എ‌ടയ്ക്കൽ: ചരിത്രത്തിലേക്കൊരു ഗുഹ

രണ്ടു വലിയ പാറകൾക്കിടയിലേക്കു പതിച്ച ഒരു കല്ല് ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന ശിലാലിഖിതങ്ങളുടേതാണ്. പ്രാചീന മനുഷ്യർ ശിലാലിഖിതങ്ങൾ കൊത്തിവച്ച വയനാട്ടിലെ ഈ പാറ ചരിത്രാതീത കാലഘട്ടത്തിന്റെ അറിവും തെള‍ിവുമാണ്. പ്രകൃതിഭംഗി കൊണ്ടും ചരിത്രപ്രാധാന്യം കൊണ്ടും ശ്രദ്ധേയമായ എടയ്ക്കൽ ഗുഹ ഇന്ത്യയിൽ നിർബന്ധമായും കാണേണ്ട ചരിത്രപ്രാധാന്യമുള്ള പട്ടികയിൽ വിദേശസഞ്ചാരികൾ എഴുതിച്ചേർത്തിട്ടുണ്ട്.

ബ്രിട്ടിഷ് സർക്കാരിന്റെ പെ‍ാലീസ് ഉദ്യോഗസ്ഥനായ എഫ്. ഫോസെറ്റ് കണ്ടെത്തിയ ചരിത്രരേഖകൾ യുനെസ്കോയുടെ പൈത‍ൃകപദവിക്കായി കാത്തിരിക്കുകയാണ്. ബ്ര‍‍ിട്ടിഷ‍ുകാരുടെ ചരിത്ര രേഖകളിലെല്ലാം ബത്തേരി റോക്ക് എന്ന പേരിലാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയെ രേഖപ്പെടുത്തിയിരിക്കുന്നത്.

ശ്രീരാമന്റെ അമ്പേറ്റ് പാറപെ‍ാളിഞ്ഞു വിടവുണ്ടായെന്ന‍ാണ് െഎതിഹ്യം. അതിൽ നിന്നാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയ്ക്ക് അമ്പുകുത്തി മല എന്ന പേരുണ്ടായത്. രണ്ടു പാറകളുടെ ഇടയിൽ വീണ വലിയ കല്ലെന്ന നിലയിലാണ് എടയ്ക്കൽ എന്ന പേര‍ുമുണ്ടായത്.

സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ബ്ര‍ാഹ‍്മ‍ി ലിഖിതങ്ങളുള്ളത് എടയ്ക്കൽ ഗുഹയിലാണ്. മനുഷ്യർ, മൃഗങ്ങൾ, ചക്രങ്ങൾ, വണ്ടികൾ എന്നിവയുടെയെല്ലാം ചിത്രങ്ങൾ ശിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിന് എടയ്ക്കൽ ഗുഹയിലെ ചിത്രങ്ങളുടെ വ്യാഖ്യാനങ്ങൾ സഹായകമായിട്ടുണ്ട്.

എ‌ടയ്ക്കലിന്റെ പരിസരപ്രദേശങ്ങളിലും ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ തൊവരിമലയിലെ എഴുത്തുപാറയിലും പുരാതനശിലാലിഖിതങ്ങളുണ്ട്. 1968 ലെ പ്രാചീന സ്മാരക പുരാവസ്തു സങ്കേത ചട്ടങ്ങൾ പ്രകാരം എടയ്ക്കലിൽ റോക് ഷെൽട്ടർ ഉൾപ്പെടുന്ന അഞ്ച് ഏക്കറിന് ചുറ്റും 300 മീറ്റർ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച‍ത് എടയ്ക്കലിന്റെ പൈത‍ൃകപദവി പ്രതീക്ഷിച്ചാണ്. പൈതൃകപദവി നേടിയാൽ ലോകത്തിന്റെ കൂടുതൽ ശ്രദ്ധയും സഞ്ചാരികള‍ുമെത്ത‍ുന്ന കേന്ദ്രമായി എടയ്ക്കൽ ഗുഹ മാറുമെന്ന‍് ഉറപ്പാണ്.

∙ സർക്കാർ ചെയ്യേണ്ടത്

എടയ്ക്കൽ ഗുഹയ്ക്ക് പൈതൃകപദവിയെന്ന ലക്ഷ്യത്തിനു വേണ്ട നടപടികൾ വേഗത്തിലാക്കണം. വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങൾ സംരക്ഷിക്കാനും കാര്യമായ നടപടി വേണം. മഴ മുതൽ സമീപത്തായി നടക്കുന്ന ഖനനങ്ങൾ വരെ ഇൗ ചിത്രങ്ങളുടെ നാശത്തിനിടയാക്കുന്നു.

എടയ്ക്കൽ ഗുഹയുടെ സംരക്ഷണം പുരാവസ്തു വകുപ്പിനും ടൂറിസം പ്രവർത്തനം വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനുമാണ്. സഞ്ചാരികൾക്കു വിശ്രമിക്കാനും മറ്റും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തേണ്ടതുണ്ട്.

∙ എങ്ങനെ എത്താം

വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് നെന്മേനി പഞ്ചായത്തിലെ എടയ്ക്കൽ ഗുഹയിലേക്ക് 25 കിലോമീറ്റർ ദ‍ൂരമുണ്ട്. സമീപ ടൗണായ അമ്പലവയലിൽ നിന്ന് 11 കിലോമീറ്റർ. മലയുടെ അടിഭാഗത്തു നിന്ന‍ുള്ള മൂന്നു കിലോമീറ്ററോളം കാൽനടയായി പോകണം. ഇത്തിരി സാഹസികമാണ് എ‌‌ടയ്ക്കൽ മലകയറ്റം. ഇപ്പോൾ പടികളും ഉണ്ട്. തിങ്കളാഴ്ച പ്രവേശനമില്ല.