നിത്യഹരിതം 'ഗവി'

സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക്  നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണിവിടം. ഗവി യാത്രക്കുള്ള തയാറെടുപ്പുകൾ വളരെ ശ്രദ്ധിക്കണം,

കൊടുംകാടായ ഈ പ്രദേശങ്ങളില്‍ കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങി ആക്രമണകാരികളായ നിരവധി വന്യജിവികളെയും കാണാം. ചെക്ക്‌പോസ്റ്റില്‍, മുന്നോട്ടുള്ള പാതയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്നതു ആർക്കും വായിക്കാം. കാടിനുള്ളില്‍ അമിതമായ ശബ്ദം ഉണ്ടാക്കാനോ അമിത സ്പീഡോ പാടില്ല. ഏതു നിമിഷവും റോഡിനു കുറുകെ കൂടി കടന്നു വരാന്‍ സാധ്യതയുള്ള കാട്ടുമൃഗങ്ങളെ മനസ്സില്‍ കണ്ടുവേണം മുന്നോട്ടു യാത്ര തുടരാൻ.

കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റു ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനും ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും സൗകര്യമുണ്ട്.  ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്. മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണിവിടം. വന്യമൃഗങ്ങളെ അടുത്ത് കാണുന്നതിനുള്ള അവസരം ലഭിക്കുമെന്നതിനാലാണ് ഇവിടേക്ക് സന്ദര്‍ശകരെത്തുന്നത്. പത്തനംതിട്ടയില്‍ നിന്ന് ചിറ്റാര്‍ സീതത്തോട് ആങ്ങമൂഴി വഴി 70 കിലോമീറ്ററോളം കാനന പാത താണ്ടിയാല്‍ ഗവിയിലെത്താം. 

കാട്ടുമൃഗങ്ങളുള്ള നിബിഡവനമായ ഗവി യാത്ര തീര്‍ത്തും വ്യത്യസ്തമാര്‍ന്ന ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. ഗവിയുടെ വനഭംഗി പകര്‍ത്തി  ചിത്രീകരിച്ച  മലയാളത്തിലെ ഒാര്‍ഡിനറി സിനിമയിലെ സുന്ദരകാഴ്ചകൾ ഗവിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂട്ടി. ജൈവ വൈവിധ്യങ്ങളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന അപൂര്‍വ്വം ചില വന പ്രദേശങ്ങളില ഓന്നാണ് ഗവി. 325 ല്‍ പരം പക്ഷികള്‍ ചേക്കേറുന്ന ഗവിയിലെ വന്‍ പ്രദേശങ്ങള്‍ പക്ഷി ഗവേഷകരുടെ സ്വര്‍ഗ്ഗമാണ്. തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന മനോഹരിയാണിവൾ. പത്തനം തിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള 110 കിലോമീറ്റര്‍ യാത്രയിൽ  ഓരോ നിമിഷവും ആസ്വാദ്യകരമാണ്. കണ്ണുകളെ വിസ്മയിപ്പിക്കുന്ന മനസ്സിനെകുളിരണിയിക്കുന്ന കാഴ്ചകൾ.