കേരളത്തിന് വേണ്ടി പഞ്ചാബിൽ 29 കിമീ നടന്ന് യാചിച്ച് മലയാളി സഞ്ചാരി

യാത്രകളെ നെഞ്ചിലേറ്റി നടക്കുന്ന മലയാളിയാണ് പർവേസ് ഇലാഹി. ഇന്ത്യ ചുറ്റികാണണമെന്നും ലോകത്തിന്റെ നെറുകയായ കര്‍ദുംഗ്ല പാസ് നടന്നുകയറണമെന്നുമുള്ള ആഗ്രഹവുമായി ഇറങ്ങി തിരിച്ചതാണ് ഇൗ തലശ്ശേരിക്കാരന്‍. കാഴ്ചളും നാടിന്റെ സംസ്കാരങ്ങളും പിന്നിടുന്ന യാത്രാവേളയിലാണ് ‍കേരളത്തിലെ ദുരന്തവാർത്ത അറിയാനിടയായത്. ഉള്ളുനീറിയ ഇൗ ചെറുപ്പക്കാരന് പ്രളയത്താൽ മുങ്ങിയ കേരളത്തെ തിരിച്ചുപിടിക്കാൻ തന്നാലാവും വിധം സഹായിക്കണം എന്നതായിരുന്നു  ലക്ഷ്യം. യാത്രയുടെ നാല്‍പ്പതാം ദിവസം പഞ്ചാബിലൂടെയുള്ള യാത്രവേളയിലാണ് കേരളത്തെ വിഴുങ്ങിയ പ്രളയത്തെപ്പറ്റി പർവേസ് അറിയുന്നത്.

പഞ്ചാബിലൂടെ 29 കിലോമീറ്റർ നടന്ന് അവിടുത്തെ തെരുവുകളിലും ഹോട്ടലുകളിലും വീടുകളിലും കയറി കേരളത്തിന്റെ ദുരവസ്ഥ വിവരിച്ചു. സഹതാപത്തിൽ പങ്കുചേർന്ന പലരും നാണയത്തുട്ടുകളും നോട്ടുകളും നൽകി. മറ്റുചിലർ പരിഹാസത്തോടെ ചിരിച്ചുനിന്നു. ചിലരുടെ തുറിച്ചുനോട്ടം ഒരു രീതിയിലും മനസ്സിനെ തളർത്തിയില്ലെന്നും പർവേസ് കൂട്ടിച്ചേർത്തു. വാർത്താമാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാമായിരുന്നു കേരളത്തിന്റെ അവസ്ഥ. 

പ്രളയക്കെടുതിയിൽ നിന്നും ജീവൻ രക്ഷിക്കാൻ പായുന്ന ജനങ്ങൾ, ഒരായുസ്സിന്റെ സമ്പത്തെല്ലാം ഒറ്റനിമിഷത്തിൽ ഒഴുകിപോയ അവസ്ഥ. നെഞ്ചുപൊള്ളിക്കുന്നതായിരുന്നു. ക്യാമ്പുകളിൽ അഭയം തേടിയ ജനങ്ങൾക്ക് ആവശ്യസാധനങ്ങളുമായി നിരവധിപേരാണ് എത്തിയിരുന്നത്. അക്കൂട്ടത്തില്‍ സഹായഹസ്തമായി  പർവേസും പങ്കുചേര്‍ന്നു.

പർവേസ് ഇലാഹിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം