പീലിവിടർത്തിയാടും മയിലിനെ കാണാൻ ചൂലന്നൂരിലേക്ക്...

നീലനിറത്തോടുകൂടിയ വിശറിപോലുള്ള തൂവലുകൾ, മയിലിന്റ പീലിവിടർത്തിയുള്ള ന‍ൃത്തം ആരെയും ആകർഷിക്കും. പീലിയേഴും വിരിച്ചാടുന്ന മയിലുകളെ എത്രകണ്ടാലും ആര്‍ക്കും മതിവരില്ല. കണ്ണെടുക്കാതെ നോക്കിനിന്നുപോകും. ഇത്രത്തോളം ഭംഗിയുള്ള പക്ഷി വേറെയുണ്ടോയെന്നും സംശയമാണ്. കേരളത്തില്‍ മയിലുകള്‍ക്ക് മാത്രമായി ഒരു സംരക്ഷണകേന്ദ്രമുണ്ട്. കേരളത്തിലെ ഏക മയില്‍ സങ്കേതമായ ചൂലന്നൂര്‍ മയില്‍സങ്കേതം. വിനോദസഞ്ചാരികളില്‍ കാഴ്ചകളുടെ അഴകു വിടര്‍ത്തുന്നു.

കാടിന്റെ സൗന്ദര്യം നിറഞ്ഞ ചൂലന്നൂരിന്റെ യഥാർത്ഥസൗന്ദര്യം അറിയണമെങ്കിൽ മഴ തിമിർത്തു പെയ്യണം. മഴയെത്തുന്ന ആഹ്ലാദത്തിൽ  പീലി വിരിച്ചാടുന്ന മയിലുകൾ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഗ്രാമമാണ് ചൂലന്നൂർ. പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി പരന്നുകിടക്കുന്ന ഏക മയിൽസങ്കേതമാണിവിടെയുള്ളത്. ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണിവിടം. നിരവധി മയിലുകളെ ഒരേസമയം നേരില്‍ കാണാനുള്ള സാധ്യതയാണ് മറ്റ് വന പ്രദേശങ്ങളില്‍ നിന്നു ചൂലന്നൂരിനെ വ്യത്യസ്തമാക്കുന്നത്. ഒരുപാട് അറിവുകളും അദ്ഭുതങ്ങളും നൽകുന്നതാണ് ചൂലന്നൂർ വനത്തിലേക്കുള്ള യാത്ര.

പീലികൾ വിരിച്ചു മയിലുകൾ മിന്നിമറയുന്ന കാഴ്ച കണ്ണിൽമായാതെ നിൽക്കും. അവയിൽ ചിലതു മാത്രം കാമറയ്ക്കു മുന്നിൽ പോസ് ചെയ്യും. വന്യസൗന്ദര്യത്തിന്റ പ്രൗഡി വിളിച്ചോതുന്ന ഇടതൂർന്ന മരങ്ങളും കരിമ്പാറകൂട്ടങ്ങളും ചീവിടിന്റ ഇരമ്പലുമൊക്കെ കാടിന്റ പ്രതിനിധികളായി നിൽക്കുന്നു. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശമായി ചൂലന്നൂര്‍ മാറിയതോടെ സംസ്ഥാനത്തിനു പുറത്തുനിന്നും വരെ ചൂലന്നൂര്‍ മയില്‍സങ്കേതവും  മയിലുകള്‍ പീലി വിടര്‍ത്തിയാടുന്ന നയനമനോഹാരിതയും കാണാനെത്തുന്ന വരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഒരു നിയന്ത്രണവുമില്ലാതെ മയിലുകൾ പാറി പറക്കുന്ന കാഴ്ചകൾ ആവേളം ആസ്വദിക്കാം.

പാറക്കെട്ടുകളും ഇലപൊഴിയും കാടുകളും നിറഞ്ഞ പ്രദേശത്ത് മയിലുകള്‍ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയാണ് ഒരുക്കിയിരിക്കുന്നത്. മയില്‍ മാത്രമല്ല വിവിധയിനം പക്ഷികളും ഇൗ സങ്കേതത്തിലുണ്ട്.  വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന മയിലിനെ സംരക്ഷിക്കുന്നതിനോടൊപ്പം അപൂര്‍വമായ ജൈവ വൈവിധ്യം കൂടി സംരക്ഷിക്കുക എന്നതാണ് ചൂലന്നൂര്‍ മയില്‍ സങ്കേതത്തിന്റെ ലക്ഷ്യം.