ചപ്പാത്തി നഹീ..ചോർ ചോർ, രമണനാണ് താരം

അടുക്കള ചുവരിലെ ആണിയിൽ തൂങ്ങിക്കിടക്കുന്ന തേയിലക്കറ പുരണ്ട അരിപ്പയ്ക്ക് കടുപ്പം കൂടിയും കുറഞ്ഞും അരിച്ചിറങ്ങി പോയ എത്രയെത്ര ചായകഥകളാണ് പറയാനുണ്ടാകുക? എന്നും ഉപയോഗിക്കുന്നുണ്ടെങ്കിലും വലിയ സ്ഥാനമാനങ്ങളോ പദവിയോ ഒന്നുമില്ലാത്ത ആ ഉപകരണം പെട്ടെന്നൊരു ദിവസമാണ് സ്റ്റാറായത്. എറണാകുളം എം ജി റോഡിലെ നാടൻ വിഭവങ്ങൾ വിളമ്പുന്ന രുചിഗേഹത്തിനു അരിപ്പ എന്ന പേരിടുമ്പോൾ, നമ്മുടെ നാടിന്റെ രുചി വൈവിധ്യങ്ങളും നാട്ടുവിഭവങ്ങളുടെ തനിമയും തന്നെയാണ് ഉടമ  ലക്ഷ്യമിട്ടത്. ചെണ്ടമുറിയൻ കപ്പയും കാന്താരി മുളക് ചമ്മന്തിയിലും തുടങ്ങുന്ന നാടൻ വിഭവങ്ങളുടെ സ്വാദ്, മുളകിട്ട മീനക്കറിയിലും കുരുമുളകിൽ  വെന്ത ചിക്കനിലും ഫിഷ് മോളിയിലും കപ്പ ബിരിയാണിയിലുമൊക്കെ നിറഞ്ഞു നില്കുന്നു. 

ഇരുളുപരക്കുമ്പോൾ മിഴിതുറക്കുന്ന നാടൻ തട്ടുകടകളിൽ പോയി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ കുടുംബവുമൊന്നിച്ചാണ്‌ പുറത്തിറങ്ങുന്നതെങ്കിൽ ഭൂരിപക്ഷം പേരും തട്ടുകടകളിലെ വിഭവങ്ങൾ നോക്കി വെള്ളമിറക്കി, അവിടെ നിന്നും ഉയർന്നുപൊങ്ങുന്ന വാസനയെ മൂക്കിലേക്കാവാഹിച്ചുകൊണ്ടു അടുത്തുള്ള റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു മടങ്ങാറാണ് പതിവ്. അത്തരക്കാർക്കു വേണ്ടിയുള്ളതാണ് ഈ രുചിപ്പുര. നല്ല നാടൻ വിഭവങ്ങൾ, തട്ടുകടയിൽ ലഭിക്കുന്ന അതേ സ്വാദിൽ, അല്ലെങ്കിൽ അതിനുമൽപം മുകളിൽ വിളമ്പി തരും അരിപ്പ. 

മനോഹരമായി തയ്യാറാക്കായിരിക്കുന്ന അകത്തളങ്ങളും തത്സമയം വിഭവങ്ങൾ തയ്യാറാക്കി നൽകുന്ന തുറന്ന അടുക്കളയും മറ്റുള്ള റെസ്റ്റോറന്റുകളിൽ നിന്നും അരിപ്പയെ വേറിട്ട് നിർത്തുന്നു. മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച ഹാസ്യരംഗങ്ങൾ അതിസുന്ദരമായ ചിത്രങ്ങളായി ചുവരുകളിൽ അതിഥികളെ സ്വീകരിക്കാനായി തയ്യാറെടുത്തു നിൽക്കുന്നു. അതിൽ ഏറ്റവും പ്രധാനി, പഞ്ചാബി ഹൗസിലെ  രമണൻ തന്നെയാണ്. ചപ്പാത്തി നഹീ..ചോർ ചോർ എന്ന സംഭാഷണത്തിനൊപ്പം വരച്ചുവെച്ചിരിക്കുന്ന രമണന്റെ ചിത്രം അതിഥികളുടെ ചുണ്ടിലൊരു ചിരി പടർത്തും.

സാധാരണ ഭക്ഷ്യശാലകൾ പോലെ, പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ എന്നൊരു പതിവ് ഇവിടെയില്ല. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയാകുമ്പോഴാണ് അരിപ്പ സജീവമാകുന്നത്. രാത്രി പന്ത്രണ്ടു വരെ അതുനീളും. മറ്റൊരു പ്രത്യേകത, ചെറുകടികൾ എന്നൊരു വിഭാഗം ഇവിടെയില്ല എന്നതാണ്. വിഭവങ്ങളുടെ പേരെഴുതിയ കാർഡും അല്പം രസകരമായി തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരം പുട്ടുകളുടെ വിഭാഗം, ജപ്പാനിയ കൂഹൂ..കൂഹൂ എന്നറിയപ്പെടുമ്പോൾ കപ്പയുടെ വിവിധ രുചികൾക്ക്  അങ്കമാലി ഡയറീസ് എന്നാണ് പേര്.

കാന്താരി മുളകും ചെറിയുള്ളിയും ഉപ്പും കൂട്ടി അരച്ചെടുത്ത ചമ്മന്തിയും ചെണ്ടമുറിയൻ കപ്പയുമാണ് അരിപ്പയിലെത്തുന്നവരെ ആകർഷിക്കുന്ന പ്രധാനി. മുഴുവൻ സമയവും ഈ വിഭവം ലഭ്യമാണ്. പുട്ടും ദോശയും അപ്പവുമൊക്കെ വൈകുന്നേരങ്ങളിൽ മാത്രമാണ് ലഭിക്കുക. ഉച്ചനേരങ്ങളിൽ നല്ല മീൻകറി കൂട്ടിയുള്ള ഊണും ബിരിയാണിയും ഫ്രൈഡ് റൈസും ചൂടോടെ റെഡിയാണ്. ഫിഷ് മോളി, ആലപ്പുഴ മീൻ കറി, കുരുമുളകിന്റെ എരിവ് മുമ്പിൽ നിൽക്കുന്ന ചിക്കൻ കുരുമുളകിട്ടത്, ബീഫ് ഉലർത്തിയത് എന്നിങ്ങനെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന അനേകമനേകം രുചികൾ. പുട്ടിലാണ് ഏറെ പരീക്ഷണങ്ങൾ  ചിക്കൻ കീമ പുട്ട്, ബീഫ് കീമ പുട്ട് എന്നിങ്ങനെ പുട്ടിന്റെ വൈവിധ്യങ്ങൾ. ഉള്ളി ദോശയും കുരുമുളക് ദോശയും പോലെയുള്ള മാറിയ ദോശ രുചികളും അരിപ്പയിലെ  സ്പെഷ്യൽ കൂട്ടാണ്‌.

ചൈനീസും കോണ്ടിനെന്റലും കഴിച്ചു മടുത്തവർക്ക്, നാടൻ രുചികൾ സ്നേഹിക്കുന്നവർക്ക്, വിവിധ രുചികൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർക്ക് എന്നിങ്ങനെ ഭക്ഷണപ്രിയരായ എല്ലാവരെയും ഒരേപോലെ തൃപ്തിപ്പെടുത്തും അരിപ്പ. കപ്പയും മീൻക്കറിയും ഇഷ്ടപ്പെടാത്ത മലയാളികളില്ല. അതുപോലെ തന്നെ  എല്ലാവരുടെയും പ്രിയ വിഭവമാണ്  കപ്പയും ബീഫും ഒരുമിക്കുന്ന കപ്പ ബിരിയാണി. ബീഫിന്റെ നെയ്യിലും മസാലയിലും കുഴഞ്ഞു വരുന്ന അരിപ്പയിൽ കപ്പബിരിയാണിയ്ക്കും ആരാധകരേറെയാണ്.

തട്ടുകടകളിലെ പോലെ കൺമുമ്പിൽ പാകം ചെയ്തു തരുന്ന നാടൻ രുചികൾ, മസാലയുടെ മണം വിതറി,  ആവിപ്പറത്തിക്കൊണ്ട്  മേശപ്പുറത്തെത്തുമ്പോൾ, ഒരു കൊച്ചു കൊതുമ്പുവള്ളത്തിനു തുഴഞ്ഞുനീങ്ങാനുള്ളത്രയും വെള്ളം വായിൽ നിറഞ്ഞിട്ടുണ്ടാകും. അരിപ്പയെന്ന രുചിപ്പുരയുടെ വിജയരഹസ്യം അതുതന്നെയാണ്.