ലേയിലേക്കാണോ? ഹിമാലയൻ യാത്രയ്ക്കൊരുങ്ങുന്ന ബൈക്കേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലമ്പൂർ സ്വദേശി നൗഫൽ തന്റെ ബജാജ് അവഞ്ചർ 220 യുമായി ലേയിൽ എത്തിയതിന്റെ അനുഭവങ്ങൾ അറിയാം. 

സോളോ റൈഡുകൾ ഒരു വികാരമാണ്. നീണ്ടുകിടക്കുന്ന പാതകൾ, മലനിരകൾ, സമതലങ്ങൾ..ഇങ്ങനെ കാണാക്കാഴ്ചകളെയും  ഇരുചക്രവാഹനങ്ങളെയും പ്രണയിക്കുന്നവരാണ്  ഏകാന്തയാത്രകൾക്കൊരുങ്ങുക.  ഇത്തരക്കാർക്കിടയിൽ ഏറ്റവും ആവേശമുണർത്തുന്ന ഒരു യാത്രയാണ് ഹിമാലയത്തിലെ ലേയിലേക്കുള്ള ബൈക്ക് റൈഡ്. അടുത്ത യാത്ര അങ്ങോട്ടാക്കുന്നെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. 

ആദ്യം എവിടെനിന്നാണ് ബൈക്കോടിച്ചുപോകുന്നത് എന്നു തീരുമാനിക്കുക. കേരളത്തിൽനിന്നു ബൈക്കോടിച്ചുപോകുന്നവരുണ്ട്. എന്നാൽ പ്രായോഗികമായത് ബൈക്ക് പാഴ്സൽ ചെയ്യുകയാണ്.   ട്രയിനുകളിൽ ബൈക്ക് ചണ്ഡിഗഡ് വരെ പാഴ്സൽ ആക്കി അയയ്ക്കാം. 

ബൈക്ക് പാഴ്സൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ഇന്ധനം പൂർണമായും ഊറ്റിക്കളയണം. 

2) പുറത്തേക്കു തള്ളിനിൽക്കുന്ന ഇൻഡിക്കേറ്ററുകൾ, കണ്ണാടികൾ എന്നിവ ഊരിമാറ്റി കൈയിൽ സൂക്ഷിക്കുക.  

3) വാഹനത്തിന്റെ  ആർസി,  ബുക്ക് ചെയ്യാൻ ചെയ്യുന്നയാളുടെ തിരിച്ചറിയൽ കാർഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും കയ്യിൽ കരുതുക. 

4) പാക്കിങ് പോർട്ടർമാർ ചെയ്തുകൊള്ളും. ഇതിനായി അഞ്ഞൂറു രൂപയാണ് ഇപ്പോൾ നൽകേണ്ടത്. (നിങ്ങൾ സഞ്ചരിക്കുന്ന തീവണ്ടിയിൽത്തന്നെ ബൈക്ക് കയറ്റിവിടണമെങ്കിൽ ഈ പോർട്ടർമാർ വിചാരിക്കണം). 

6) പാഴ്സൽ ഫോം പൂരിപ്പിച്ചു നൽകുമ്പോൾ ചിലർ വാഹനത്തിന്റെ വില താഴ്ത്തി എഴുതാറുണ്ട്. ഇതു ശരിയല്ല. എന്തെങ്കിലും കാരണവശാൽ വാഹനം നഷ്ടമാവുകയോ അല്ലെങ്കിൽ ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ റയിൽവേ ഈ വിലയ്ക്കനുസരിച്ചുള്ള നഷ്ടപരിഹാരമേ നൽകുകയുള്ളൂ. യഥാർഥത്തിൽ വിപണിമൂല്യംത്തന്നെ എഴുതുക.  

7) വിലകൂടിയ ബൈക്ക് ആണെങ്കിൽ ഇൻഷൂറൻസ് കംപനികളിൽനിന്ന് ട്രാൻസിറ്റ് ഇൻഷൂറൻസ് എടുക്കുക (യാത്രക്കാർക്ക് ട്രാവൽ ഇൻഷൂറൻസും എടുക്കുന്നതു നല്ലതാണ്)

7) ബുക്കിങ് രശീതിന്റെ അസ്സൽ കാണിച്ചാലേ വാഹനം തിരികെക്കിട്ടുകയുള്ളൂ. ശ്രദ്ധയോടെ ഈ രശീത് സൂക്ഷിക്കുക. ഒരു ഫോട്ടോയോ, ഫോട്ടോസ്റ്റാറ്റോ എടുക്കുന്നത് നന്നായിരിക്കും. 

ലേയിലേക്കു പോകുന്നവർ ചണ്ഡിഗഡിലേക്കാണ് സാധാരണ ബൈക്ക് അയക്കുക. 

ലേ യാത്ര

വലിയ യാത്രകൾക്കു മുൻപേ വാഹനത്തിന്റെ  ഓയിൽ ഫിൽറ്റർ എയർ ഫിൽറ്റർ എന്നിവ പരിശോധിപ്പിക്കുക.  സാധിക്കുമെങ്കിൽ പുതിയത് ഇടുക. ഉയരമുള്ള സ്ഥലത്ത് ഓക്സിജൻ കുറവായിരിക്കും. എയർഫിൽറ്ററിലും മറ്റും മാലിന്യങ്ങളുണ്ടെങ്കിൽ ഇതു വിനയാകും.

പാസുകളും രേഖകളും

മണാലിയിൽനിന്നു റോത്താങ് പാസിലേക്കുള്ള വഴിയിൽ ചെക്ക്പോസ്റ്റുണ്ട്. ലേ വരെ യാത്രയുണ്ടെങ്കിൽ ഇവിടെ കൺജഷൻ ചാർജ് ആയി 50 രൂപ നൽകണം. ഓൺലൈൻ ആയി പാസ് എടുക്കുകയാണു നല്ലത്. . ചെക്ക്പോസ്റ്റിൽനിന്നെടുക്കുമ്പോൾ നൂറുരൂപ വരും. മണാലി ടൂറിസം ഡവലപ്മെന്റ് കൗൺസിൽ വെബ്സൈറ്റിൽ പെർമിറ്റിനായി അപേക്ഷിക്കാം.   ലേ വരെ  ആ പാസ് മതി. റോത്താങ് പാസിൽ ചൊവ്വാഴ്ച പ്രവേശനമില്ല.  ജിസ്പ എന്ന ഗ്രാമത്തിൽ ചെക്ക്പോയിന്റുകൾ ഉണ്ട്. വണ്ടിനമ്പറും പേരും പറഞ്ഞുകൊടുത്താൽ മതി. 

വാഹനത്തിന്റെ  ആർസി, മലിനീകരണ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ഒറിജിനലുകളും അഞ്ചു കോപ്പികളും കൈയിൽ വയ്ക്കണം. ഫോട്ടോസ്റ്റാറ്റ് സൗകര്യമില്ലാത്ത ഹോട്ടലുകളിലും ടെന്റുകളിലും ഈ കോപ്പികൾ ഉപകാരപ്പെടും. 

താമസസൗകര്യം

മണാലിയിൽ ഒട്ടേറെ ചെറു താമസസൗകര്യങ്ങളുണ്ട്. ഓൺലൈൻ ആയി ബുക്ക് ചെയ്താൽ ഓഫറുകൾ ലഭിക്കും. മണാലി കഴിഞ്ഞാൽ ജിസ്പ വരെയെത്തുന്നതിന് ഒരു ദിവസം. ജിസ്പയിൽ ഒട്ടേറെ ടെന്റുകൾ ലഭിക്കും. നൂറ്റമ്പതുരൂപ മുതൽ രണ്ടായിരം രൂപവരെയുള്ള ടെന്റുകളുണ്ട്.

ഇന്ധനം

ചണ്ഡിഗഡ്– ലേ ആകെ ദൂരം 784 കിലോമീറ്റർ. 

മണാലിയിൽനിന്നു ഫുൾടാങ്ക് പെട്രോൾ അടിക്കണം. ഒരു കന്നാസിൽ അത്യാവശ്യമെങ്കിൽ പെട്രോൾ കൊണ്ടുപോകാം. നൂറ്റിപ്പത്തു കിലോമീറ്റർ കഴിഞ്ഞ്  താണ്ടി എന്ന ഗ്രാമത്തിലാണ് അടുത്ത പെട്രോൾ ബങ്ക് ഉള്ളത്. ലേ വരെ 370 കിലോമീറ്റർ ദൂരം പിന്നീട് ഇന്ധനം ലഭിക്കില്ല. 

വാഹനത്തിൽ വേണ്ട ഉപകരണങ്ങൾ

വണ്ടിയുടെ ബൾബുകൾ, അത്യാവശ്യം വേണ്ട ടൂൾസ്, എം സീൽ, പംക്ചർ കിറ്റ്. 

ഓഫ് റോഡ് യാത്രകളിൽ കല്ലുകൾ കൊണ്ടോ മറ്റോ ടാങ്കുകളിൽ ദ്വാരം വീഴാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് എം സീൽ.  ടർപോളിൻ പോലുള്ള റയിൻ കവറുകൾ, കയറുകൾ, ടോർച്ച്, മൊബൈൽ ചാർജർ, ഹാൻഡിലിൽ പിടിപ്പിക്കാനുള്ള ഹോൾഡർ. (വീഡിയോ പകർത്താനും ഇതുപയോഗിക്കാം) 

മറ്റു ലഗേജുകൾ കുറയ്ക്കണം. സാധ്യമെങ്കിൽ ഒരു ബാഗിൽ കൊള്ളുന്ന സാധനസാമഗ്രികൾ മതി. 

ആഹാരം

മിക്കയിടങ്ങളിലും ആഹാരം ലഭ്യമാണ്. നൂഡിൽസ് ആണ് സർവസാധാരണം. 

വെള്ളം സംഭരിക്കാൻ രണ്ടു ലിറ്ററിന്റെ കാൻ കരുതണം.  ഭക്ഷണം കഴിക്കുന്നിടത്തുനിന്ന ഈ കാനിൽ യാതൊരു മടിയും കൂടാതെ അവർ വെള്ളം നിറച്ചുതരും. 

ഹെൽമറ്റ്– കൂളിങ് ഗ്ലാസ് ഉള്ള ഹെൽമറ്റ് നല്ലതല്ല. പ്ലെയിൻ ഗ്ലാസ് ആണെങ്കിൽ ഇത്തിരി ലൈറ്റ് കുറയുമ്പോഴും ഗ്ലാസ് പൊക്കിവയ്ക്കാതെ വണ്ടിയോടിക്കാം. പൊടിയടിക്കില്ല. തണുപ്പുമടിക്കില്ല. 

യുവി പ്രൊട്ടക്ടഡ് സൺ ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്. 

അരുവികൾ ധാരാളം ക്രോസ് ചെയ്യേണ്ടിവരുന്നതുകൊണ്ട് വാട്ടർപ്രൂഫ് ഷൂ കരുതുക, അല്ലെങ്കിൽ ഷൂ  പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുക. വാട്ടർപ്രൂഫ് ഗ്ലവ് അത്യാവശ്യമാണ്. 

മിതവേഗത്തിൽ യാത്ര ചെയ്യുക എന്നതു പറയേണ്ടതില്ലല്ലോ?