കാടിന്റെ ഗ്രീൻ സിഗ്നൽ

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മനോജ് ഒരു ക്യാമറ വാങ്ങി. ഫിലിം ക്യാമറാക്കാലത്തെ യാഷിക്ക എഫ് എം 2. രണ്ട് റോൾ കോണിക്ക ഫിലിമും വച്ച് അടുത്ത വിനോദയാത്രയിൽ ഫൊട്ടോഗ്രഫറുമായി. എടുത്ത പടങ്ങൾ കാണാനുള്ള ആവേശത്തിൽ കയ്യിലുള്ള പണമെല്ലാം ചെലവഴിച്ച് ഫോട്ടോയുടെ നെഗറ്റിവ് കഴുകി പ്രിന്റ് ചെയ്യിച്ചു. ചിത്രങ്ങൾ കണ്ട് അവൻ ഞെട്ടി – പകുതിയിലധികം ചിത്രങ്ങളിലും തലയില്ല. തലയുള്ളതിന് കയ്യില്ല. വെളിച്ചക്രമീകരണം എന്നൊരു സംഭവമേയില്ല! ഫൊട്ടോഗ്രഫിയെന്ന സ്വപ്നം അന്നത്തോടെ മനോജ് താഴിട്ടു പൂട്ടി.

പക്ഷേ നിയോഗമങ്ങനെ മാറ്റിയെഴുതാനാവില്ലല്ലോ. ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം, സർക്കാർ സ്കൂൾ അധ്യാപകനായി ജോലി നോക്കവേ വീണ്ടും അയാളുടെയുള്ളിൽ ഫോട്ടോ സ്വപ്നങ്ങൾ തല പൊക്കി. യാത്ര ചെയ്യാനാരംഭിച്ചു. റോഡിൽ നിന്ന് കാടിലേക്ക് നടന്നു. ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ മനസ്സിനുള്ളിലെ കാട് ജീവിക്കാൻ തുടങ്ങി. ആറളം വന്യജീവിസങ്കേതത്തിലെ നീലഗിരി മാർട്ടിൻ, തീക്കാക്ക, കാട്ടുവേലിത്തത്ത, മാടായിപ്പാറയിലെ വെള്ളവയറൻ കടൽപ്പരുന്ത്, കബനിയിലെ കരിമ്പുലി, റാൺ ഓഫ് കച്ചിലെ കഴുകൻ...കാലം കരുതിവച്ചിരുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങളായിരുന്നു.

‘‘രണ്ടാം വരവിൽ ദൈവം ഗ്രീൻ സിഗ്നൽ കാണിച്ചു. കാടിന്റെ പച്ചപ്പിലൂടെ ക്യാമറയും തൂക്കി നടന്നോളൂ, മോഹിക്കുന്ന ചിത്രങ്ങൾ കാത്തിരിക്കുന്നുവെന്ന കാടിന്റെ സത്യമുള്ള സിഗ്നൽ’’ – വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ മനോജ് ഇരിട്ടി ചിത്രാനുഭവങ്ങൾ പറഞ്ഞുതുടങ്ങി.

ആറളത്തെ ബാലപാഠങ്ങൾ

കാട് കയറിത്തുടങ്ങിയ കാലം. ഏറെ മോഹത്തോടെ രംഗനത്തിട്ടു പക്ഷി സങ്കേതത്തിലേക്ക് വച്ചുപിടിച്ചു. പക്ഷേ കാവേരിയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് സങ്കേതം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു ദിവസം അ വിടെ തങ്ങി. ഇനിയെന്ന് തുറക്കുമെന്നറിയാനായി അടുത്ത ദിവസം കാലത്ത് ഒന്നുകൂടെച്ചെന്നു. സന്തോഷവാർത്ത കാത്തിരിപ്പുണ്ടായിരുന്നു–‘രംഗനത്തിട്ടു തുറന്നിരിക്കുന്നു. സന്ദർശകർക്ക് സ്വാഗതം’. ഒന്നര മാസത്തെ നിശ്ശബ്ദതക്കു ശേഷം ആദ്യമായെത്തുന്ന സന്ദർശകർ. ചേരക്കോഴി, പുള്ളിച്ചുണ്ടൻ കൊതുമ്പന്നം, വർണക്കൊക്ക്... പക്ഷിക്കാഴ്ചകളുടെ ഉത്സവമായിരുന്നു. മനം നിറയെ ചിത്രങ്ങൾ. ‘ധൈര്യമായി മുന്നോട്ട് പോകൂ’ എന്ന പ്രകൃതിയുടെ പ്രോത്സാഹനം പോലെ‌.

യാത്രകളുടെ താളം കൂടിവരുന്നതിനിടെ ഒരു ദിവസം ആറളത്തെ വൈൽഡ് ലൈഫ് വാർഡൻ മധുച്ചേട്ടന്റെ വിളി വന്നു–‘‘ഒരതിഥിയുണ്ട്. കൂടൊരുക്കുകയാണ്. പെട്ടെന്നു വാ’’. ‘തീക്കാക്ക’ യായിരുന്നു അതിഥി. ഒരു വശത്ത് നിന്നു നോക്കിയാൽ തീക്കുണ്ഠം പോലിരിക്കുന്ന പക്ഷി. അത്രയ്ക്ക് ചുവപ്പാണ്. ആൾസാമീപ്യം മനസ്സിലാക്കി പറന്നകലും വരെ ആ സൗന്ദര്യം പകർത്തി. മറ്റൊരിക്കൽ അപ്രതീക്ഷിതമായാണ് ആ റളത്തെത്തിയത്. വെറുതെ ചുറ്റിയടിച്ചു നടക്കുന്നതിനിടെ ഒരു മൺതിട്ട ശ്രദ്ധയിൽപെട്ടു. അതിൽ കൂടൊരുക്കാൻ ശ്രമിക്കുകയാണ് ഒരു പക്ഷി. ഏതാണെന്നു മനസ്സിലായില്ല. സുഹൃത്തും പക്ഷിനിരീക്ഷകനുമായ സത്യൻ മേപ്പയൂരിനെ വിളിച്ച് ലക്ഷണങ്ങൾ വിവരിച്ചപ്പോൾ ആളെ പിടിക്കിട്ടി – കാട്ടുവേലിത്തത്ത. അപ്പോഴേക്കും ക്യാമറയിൽ പതിഞ്ഞിരുന്നു, മനസ്സിലെ ഫ്രെയിമുകൾ.

അപൂർവമായി ക്യാമറക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്ന ‘നീലഗിരി മാർട്ടിനെ’ കണ്ടുമുട്ടിയതും ആറളത്തുവച്ചാണ്. സർവേക്കായി സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ പോയിന്റായ അമ്പലപ്പാറ കയറിപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. എട്ടു കിലോമീറ്റർ ട്രക്ക് ചെയ്ത് പാറമുകളിലെത്തിയപ്പോഴതാ മറുചെരിവിൽ നീലഗിരി മാർട്ടിൻ, ഒരു മിന്നായം പോലെയായിരുന്നെങ്കിലും ക്യാമറ ക്ലിക്ക് ചെയ്തു– ആദ്യമായായിരുന്നു ആറളത്തെ നീലഗിരി മാർട്ടിൻ ക്യാമറയ്ക്കു മുൻപിലെത്തുന്നത്.

മാടായിപ്പാറയിലെ കടൽപ്പരുന്ത്

വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ട കണ്ണൂരിലെ മാടായിപ്പാറ കാണാനൊരു സുഹൃത്ത് വന്നു. പ്രകൃതിയുടെ ഛായാചിത്രങ്ങൾ പകർത്തി ചുറ്റുന്നതിനിടെ ഒരു കുളത്തിനടുത്തെത്തി. കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത്... ഒരുപാട് പരുന്തുകൾ വെള്ളം കുടിക്കുന്നു. പെെട്ടന്നാണ് ഒരാജാനുബാഹു കുളത്തിലേക്ക് പറന്നിറങ്ങിയത്. രണ്ട് രണ്ടര മീറ്ററൊക്കെ വീതിയുള്ള ചിറകുകൾ വിടർത്തി  മാലാഖയെപ്പോലെ പറന്നിറങ്ങുന്ന വെളുത്ത പരുന്ത്. മനോഹരമായ കാഴ്ച. മറ്റുള്ളവരുടെ പ്രതിഷേധമൊന്നും വകവയ്ക്കാതെ പുള്ളിക്കാരൻ രംഗം കയ്യടക്കി. അന്വേഷിച്ചപ്പോഴാണ് കക്ഷിയുടെ പേരറിഞ്ഞത് – ‘വെള്ളവയറൻ കടൽപരുന്ത്’

ചെറുമരങ്ങളിലെ പഴം തിന്നാനെത്തുന്ന ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി (ഫ്ലവർ പെക്കർ), പുള്ളി നത്ത്, ചെങ്കണ്ണി തിത്തിരി... അങ്ങനെ ഒരുപാട് മാടായിപ്പാറച്ചിത്രങ്ങളും അവിടേക്കുള്ള യാത്രയ്ക്ക് ഊർജം പകരുന്നു. മറ്റൊരു പ്രിയപ്പെട്ട പക്ഷിച്ചിത്രം പതിഞ്ഞത് വാൽപ്പാറയിൽ വച്ചാണ്. വേഴാമ്പൽ കാഴ്ചക്ക് പ്രശസ്തമായ മാവിൻച്ചുവട്ടിൽ വച്ച് പകർത്തിയ വേഴാമ്പൽച്ചിത്രം. കൂടൊരുക്കുന്ന പെൺകിളിക്ക് തീറ്റയുമായി വരുന്ന ആൺകിളിയുടെ ചിത്രം

വീടിന്റെ ഉമ്മറത്തുവച്ച് പകർത്തിയ ചിത്രങ്ങളിലുമുണ്ട് പ്രിയപ്പെട്ടത്. അമ്മയുടെ അടുക്കള തോട്ടത്തിൽ വിരുന്നെത്തിയ പാമ്പിന്റെ ‘ഡിസൈൻ’ ചിത്രം അത്തരത്തിലൊന്നാണ്. ഒരിക്കൽ മാക്രോ ലെൻസുമായി പറമ്പിലിറങ്ങി നടക്കുമ്പോൾ വാഴക്കൂമ്പിൽ നിന്നൊരു ശബ്ദം. നോക്കുമ്പോൾ ഒരു തവള. പച്ചിലപ്പാറൻ എന്നറിയപ്പെടുന്ന മലബാർ സ്ലൈഡിങ്ങ് ഫ്രോഗ്. പല ഫ്രെയ്മുകളിലും മനസ്സുടക്കിയിട്ടുണ്ടെങ്കിലും ഇത്രമേൽ പ്രിയപ്പെട്ടതായി തോന്നിയിട്ടില്ല. ഇതെന്റെ അടയാളമാവുമെന്ന് മനസ്സ് പറഞ്ഞു. നിന്നിടത്ത് അനങ്ങാതെ ഫോണെടുത്ത് മകനെ വിളിച്ചു 300 എംഎം ലെൻസ് എത്തിച്ചു. വാഴക്കൂമ്പിലെ അതിഥി ക്യാമറ നോക്കി ചിരിച്ചു.

കബനിയിലെ കരിമ്പുലി

പെട്ടെന്നുണ്ടായ ഒരു തോന്നലിലാണ് കബനിയിലേക്കു പുറപ്പെട്ടത്. വൈകുന്നേരത്തെ സഫാരി കൂടി രാത്രിയോടെ തിരികെ നാട്ടിലേക്ക് മടങ്ങാമെന്നായിരുന്നു പ്ലാൻ. സഫാരി അവസാനിക്കാറായപ്പോഴാണ് വ്യൂഫൈൻഡറിലെ കാഴ്ച ശ്രദ്ധിച്ചത് – സാക്ഷാൽ കരിമ്പുലി.

വെറുതെ വന്നുപോയതല്ല, ഒരു മണിക്കൂറോളം ക്യാമറയ്ക്ക് വിരുന്നൊരുക്കി ആ പരിസരത്ത് ചുറ്റിക്കറങ്ങി. രാത്രി പോകാമെന്ന പ്ലാൻ മാറ്റി. നാളെ ഒരു സഫാരി കൂടിയാവാം. ഇനിയും കാഴ്ചകളുണ്ടെന്നൊരു തോന്നൽ. ആ തോന്നൽ വെറുതെയായില്ല. രാവിലെ സഫാരി ആരംഭിച്ച് ഇത്തിരി ദൂരം പിന്നിട്ടപ്പോഴേക്കും ഡ്രൈവർ വണ്ടി നിർത്തി വിരൽചൂണ്ടി –തൊട്ടരികിലതാ കടുവയും മൂന്ന് കൂട്ടിക്കടുവകളും. ഫ്രെയിമുകൾ പരീക്ഷിക്കാൻ പാകത്തിൽ, വന്യതയുടെ ലഹരി നിറഞ്ഞ ഭാവങ്ങളുമായി കാടിന്റെ തമ്പ്രാക്കന്മാർ!

സുഹൃത്ത് പുതിയ കാർ വാങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു രാജസ്ഥാൻ യാത്ര. മനുഷ്യരും പുലികളും ഒരുമിച്ച് ജീവിക്കുന്ന ഭേര ഗ്രാമമായിരുന്നു പ്രധാനലക്ഷ്യം. പക്ഷേ പ്രതീക്ഷിച്ച ചിത്രങ്ങൾ കിട്ടിയില്ല. പുതിയ റോഡുകളിലേക്ക് വളയം തിരിച്ചു. റാൺ ഓഫ് കച്ചെത്താറായപ്പോഴാണ് റോഡരികിലെ കാഴ്ച ശ്രദ്ധിച്ചത്. പശുക്കളുടെ ശവശരീരം കൂട്ടിയിടുന്ന സ്ഥലമാണ്. അതിനടുത്തതാ ഒരു കഴുകൻ! മാംസത്തിന്റെ കൊതിപൂണ്ടുള്ള ആ നിൽപ്പ് അതേപടി ക്യാമറയിൽ ഒപ്പിയെടുത്തു. ഇത്തിരി ദൂരം മുന്നോട്ട് ചെന്നപ്പോഴേക്കും ഭൂപ്രകൃതി മാറി. ഒഴിഞ്ഞ കുന്നിൻ ചെരിവുകൾ. അതിനിടയിലൊരു മാനിനെ കണ്ട് പെട്ടെന്ന് ക്യാമറയൊരുക്കി. മാൻ ശരവേഗത്തിൽ കുതിച്ചു. രണ്ടും കൽപിച്ചുള്ള ക്ലിക്ക്. ഭാഗ്യം, പതിഞ്ഞിട്ടുണ്ട്, പറക്കുന്ന മാനിന്റെ ചിത്രം! മാടായിപ്പാറയിലെ പക്ഷികളുടെ പറക്കുംചിത്രമെടുത്ത് പരിശീലിച്ചതിന്റെ ഗുണം. റാൺ ഓഫ് കച്ചിലെ പൂച്ച മൂങ്ങ,  നൽസരോവറിലെ പട്ട വാലൻ സ്നാപ്, gull, വെലവതാർ ദേശിയോദ്യാനത്തിലെ black muck, blue bill...യാത്ര വെറുതെയായില്ല.‌

കുറഞ്ഞ കാലത്തെ യാത്രകളിൽ കുറച്ചുചിത്രങ്ങളേ പകർത്താനായിട്ടുള്ളൂ. പകർത്തുന്ന ചിത്രങ്ങളും പഠിക്കുന്ന കാനനപാഠങ്ങളും വിദ്യാർഥികളിലേക്ക് പകരാനും ശ്രമിക്കുന്നു.  യാത്രകൾ ഇനിയും ബാക്കിയാണ്. മോഹിപ്പിക്കുന്ന ചിത്രങ്ങളും... ആവുന്ന അത്രയുമെടുക്കണം. എന്റെ കുട്ടികളുമായി പങ്കുവയ്ക്കണം...മനോജിന്റെ വൈൽഡ് ലൈഫ് സ്വപ്നങ്ങളുടെ ബെൽ നിർത്താതെ മുഴങ്ങുകയാണ്

ചിത്രങ്ങൾ: മനോജ് ഇരിട്ടി