വിമാനങ്ങൾ ഇനി കാണാതാകില്ല, കടലിൽ മുങ്ങിയാലും കണ്ടെത്തും, എല്ലാം ലൈവ്!

ഒരുകൂട്ടം സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെ പറക്കുന്ന എല്ലാ വിമാനങ്ങളെയും തല്‍സമയം നിരീക്ഷിക്കാനുള്ള സംവിധാനം വരുന്നു. ഈ മാസം അവസാനത്തോടെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്ന പുതിയ സംവിധാനത്തിന്റെ വരവോടെ മലേഷ്യന്‍ വിമാനമായ എംഎച്ച് 370ന്റേത് പോലുള്ള തിരോധാനങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. 2014ല്‍ 239 പേരുമായ കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 

ഇറിഡിയം നെക്‌സ്റ്റ് എന്നാണ് വ്യോമയാന മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനിടയാക്കുന്ന പദ്ധതിയുടെ പേര്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തില്‍ ഈ പദ്ധതിയിലെ അവസാന പത്ത് സാറ്റ്‌ലൈറ്റുകളും വിക്ഷേപിച്ചിരുന്നു. ഭൂമിക്ക് ചുറ്റും കറങ്ങുന്ന 75 സാറ്റ്‌ലൈറ്റുകളുടെ ശൃംഖലയായിരിക്കും വിമാനങ്ങളുടെ തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കുക. 

2020ഓടെ സംവിധാനം പൂര്‍ണ്ണമായും സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയെ മുഴുവന്‍ വരുതിയില്‍ വരുത്തുന്ന ഏക വ്യോമയാന സംവിധാനമെന്നാണ് അമേരിക്കന്‍ കമ്പനിയായ ഇറിഡിയം നെക്സ്റ്റിന്റെ അവകാശവാദം. നിലവില്‍ ഭൂമിയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റങ്ങളും വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സും തമ്മിലുള്ള വിനിമയമാണ് വിമാനങ്ങളെ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നത്. ഓരോ 10 മുതല്‍ 15 മിനിറ്റ് വരെയുള്ള സമയത്ത് ബ്ലാക്ക് ബോക്‌സില്‍ നിന്നും നിശ്ചിത എയര്‍ ട്രാഫിക് കണ്‍ട്രോളുകളിലേക്ക് സിഗ്നലുകള്‍ പോകും. 

നിരവധി പോരായ്മകളാണ് ഇത്തരം സംവിധാനത്തിനുള്ളത്. ഭൂമിയിലെ എല്ലാ പ്രദേശത്തും ഈ രീതിയില്‍ വിമാനങ്ങളെ തല്‍സമയം പിന്തുടരുക സാധ്യമല്ല. മലേഷ്യന്‍ യാത്രാവിമാനം കാണാതായ സംഭവവും ഈ സംവിധാനത്തിന്റെ പോരായ്മയാണ് വെളിവാക്കുന്നത്. എംഎച്ച് 370 വിമാനം കടലില്‍ എവിടെയാണ് തകര്‍ന്നു വീണതെന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല.

പറക്കുന്ന വിമാനങ്ങളെ നിരീക്ഷിക്കാൻ നാസയും

ലോകത്ത് നിരവധി വിമാനങ്ങളാണ് ഓരോ വർഷവും ദുരൂഹമായി കാണാതാവുന്നത്. യാത്രാ, ചരക്കു വിമാനങ്ങളെല്ലാം കാണാതാകുന്നത് പതിവ് വാർത്തയാണ്. കടലിനു മീതേ പറക്കുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങൾ ഇനി ദുരൂഹദുരന്തമായി എഴുതിത്തള്ളേണ്ടി വരില്ല. പറക്കുന്ന വിമാനവിവരങ്ങൾ ശേഖരിക്കാൻ ഭൂമിയിലെ റഡാർ സ്റ്റേഷനുകൾക്കു സാധിക്കാത്ത സൂക്ഷ്മതയും കാര്യക്ഷമതയുമായി നാസയുടെ ബഹിരാകാശ റേഡിയോ സംവിധാനം വരുന്നു.

ലോകത്തെവിടെയുമുള്ള വിമാനപ്പറക്കലുകളുടെ തൽസമയ വിവരങ്ങൾ അനായാസം കിട്ടുന്ന സംവിധാനമാണു നാസ ഒരുക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 66 ഉപഗ്രഹങ്ങളുടെ സംഘമാണു വിമാനവഴിയേ കണ്ണുംനട്ടിരിക്കുക. അപകടമുണ്ടായാൽ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനത്തിനു സജ്ജമാകാം.

ബഹിരാകാശം ആസ്ഥാനമായുള്ള നിരീക്ഷണ സംവിധാനത്തിനു ഭൂമിയിലെ റഡാർ സ്റ്റേഷനുകൾക്കുള്ള പരിമിതികളെ മറികടക്കാനാകും. ഉദാഹരണത്തിന്, കടലിനു മീതേ പറക്കുന്ന വിമാനത്തിന്റെ കൃത്യമായ വിവരങ്ങൾ വ്യോമഗതാഗത നിയന്ത്രണകേന്ദ്രത്തിനു ലഭിക്കില്ല. പൈലറ്റ് മുൻകൂട്ടി തയാറാക്കി നൽകുന്ന റൂട്ട് മാപ്പ് മാത്രമാണു ശരണം. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്നങ്ങളെല്ലാം തീരുകയാണ്.

വിമാനങ്ങളിലുള്ള എഡിഎസ്–ബി സംവിധാനം അയച്ചുകൊടുക്കുന്ന വിവരങ്ങൾ പിടിച്ചെടുക്കുന്ന ബഹിരാകാശ റേഡിയോ നിമിഷങ്ങൾക്കുള്ളിൽ എല്ലാ വിവരങ്ങളും ശേഖരിക്കും. കപ്പലുകളുടെ വിവരങ്ങൾക്കും ഇതേ സംവിധാനത്തെ ആശ്രയിക്കാം. ആപ്പ് സ്റ്റാർ എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഫ്ലോറിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിസ് കോർപ്പറേഷനുമായി ചേർന്നാണ് നാസ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു കഴിഞ്ഞാൽ ലോകത്തെ എല്ലാ വിമാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താനാകുമെന്നാണ് ഹരിസ് സിസ്റ്റം എൻജിനീയർ ജെഫ് ആൻഡേഴ്സൺ പറയുന്നത്. വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും. പദ്ധതി പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങി കഴിഞ്ഞു. ഈ മാസം തന്നെ പത്ത് ഇറാഡിയം ഉപഗ്രഹങ്ങൾ സ്പേസ്എക്സ് ബഹിരാകാശത്തു എത്തിച്ചു. ശേഷിക്കുന്ന ഉപഗ്രഹങ്ങൾ വൈകാതെ വിക്ഷേപിക്കുമെന്നാണ് അറിയുന്നത്.