെന്ന് വരെ നിരവധി ഗവേഷകർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസിനു മുന്നിൽ വിദ്യാർഥികളും ഐടി വിദഗ്ധരും പ്രതിഷേധം നടത്തി. അടുത്ത ദിവസങ്ങളിൽ പത്തോളം നഗരങ്ങളിൽ പ്രതിഷേധം നടത്തുമെന്നും ഐടി വിദഗ്ധരും വിദ്യാർഥികളും അറിയിച്ചു.

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കൾ, രാവണന് 24 വിമാനങ്ങൾ

കഴിഞ്ഞ ശാസ്ത്ര കോൺഗ്രസുകളിലേതു പോലെ തന്നെയാണ് ഈ വർഷത്തെ ശാസ്ത്ര കോൺഗ്രസിലും സംഭവിച്ചത്. പ്രാസംഗികരുടെ മണ്ടത്തരങ്ങൾ കൊണ്ട് സജീവമായിരുന്നു. പഠിച്ച ശാസ്ത്രങ്ങളും ശാസ്ത്രജ്ഞരെയും എല്ലാം മാറ്റിമറിക്കുന്ന പ്രസംഗങ്ങളാണ് വിവധ ഗവേഷകരും പ്രാസംഗികരും നടത്തിയിരിക്കുന്നത്. കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും രാവണനു 24 മോഡൽ വിമാനങ്ങളും സ്വന്തമായി വിമാനങ്ങളും ഉണ്ടായിരുന്നു എന്നാണ് പ്രാസംഗികർ പറഞ്ഞത്.

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും ദശാവതാരങ്ങള്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തേക്കാള്‍ മികച്ചതാണെന്നുമാണ് ബയോടെക്‌നോളജിസ്റ്റും ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ പ്രൊഫ.ജി നാഗേശ്വര റാവു പറഞ്ഞത്. വെള്ളിയാഴ്ചയാണ് ഈ പ്രസംഗം നടന്നത്. ദേശീയ മാധ്യമങ്ങളെല്ലാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിലെ പുതിയ വിഷയങ്ങളെ കുറിച്ച് വിശദമായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും ശാസ്ത്ര പുരോഗതി നേടിയിട്ടുള്ള ഇന്ത്യയിലെ പ്രധാന ശാസ്ത്ര കോൺഗ്രസിൽ സംഭവിച്ച ഇത്തരം പ്രസംഗങ്ങൾ നാടിനു അപമാനമെന്നാണ് സോഷ്യൽമീഡിയ കുറ്റപ്പെടുത്തുന്നത്.

രാമായണത്തിലെ രാവണനു 24 മോഡൽ വിമാനങ്ങളും എയർപോർട്ടും ഉണ്ടായിരുന്നുവെന്നും റാവു പറഞ്ഞു. കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇത്തരം പുതിയ വെളിപ്പെടുത്തലുകൾ റാവു നടത്തിയത്. എന്നാൽ വിവാദ പ്രസംഗങ്ങളെപ്പറ്റി അറിയില്ലെന്നാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘാടകര്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. എന്നാൽ, പറഞ്ഞതെല്ലാം സത്യമാണെന്നും പ്രസംഗിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നാഗേശ്വര റാവു പറഞ്ഞു. ശാസത്രത്തെ ചരിത്രവുമായി ബന്ധിപ്പിക്കാനാണ് ശാസ്ത്ര കോൺഗ്രസിലെ പ്രസംഗം കൊണ്ടു താന്‍ ലക്ഷ്യമിട്ടതെന്നും ചരിത്രപരമായ സത്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയതെന്നും നാഗേശ്വര റാവു പറഞ്ഞു.

ഗുരുത്വാകര്‍ഷണ തരംഗമല്ല, മോദി തരംഗമെന്ന് പേരിടണം

ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിലെ മറ്റൊരു പ്രസംഗം. ഗവേഷകനായ ഡോ. കണ്ണന്‍ ജഗത്തല കൃഷ്ണൻ ആണ് ഇത്തരമൊരു വാദം നടത്തിയത്‍.

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി തരംഗങ്ങളെന്ന് പേരിടണമെന്നും എ.പി.ജെ അബ്ദുൽ കലാമിനേക്കാള്‍ മികച്ച ശാസ്ത്രജ്ഞന്‍ കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ആണെന്നും കണ്ണന്‍ കൃഷ്ണന്‍ പറഞ്ഞു. പഞ്ചാബിലെ ഫഗ്വാരയില്‍ ലവ്‌ലി പ്രൊഫഷണല്‍ സർവകലാശാലയിലാണ് 106ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.

ഐന്‍സറ്റീന്റെ സിദ്ധാന്തങ്ങള്‍ ശാസ്ത്ര ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. താന്‍ തന്റെ സ്വന്തം ഫിസിക്‌സ് തിയറികള്‍ അവതരിപ്പിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി വേവ്‌സ് എന്ന് പേരിടുമെന്നും കണ്ണൻ പറഞ്ഞു. എന്നാല്‍ കണ്ണന്‍ കൃഷ്ണന്റെ അഭിപ്രായത്തെ സദസ്സിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നതും കാണാമായിരുന്നു.