ഏതൊരു സഞ്ചാരിയുടെയും സ്വപ്നനഗരം

പർവതങ്ങളും താഴ്‍‍വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചൽ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകൾ നിറഞ്ഞ സ്വപ്‍നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ വളരെ കുറവാണ്. അതിമനോഹരിയെങ്കിലും പ്രശ്നബാധിതമാണ് അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തി. ഇന്ത്യൻ സംസ്ഥാനമാണെങ്കിലും അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ടിബറ്റ് സ്വയംഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈനയുടെ അവകാശവാദം. വടക്കുകിഴക്കിന്റെ സ്വർഗം എന്നറിയപ്പെടുന്ന തവാങ്ങിലെ ഇന്ത്യ-ചൈന അതിർത്തിയിലാണ് ബുംല പാസ്. അരുണാചൽ പ്രദേശിലെ ഏറ്റവും ആകർഷകമായ ഒരിടം കൂടിയാണ് ബുംല പാസ്. തവാങിന്റെ കിരീടം എന്നറിയപ്പെടുന്ന, ഇന്ത്യയിൽ ഏറ്റവുമാദ്യം മഞ്ഞുപൊഴിയുന്ന ബുംല പാസിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. സന്ദർശിക്കാൻ പ്രത്യേക അനുമതി ആവശ്യമുള്ള ബുംല പാസിനെക്കുറിച്ചു കൂടുതലറിയാം.

അരുണാചൽപ്രദേശ്

സമുദ്രനിരപ്പിൽനിന്ന് 5000 മീറ്റർ ഉയരത്തിലാണ് ബുംല പാസ്. ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ ഇന്ത്യയിലേക്കു പലായനം ചെയ്തത് ഇതുവഴിയാണ്. ഇവിടെ, ഞരമ്പുകൾ പോലും ഉറഞ്ഞുപോകുന്ന തണുപ്പിൽ ഇന്ത്യൻ സൈനികർ അതിർത്തി കാക്കുന്ന കാഴ്ച ഏതൊരു ഇന്ത്യക്കാരനിലും അഭിമാനവും ദേശസ്നേഹവും ഉണർത്തും. ഇവിടുത്തെ കാഴ്ചകൾ കാണണമെങ്കിൽ തവാങ് ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണറുടെ കാര്യാലയത്തിൽനിന്നും തവാങിലെ ഇന്ത്യൻ ആർമി കന്റോൺമെന്റിൽനിന്നും പ്രത്യേക അനുമതി വാങ്ങണം. മഴയും മഞ്ഞുവീഴ്ചയും ഇല്ലാത്ത തെളിഞ്ഞ ദിവസങ്ങൾ നോക്കി കാഴ്ച കാണാൻ ഇറങ്ങുന്നതായിരിക്കും ഉത്തമം. കഠിനമായ മഞ്ഞുവീഴ്ചയും മഴയും ഉണ്ടെങ്കിൽ  സന്ദർശനാനുമതി ലഭിക്കാനും പ്രയാസമാണ്. വഴികൾ വളരെ ദുർഘടം പിടിച്ചതായതുകൊണ്ട്, എസ്‌യുവി ആയിരിക്കും യാത്രയ്ക്കു സൗകര്യപ്രദമായ വാഹനം. 

ദലൈ ലാമ ഇന്ത്യയിലേക്ക് അഭയാര്‍ഥിയായി എത്തിയ, ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പാത ബുംല പാസിലെ അതിപ്രധാന കാഴ്ചയാണ്. അതിസുന്ദരിയായ സാങ്കേസ്റ്റാർ സോ തടാകം യാത്രയെ കൂടുതൽ മനോഹരമാക്കും. അവിടെനിന്നു മുന്നോട്ട് നീങ്ങി യാത്ര അവസാനിക്കുന്നതു ധാരാളം ഉരുളൻ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരിടത്താണ്. അതാണ്  അതിർത്തിയിലെ റോക്ക് ഓഫ് പീസ്. അവിടെയൊരു ഇന്ത്യൻ സൈനികനെ കാണാം. പല്ലുകൾ കൂട്ടിയിടിക്കുന്ന ആ തണുപ്പിൽ ഒരു ബൈനോകുലറും കൈയിൽ പിടിച്ചുള്ള അദ്ദേഹത്തിന്റെ നിൽപ്പിന് ആ നിമിഷംതന്നെ അഭിവാദ്യം അർപ്പിക്കാൻ തോന്നും. യാത്രയിൽ കാണാൻ കഴിയുന്ന ഒരിടമാണ്  ഇന്ത്യ- ചൈന ബോർഡർ പഴ്സനൽ മീറ്റിങ് പോയിന്റ്. നാല് മീറ്റിങ് പോയിന്റുകളിൽ ഒന്നാണിത്. ഇവിടെ വെച്ചാണ് ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും കൂടിക്കാഴ്ചകളും ചർച്ചകളുമൊക്കെ നടത്താറ്. 

ബുംല പാസ് സന്ദർശിക്കുന്നതിന് ഏറ്റവും അനുയോജ്യം വേനൽക്കാലമാണ്. അപ്പോൾ മഴ പെയ്യാനുള്ള സാധ്യത വളരെക്കുറവാണ്. മഞ്ഞുവീഴ്ചയും മഴയും ഇല്ലാത്ത സമയമാണ് ബുംല പാസ് യാത്ര ആസ്വദിക്കാൻ ഏറ്റവും ഉചിതം.