ബാൽക്കണിയിലിരുന്നു കാട്ടാനകളെ കാണണോ?

മൂന്നുസംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് തമിഴ്നാട്ടിലെ  ഗൂഢല്ലൂർ. ലോകപ്രശസ്തമായ വന്യജീവിസങ്കേതങ്ങളും മലയോരങ്ങളും ഗൂഢല്ലൂരിന്റെ തൊട്ടടുത്തുണ്ട്. എന്നിട്ടും നീയെന്തേ പ്രശസ്തമായില്ല എന്നുചോദിച്ചാൽ ഗൂഢല്ലൂരിനൊരു മറുപടിയുണ്ട്. നിങ്ങളിതുവരെ എന്നെ കണ്ടിട്ടില്ല. എന്നെ അറിഞ്ഞിട്ടില്ല. അതൊരു സത്യമാണുതാനും. കാരണം ഗൂഢല്ലൂർ സഞ്ചാരികൾക്ക് ഒരു ഇടത്താവളം മാത്രമാണ്.

ഗൂഢല്ലൂരിലെ കാഴ്ചകൾ

സംസ്ഥാനങ്ങളുടെ സംഗമഭൂമി

 കേരളത്തിൽനിന്നു നിലമ്പൂർ നാടുകാണിച്ചുരം വഴി ഇവിടേക്കെത്താം,  വയനാട്ടിൽനിന്ന് സുൽത്താൻ ബത്തേരി വഴിയും ഇവിടെക്കെത്താം.  കർണാടകയിലെ ഗുണ്ടൽപേട്ടിൽനിന്നും ഗൂഢല്ലൂരിലേക്കെത്താം.

ഗൂഢല്ലൂരിലെ കാഴ്ചകൾ

എല്ലാവരും ഗൂഢല്ലൂരിലേക്കെത്തുന്നത് ഊട്ടി കാണാനാണ്. അല്ലെങ്കിൽ മുതുമലൈ കടുവാ സങ്കേതത്തെയോ, ബന്ദിപ്പൂർ ദേശീയോദ്യാനത്തെയോ അറിയാനാണ്. അതുമല്ലെങ്കിൽ ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങളിൽ ദിവസം ചെലവിടാനാണ്. ഇതൊന്നുമല്ലാതെ ഗൂഢല്ലൂരിലേക്കെത്താം. 

ഗൂഢല്ലൂരിലെ കാഴ്ചകൾ

ആനകേറും മലയിൽ

മാമത്ത് ക്ലിഫ് ജംഗിൾ റിസോർട്ടിന്റെ ഉടമ മുരുകൻ കഴിഞ്ഞയാഴ്ച പടം അയച്ചുതന്നു. അദ്ദേഹത്തിന്റെ റിസോർട്ടിൽ ബാൽക്കണിയിൽ നിന്നു കൈപ്പാടകലെ ആനക്കൂട്ടം മേയുന്നു. തണുപ്പോടുമീ നാട്ടിൽ നിങ്ങളും വായോ എന്ന തേൻമാവിൻകൊമ്പത്ത് സിനിമയിലെ തലവരിപ്പാട്ടുവരികളാണ് മുരുകന്റെ ക്ഷണം കേട്ടപ്പോൾ ആദ്യം മനസ്സിലെത്തിയത്.

ഗൂഢല്ലൂരിലെ കാഴ്ചകൾ

നിലമ്പൂരിൽനിന്ന് ഒരു മണിക്കൂർ ചെന്നാൽ മതി. മഞ്ഞും മലകളും തേയിലത്തോട്ടങ്ങളും സായിപ്പിന്റെ കാലത്തെ ഫാക്ടറികളും എസ്റ്റേറ്റ് ബംഗ്ലാവുകളും നിറഞ്ഞ ഗൂഢല്ലൂരിലെത്താൻ. അങ്ങനെയൊരു ആനകേറും മലയിലേക്കാണ് ഇത്തവണ പോകുന്നത്. 

നാടുകാണിയിലൊന്നും തണുപ്പില്ല. നിലമ്പൂരിൽ ഒട്ടുമില്ല. സുഹൃത്ത് അഖിലിന്റെ കാറിനുള്ളിലെ തണുപ്പിനെത്തന്നെ  ആശ്രയിക്കേണ്ടി വന്നു. പക്ഷേ, ചുരം കയറി മുകളിലെത്തിയപ്പോൾ കഥ മാറി. വൈകുന്നേരമായപ്പോഴേക്കും മഞ്ഞടിക്കാൻ തുടങ്ങി. മുരുകേട്ടൻ തന്റെ ഫോർവീൽ ഡ്രൈവ് ജീപ്പുമായി ഗൂഢല്ലൂർ പട്ടണത്തിൽ കാത്തുനിന്നിരുന്നു.

ഗൂഢല്ലൂരിലെ കാഴ്ചകൾ

കുറച്ചുദൂരം ഓഫ്–റോഡാണ്. ജീപ്പുമാത്രം പോകുന്ന വഴി. ജീപ്പിൽ കയറുമ്പോൾ ചങ്ങാതിമാർക്കെല്ലാം ത്രില്ലടിച്ചിരുന്നു.  കാരണം ഒന്നുമില്ലെന്നു കരുതിയിരുന്നൊരു നാട്ടിലെ അതിസുന്ദരമായൊരു താമസസൗകര്യം അനുഭവിക്കാനാണു യാത്ര. ജീപ്പിന്റെ കുലുക്കം എല്ലാവരും ആസ്വദിച്ചു.

ജീപ്പ് യാത്ര

ദൂരെനിന്നു കാണാം ആ ഇരുനിലക്കെട്ടിടം. കൽ‍ഭിത്തി. കോക്കൽ മലയുടെ തുമ്പ് േദ, ഇങ്ങനെ കയ്യൊന്നുയർത്തിയാൽ തൊടാമെന്ന പ്രതീതിയാണ് ബാൽക്കണിയിലിരുന്നാൽ. മഞ്ഞ് മലകളിൽനിന്നിറങ്ങി അതിഥികൾക്കു സുഖമല്ലേ എന്നന്വേഷിച്ച് ആ ഇരിപ്പിടങ്ങളെ തഴുകി കടന്നുപോകുന്നുണ്ട്.

ബാൽക്കണിയിൽ നിന്നുമുള്ള കാഴ്ച

തണുപ്പ് കൂടിക്കൂടി വരുന്നു. എന്നാൽ കാറ്റടിക്കുന്നില്ല. അതുകൊണ്ടുതന്നെ എത്രനേരം വേണമെങ്കിലും ആ ബാൽക്കണിയിലിരിക്കാം. വല്യ തണുപ്പായാൽ റൂമിലേക്കു കയറാം. വിശാലമായ ആ കർട്ടൺ ഒന്നുമാറ്റാം. അതിസുന്ദരമായും വൃത്തിയായും ഒരുക്കിയ കട്ടിലിലിരുന്നാൽത്തന്നെ കോക്കൽ മലയെ മഞ്ഞുമൂടുന്നതു കാണാം.

എന്തിനാ ഊട്ടിയിലൊക്കെ പോകുന്നത്? കൊയമ്പത്തൂരിൽനിന്നു വന്ന  സുഹൃത്ത് സുദീപ് ചോദിക്കുന്നു. ശരിയാണ് അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലോ. അങ്ങു ദൂരെ ഗൂഢല്ലൂർ പട്ടണത്തിലെ വിളക്കുകൾ തെളിഞ്ഞുനിൽക്കുന്നതു കാണാം. 

ഗൂഢല്ലൂരിലെ കാഴ്ചകൾ

ദേ, ഒരു മാൻ– സർക്കാർ ഉദ്യോഗസ്ഥനായ രാകേഷിന്റെ കണ്ണുകൾക്കു നല്ല സൂക്ഷ്മത. 

ഗൂഢല്ലൂരിലെ കാഴ്ചകൾ

ഒന്നല്ല രണ്ടെണ്ണം. വിപിനൻ എന്ന മറ്റൊരു സുഹൃത്ത് തിരുത്തുന്നു. ശരിയാണ് രണ്ട് കേഴമാനുകൾ ഞങ്ങളുടെ ബാൽക്കണിയ്ക്കു താഴെ ആ തേയിലക്കാടുകൾക്കിടയിലൂടെ കളിയാടുന്നു. മഞ്ഞും മാനുകളും   സായന്തനവും... ആഹാ.

കാട്ടാനയെ തേടി

ഗൂഢമായ ഈ സ്ഥലത്തെ ഗുഢല്ലൂർ എന്നല്ലാതെ എന്തു വിളിക്കാൻ. ആനകൾ ഇന്നലെ വന്നിരുന്നു– മുരുകേട്ടൻ ആനകൾ ചവിട്ടിക്കുഴച്ചിട്ട ഒരു ചെറു കിടങ്ങ് കാണിച്ചുതന്നു. ഓപ്പൺ ടെറസിൽ കയറിയാൽ പിന്നെ നമ്മളും മലകളും മഞ്ഞും മാത്രം. 

മുരുകേട്ടനും സഹായികളും തയാറാക്കിയ ചപ്പാത്തിയും ചിക്കൻകറിയും കഴിച്ച് കൂക്കൽ മലയടിവാരത്തിന്റെ നിശബ്ദതയിൽ രാവുറക്കം. ഫാൻ വേണ്ട, എസി വേണ്ട... 

രാവിലെത്തന്നെ ആ സൂര്യൻ ചങ്ങാതി ഉറക്കം കളഞ്ഞു. കിഴക്കുദിക്കിനഭിമുഖമായാണു ബാൽക്കണി. സൂര്യൻ കോക്കൽ മലമുകളിൽനിന്നു പൊങ്ങിവരുംതോറും മഞ്ഞും കനത്തുവരുന്നു. സർ, ആ മലമുകളിലേക്കു ട്രെക്കിങ് പോകാം? നടക്കുംതോറും ഉയരം കൂടുന്നമാതിരിയൊരു മല.

ഈ ട്രെക്കിങ് റൂം പാക്കേജിൽ ഉൾപ്പെട്ടതാണ്. വീണ്ടും മാനുകളെ കണ്ടു. മുഖത്ത് കൺമഷിയെഴുതിയിട്ടുണ്ട്. എന്തൊരു നിഷ്കളങ്കതയാണതിൻ മുഖത്ത്. 

ഉച്ചയോടെ മാമത്ത് ക്ലിഫിന്റെ ഭംഗിയിൽനിന്നു ഞങ്ങൾ പിരിഞ്ഞു. ഇനി ഗൂഢല്ലൂർ പട്ടണത്തിലേക്ക്.  ഇവിടെയൊരു ചൈനാ വില്ലേജുണ്ട്. പിന്നെ നീഡിൽ റോക്ക്, നൂറ്റാണ്ടുകൾ പഴക്കമുള്ള ജയിൽ, സിംകോണ മരങ്ങളുടെ തോട്ടം തുടങ്ങി കാഴ്ചകൾ ഏറെയുണ്ട്. ഏതു നാട്ടിലും ഒന്നു ചുഴി‍ഞ്ഞിറങ്ങിയാൽ കഥകളുടെ സാഗരം തന്നെ ലഭിക്കും.

മാമത്ത് ക്ലിഫിലെ താമസമൊരുക്കിത്തന്ന സുഹൃത്ത് നിതീഷിനും നല്ല ആതിഥേയനായ മുരുകേട്ടനും മനസ്സിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ടു മലയിറക്കം. 

പഴമാണു ജീവിതം

ജോയ് ചേട്ടനെ കാണണമെങ്കിൽ ഏതെങ്കിലും പഴക്കുല മാറ്റിനോക്കണം. ഗൂഢല്ലൂരിലെത്തുന്നവർ മറക്കാതെ കയറുന്നൊരു കടയാണ് ചേട്ടന്റെ പഴക്കട. മോറിസ്, പച്ചച്ചിന്നൻ, പച്ചനാടൻ, ചെട്ടനാടൻ എന്നിങ്ങനെ പതിനാറ് ഇനം പഴങ്ങൾ ഇവിടെയുണ്ട്. പണ്ട് നടന്നു പഴം വിൽക്കുകയായിരുന്നു. ഇപ്പോൾ പോകാൻ വയ്യാതായപ്പോൾ കടയിട്ടു.

ജോയ് ചേട്ടൻ

ചെങ്കദളിയും മലമുണ്ടിയും നിറഞ്ഞുനിൽക്കുന്ന ആ കടകൂടി കടന്ന് ബന്ദിപ്പൂരിലേക്ക്. അടുത്തുണ്ടായിട്ടും അറിയാത്തൊരു നാട്ടിലെ രാവുറക്കം. വന്യമൃഗങ്ങളെ അടുത്തു കാണാനുള്ള അവസരം എന്നിവയാണീ യാത്രയുടെ ഹൈലൈറ്റ്. ഊട്ടിയ്ക്കും മുതുമലൈയ്ക്കും ബന്ദിപ്പൂരിലേക്കും പോകുന്നവർക്ക് മികച്ച താമസസൗകര്യം നൽകുകയാണ് ഗൂഢല്ലൂർ. 

അടുത്തുള്ള സ്ഥലങ്ങൾ

മുതുമലൈ ടൈഗർ റിസർവ്. 

ബന്ദിപ്പൂർ ടൈഗർ റിസർവ്

നിലമ്പൂർ 

ഊട്ടി

മസിനഗുഡി

മാമത്ത് ക്ലിഫ് ജംഗിൾ റിസോർട്ടിലെ  താമസസൗകര്യത്തിന് ബന്ധപ്പെടുക– മുരുകൻ 9894009892