ചൂണ്ടയിടണോ; പോരൂ പാലാക്കരിയിലേക്ക്

നഗരത്തിരക്കുകളിൽ നിന്ന് മാറി ശുദ്ധവായുവും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് റിലാക്സ് ചെയ്യാനുളള സ്ഥലം നിങ്ങൾ അന്വേഷിക്കുന്നുണ്ടോ ? എങ്കിൽ ധൈര്യമായി വൈക്കത്തിനടുത്തുള്ള മത്സ്യഫെഡിന്റെ പാലാക്കരി അക്വാ ടൂറിസം ഫാമിലേക്ക് പോകാം.

200 രൂപയ്ക്ക് ഭക്ഷണം ഉൾപ്പെടെ ഒരു ദിവസം മുഴുവൻ ഉല്ലസിക്കുവാനുളള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുളളത്. 5 മുതൽ 12 വയസ്സുള്ളവർക്ക് 100 രൂപ മതി. വൈക്കം – തൃപ്പൂണിത്തുറ റോഡിൽ കാട്ടിക്കുന്ന് എന്ന സ്ഥലത്താണ് മത്സ്യഫെഡിന്റെ 125 ഏക്കറിലുളള ഈ ഫാം സ്ഥിതി ചെയ്യുന്നത്. മത്സ്യ കൃഷിയോടൊപ്പം വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഫാമിന്റെ പ്രവർത്തനം.

നോക്കെത്താ ദൂരത്തോളം വെളളം, കായലിനെ വകഞ്ഞ് മാറ്റിക്കൊണ്ട് കടന്നു പോകുന്ന റോഡ്

ഉളളം തണുപ്പിക്കുന്ന കായൽ സൗന്ദര്യമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. നോക്കെത്താ ദൂരത്തോളം വെളളം, കായലിനെ വകഞ്ഞ് മാറ്റിക്കൊണ്ട് കടന്നു പോകുന്ന റോഡ്. റോഡിന്റെ വശങ്ങളിലായി വിശ്രമിക്കാൻ ബെഞ്ചുകൾ, ദൂരക്കാഴ്ച കാണാൻ വാച്ച് ടവറുകൾ. കായൽ കാറ്റേറ്റ് തെങ്ങോലകളുടെ തണൽപറ്റി മെല്ലെ നടന്നാൽ ഫാമിലെ ഉല്ലാസ കേന്ദ്രമെത്തി. കായലിനരികെ വന്നിട്ട് നടന്നു പോവാനോ എന്ന് ചിന്തിക്കുന്നവർക്ക് പ്രവേശന കവാടത്തിൽ നിന്ന് ബോട്ട് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 25 രൂപ എന്ന നിരക്കിൽ ഉല്ലാസ കേന്ദ്രത്തിലേക്ക് എത്തിക്കും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാനുളളതെല്ലാം ഇവിടെയുണ്ട്.  ഊഞ്ഞാലാടാം, മടുക്കുവോളം കായലരികിലുളള ബെഞ്ചിലിരിക്കാം അതല്ല കിടക്കണമെങ്കിൽ വലയൂഞ്ഞാലിൽ കിടക്കുകയുമാകാം. മീൻപാടമായതു കൊണ്ടു തന്നെ ചൂണ്ടയിടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പത്ത് രൂപ കൊടുത്താൽ ഇരയും ചൂണ്ടയും ലഭിക്കും. ചൂണ്ടയിൽ കുരുങ്ങുന്നവയെ ന്യായ വിലകൊടുത്ത് സ്വന്തമാക്കാം. ചൂണ്ടയിട്ട് മടുത്താൽ മീൻ കറിയും വറുത്തതും കൂട്ടി കലക്കൻ ഉൗണ് കഴിക്കാം. കുറച്ചു കൂടി ഉഷാറാക്കണമെന്നുണ്ടെങ്കിൽ സ്പെഷ്യലിനും ഓർഡർ കൊടുക്കാം, കാശ് കൂടുതൽ കൊടുക്കണമെന്ന് മാത്രം. നാവിൽ വെളളമൂറും ചെമ്മീൻ ഫ്രൈയ്ക്കും ഞണ്ട് റോസ്റ്റിനും 100 രൂപ വീതമാണ് വില. കരിമീനാണ് വേണ്ടതെങ്കിൽ 200 കൊടുക്കേണ്ടി വരും. മൽസ്യഫെഡ് സഹകരണ സംഘങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന മഹാദേവ വനിതാ സ്വയം സഹായ സംഘത്തിലെ വനിതകളാണ് ഇവിടെ കാന്റീൻ നടത്തുന്നത്. ഊണ് കഴിഞ്ഞാൽ ഒരു ഐസ്ക്രീം ഫ്രീ.

ചൂണ്ടയിടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കഴിച്ചതൊക്കെ ഒന്ന് ദഹിക്കട്ടെ എന്നാണെങ്കിൽ പെഡൽ ബോട്ടിങ്ങോ, തുഴയാവുന്ന കുഞ്ഞു വളളമോ തിരഞ്ഞെടുക്കാം. കരയോട് ചേർന്ന് ആഴക്കുറവുളള സ്ഥലത്താണ് ബോട്ടിങ് സൗകര്യമൊരുക്കിയിട്ടുളളത്. ഇതും 200 രൂപയുടെ പാക്കേജിൽ ഉൾപ്പെടും. ഒന്ന് നീന്തണം എന്നുണ്ടെങ്കിൽ ആഴം കുറഞ്ഞ ഭാഗത്ത് അതിനുളള സൗകര്യമുണ്ട്. കാറ്റ് നിറച്ച ട്യൂബുകളും ഇവിടെ കിട്ടും. കായലിലൂടെയുള്ള സ്പീഡ് ബോട്ടിങ് ഉടനെ ആരംഭിക്കുമെന്ന് ഫാം മാനേജർ സാമുവൽ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

പെഡൽ ബോട്ടിങ്ങോ, തുഴയാവുന്ന കുഞ്ഞു വളളമോ തിരഞ്ഞെടുക്കാം

കരിമീൻ, ചെമ്മീൻ, തിരുത, പൂമീൻ, ഞണ്ട് എന്നിവയാണ് പ്രധാനമായും ഫാമിൽ കൃഷി ചെയ്യുന്നത്. രാത്രിയാണ് മത്സ്യബന്ധനം നടത്തുന്നത്. ഫാമിലെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് രാവിലെ വിൽക്കും. 1983 ലാണ് മത്സ്യഫെഡ് ഈ സ്ഥലം ഏറ്റെടുത്തത്. നമ്മൾ ഇന്ന് കാണുന്ന തരത്തിലുളള പ്രവർത്തനങ്ങൾ തുടങ്ങിയത് 2009 ലാണ്. പുത്തൻ കെട്ടിടങ്ങളും ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ടെങ്കിലും നിരവധി സഞ്ചാരികളെത്തുന്ന ഇവിടം പ്രവർത്തിക്കുന്നതിപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഴഞ്ചൻ കെട്ടിടങ്ങളിലാണ് എന്നത് ഒരു പോരായ്മയാണ്. ഫർണിച്ചറുകൾ എത്തുന്നതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷണശാല പുത്തൻ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങാനാകുമെന്ന് സാമുവൽ പറഞ്ഞു.

200 രൂപയ്ക്ക് ഒരു പകൽ മുഴുവൻ ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലമാണ് പാലാക്കരി അക്വാഫാം. രാവിലെ 10 മുതൽ 6 മണി വരെയാണ് പ്രവേശനം സമയം. വൈകിട്ട് 4 മുതൽ 6 മണിവരെയുള്ള പ്രവേശനത്തിന് 25 രൂപ നൽകിയാൽ മതി. 20 മണിക്കൂറിന് 500 രൂപ നിരക്കിൽ നീന്തൽ ക്ലാസുകളും മുൻകൂട്ടി ബുക്ക് ചെയ്താൽ ഹൗസ് ബോട്ട് സൗകര്യവും ഇവിടെ ലഭ്യമാണ്. വിവാഹ ആൽബങ്ങൾ ഷൂട്ട് ചെയ്യാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. രണ്ടു മണിക്കൂറിന് 100 രൂപയാണ് ചാർജ്.