സഞ്ചാരികളെ ആകർഷിക്കും രാജപ്പന്റെ നാടൻ സ്റ്റാർടപ്പ്

ഒരു ബിസിനസ് ഇൻകുബേറ്ററിന്റെയും പിന്തുണയില്ലാതെ വളർന്നു വലുതായ നാടൻ സ്റ്റാർടപ്പാണ് പെരുമ്പാവൂർ പാണംകുഴി തോമ്പ്രാക്കുടി ടി.ആർ. രാജപ്പന്റെ കൃഷിയിടം. വീടിനു ചുറ്റുമുള്ള മൂന്നേക്കർ കൃഷിയിടം ഫാം ടൂറിസത്തിന്റെ പച്ചപ്പു പുതച്ചപ്പോൾ കാഴ്ചകളും പഠന സാധ്യതകളും തുറന്നിടുന്ന മാതൃകയായി.

വേറിട്ട ഫാം ടൂറിസം

സ്വന്തം കാർഷിക ഉൽപന്നങ്ങൾ ന്യായവിലയ്ക്ക്  ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലെത്തിക്കാനുള്ള മാർഗമാണ് ഈ കർഷകനു ഫാം ടൂറിസം. വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകർക്കു മാതൃകയാണു രാജപ്പൻ‌. ഒൻപതു വർഷം മുൻപു തുടങ്ങിയ അലങ്കാര മൽസ്യക്കൃഷിയും പച്ചക്കറി കൃഷിയും പച്ചപിടിക്കാതായപ്പോഴാണു വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോടനാടിനും പാണിയേലി പോരിനും ഇടയിലുള്ള പാണംകുഴിയിൽ ‘ഹരിത’ ബയോ പാർക്കെന്ന പേരിൽ രണ്ടു വർ‌ഷം മുൻപു ഫാം ടൂറിസത്തിനു തുടക്കമിട്ടത്. ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കൃഷിയി‌ടത്തിലേക്ക് ആകർഷിക്കുകയെന്നതായിരുന്നു ലക്ഷ്യം.

കൃഷിയിടത്തിൽ വനവൽക്കരണമായിരുന്നു ആദ്യം. അരയേക്കറിലെ കൊക്കോ തോട്ടം കാര്യമായ വരുമാനം തരാതായപ്പോൾ അവ നിലനിർത്തിക്കൊണ്ടുതന്നെ മഹാഗണി അടക്കമുള്ള മരങ്ങൾ നട്ടുപിടിപ്പിച്ചു. മക്കൾ കൗതുകത്തോടെ വാങ്ങി വളർത്തിയ അലങ്കാര മൽസ്യങ്ങൾ പെറ്റു പെരുകി. അവയെ വാങ്ങാൻ മക്കളുടെ കൂട്ടുകാർ വന്നു തുടങ്ങിയതോടെയാണ് ഫാം ടൂറിസമെന്ന ആശയം മുളപൊട്ടിയത്. കാഴ്ചകൾ കാണാനെത്തുന്നവർക്കു കൊക്കോ തോട്ടത്തിൽ കളിയുപകരണങ്ങളും ബെഞ്ചുകളും ഊഞ്ഞാലുകളും ഒരുക്കി പ്രകൃതിയുടെ തണുപ്പുള്ള വിനോദ വിജ്ഞാന കേന്ദ്രമൊരുക്കി. ഇതോടെ സന്ദർശകരു‌ടെ എണ്ണം കൂടി.

കൃഷിയറിവിനൊപ്പം വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതിയും ഇതോടെ കൈവന്നു.പ്രവേശന ഫീസ് പത്തു രൂപയാണ്. രാജപ്പന്റെ കൃഷിയിടത്തിനു ലഭിക്കുന്ന ആദ്യ വരുമാനമാണിത്. മൂന്നേക്കറിലെ കാഴ്ചകളിലേക്കു കടക്കുന്ന വിനോദ സഞ്ചാരി പിന്നെ ഉപയോക്താവായി മാറുകയാണു പതിവ്.

ചൈനീസ് പക്ഷി

രാജപ്പന്റെ ബയോ പാർക്കിലെ ഏറ്റവും പുതിയ ഇനങ്ങളാണ് ഇവയെല്ലാം. തായ്‌ലൻഡിൽ വയാഗ്രയ്ക്കു പകരം ഉപയോഗിക്കുന്നതാണു കരി ഇഞ്ചി. കിലോഗ്രാമിന് 17,000 രൂപയാണു വില. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വനമേഖലയിൽ വിളയുന്ന കരി മഞ്ഞളിന് 15,000 രൂപയും. ഇവയെല്ലാം രാജപ്പന്റെ ഫാമിലുണ്ട്. മയിലിനോടു സാമ്യമുള്ള ചൈനീസ് പക്ഷിയാണു പെസന്ത്. കുഞ്ഞു പെസന്തിനു 1500 രൂപയാണു വില.

അക്വേറിയത്തിൽ ‘മണി’കിലുക്കം

പതിനായിരങ്ങൾ വിലയുള്ള അരാപൈമ എന്ന ശുദ്ധജല മൽസ്യം മുതൽ ചീങ്കണ്ണി മത്സ്യം, ഫ്ലവർകോൺ, ഓസ്കറുകൾ, വിവിധയിനം ഗപ്പികൾ, സ്വർണ മത്സ്യങ്ങൾ, വാൾ വാലൻ മത്സ്യങ്ങൾ, ഡോക്ടർ ഫിഷ് എന്നിവയെല്ലാം ഇവിടെയുണ്ട്. കരിങ്കോഴി, തൊപ്പിക്കോഴി, വെള്ളക്കാട, പോരുകോഴി, എമു എന്നിവയും ഫാമിലെ ആകർഷണങ്ങളാണ്. പച്ചക്കറിപ്പന്തലുകളും ഹൈടെക് കൃഷിയിടവും രാജപ്പനുണ്ട്.