ലിച്ചി ഒരിക്കലും മറക്കാത്ത ആദ്യ വിമാനയാത്ര

അങ്കമാലി ‍ഡയറീസിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ ലിച്ചി വെള്ളിത്തിരയിലെ താരമായി കഴിഞ്ഞു. തിരക്കിൽ നിന്നും തിരക്കിലേക്കുള്ള യാത്രയിലാണിപ്പോൾ. ഒരൊറ്റ സിനിമയിലൂെട ആരാധകരുടെ ഹൃദയം കവർന്ന അന്ന (ലിച്ചിയുടെ യഥാർഥ പേര്) ഇപ്പോൾ ജയറാമുെമാന്നിച്ച പുതിയ സിനിമയുടെ ഷൂട്ടിലാണ്.

യാത്രാവേളയിൽ ലിച്ചി

അന്നക്ക് ഷൂട്ടു കഴിഞ്ഞാൽ ഏറ്റവും പ്രിയം യാത്രകളോടാണ്. കുടുംബവും ‍സു‍ഹൃത്തുക്കളുമൊത്തുള്ള അടിച്ചുപൊളിച്ചൊരു യാത്ര അതാണ് ലിച്ചിയുടെ ജീവിതത്തെ 'കളറാ'ക്കുന്നത്. യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്ന അന്ന തന്റെ പ്രിയപ്പെട്ട യാത്രകളെക്കുറിച്ച് മനോരമ ഒാൺലൈനിൽ  മനസ്സുതുറക്കുന്നു. 

ലിച്ചിയും കൂട്ടരും

"ഫ്രണ്ട്സില്ലെങ്കിൽ ഒരോളവുമില്ല. ട്രിപ്പുപോകുമ്പോൾ തകർത്തുപൊളിച്ച് പോകണം. എന്നാലെ യാത്ര ഉഷാറാകുള്ളൂ. എന്റെ പോളിസി അതാണ്. ഒഴിവു കിട്ടുന്ന സമയമൊക്കെ യാത്രയ്ക്കായി മാറ്റി വയ്ക്കും. പ്രത്യേകിച്ച് ഒരിടം എന്നൊന്നുമില്ല. പ്രകൃതിയുടെ സൗന്ദര്യം നുകർന്നുകൊണ്ടുള്ള യാത്ര എനിക്ക് അത്രമേൽ ഇഷ്ടമാണ്.

യാത്രാവേളയിൽ ലിച്ചി

ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരുപാട് യാത്ര നടത്തിയിട്ടുണ്ടെങ്കിലും അതു വല്ലാതെ ബോറടിപ്പിക്കും, മറിച്ച് സുഹൃത്തുക്കളൊപ്പമുണ്ടെങ്കിൽ സംഗതി ജോറാകും." യാത്രകളെക്കുറിച്ചു പറയുമ്പോൾ അന്നയ്ക്കു നൂറുനാവാണ്. കേരളത്തിനകത്തും ഇന്ത്യക്കുള്ളിലുമൊക്കെ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും മൈസൂരിനോട് അന്നയ്ക്ക് വല്ലാത്ത അടുപ്പമാണ്.

കൊട്ടാരങ്ങളുടെ നഗരമെന്ന് വിശേഷിപ്പിക്കുന്ന മൈസൂരിൽ ഏറ്റവും കൂടുതൽ ആകർഷിച്ചതും അദ്ഭുതപ്പെടുത്തിയതും കൊട്ടാര കാഴ്ചകളാണ്. മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനപ്പെട്ടത്. പിന്നെയുള്ളത് വൃന്ദാവന്‍ ഗാർഡന്‍. മൈസൂരിലെത്തുന്ന യാത്രികർ ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണിവിടം. അത്രയ്ക്കും ഭംഗിയാണ്. നഗരത്തില്‍ നിന്നു 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. 60 ഏക്കറിലായി പരന്നുകിടക്കുകയാണ് ഉദ്യാനം. ഇൗ കാഴ്ച ആരെയും ആകർഷണവലയത്തിലാക്കും. പലതവണ പോയിട്ടുണ്ടെങ്കിലും കാഴ്ചകൾക്കു മടുപ്പു തോന്നാറില്ല. മൈസൂരിലെത്തിയാൽ കൂട്ടുകാരുമൊത്തു നടക്കാനിറങ്ങുക പതിവാണ്. ദീർഘദൂരം കഥകൾ പറഞ്ഞും തമാശകൾ രസിച്ചും സമയം പോകുന്നതറിയില്ല.- അന്ന പറയുന്നു.

പ്രിയമാണ് യാത്ര– ലിച്ചി

ആദ്യത്തെ വിമാനയാത്ര

"യാത്രകൾ രക്തത്തിൽ അലിഞ്ഞുചേർന്നതുകൊണ്ടാവാം വിമാനത്തിലേറിയുള്ള ആദ്യയാത്രയിൽ വലിയ പേടിയൊന്നും തോന്നിയില്ല. ടെൻഷൻ ഫ്രീയാണ് ഞാൻ. അവശ്യമില്ലാതെ ടെൻഷനടിച്ച് വിഷമിക്കാൻ എന്നെ കിട്ടില്ല. നിറഞ്ഞ പുഞ്ചിരിയാണ് എനിക്കിഷ്ടം.

യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും വിമാനയാത്രക്കുള്ള അവസരം കിട്ടിയത് അങ്കമാലി ഡയറീസിന് ശേഷമാണ്. ഞങ്ങൾ ‍ടീം ഒരുമിച്ച് ദുബായിലേക്കുള്ള ആദ്യയാത്ര. എല്ലാവരും എന്നെ പറഞ്ഞു പേടിപ്പിച്ചെങ്കിലും ധൈര്യം കൈവിട്ടില്ല, കൂളായിരുന്നു. യാത്രയുടെ ത്രില്ലിലായതുകൊണ്ട്  വിമാനം പറന്നുയർന്നപ്പോൾ പ്രത്യേകിച്ചൊരു ബുദ്ധിമുട്ടുതോന്നിയില്ല."

യാത്രാവിശേഷങ്ങളുമായി ലിച്ചി

"പിന്നീട് ദുബായിൽ മിക്കയിടത്തും പോയിട്ടുണ്ടെങ്കിലും യാത്രപോകാൻ എപ്പോഴും ഇഷ്ടം ഖത്തറാണ്. അവിടുത്തെ കാഴ്ചകളും ജീവിതരീതികളുമൊക്കെ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. പേൾസിറ്റിയാണ് എനിക്കേറ്റവും പ്രിയപ്പെട്ടയിടം. യൂറോപ്യൻ രീതിയിലുള്ള മുഖഛായയാണ് പേൾസിറ്റിക്ക്. അവിടുത്തെ കെട്ടിടങ്ങളൊക്കെയും യൂറോപ്യൻ മാതൃകയിലാണ് പണിതുയർത്തിരിക്കുന്നത്.

പ്രിയപ്പെട്ട യാത്രകളെപ്പറ്റി ലിച്ചി

ആദ്യമായി ഒട്ടക സവാരി നടത്തിയതും ഖത്തറിലായിരുന്നു. ഒരു രാത്രി മുഴുവൻ ബീച്ചിന്റെ സൗന്ദര്യത്തില്‍ ലയിച്ചിരുന്നിട്ടുണ്ട്. ബീച്ചിന് എതിർവശം മരുഭൂമിയാണ് കാഴ്ചയിൽ രസകരമാണെന്ന് പറയേണ്ടതില്ല. സാഹസികർക്കും അല്ലാത്തവർക്കും കുഞ്ഞുങ്ങൾക്കുമൊക്കെ ഇഷ്ടപ്പെടുന്ന, കൗതുകം നിറഞ്ഞ വിവിധയിടങ്ങൾ ഇവിടെയുണ്ട്. ഒാരോ തവണ പോകുമ്പോഴും പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന ഖത്തർ എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്" എന്നും അന്ന പറയുന്നു.

കാന്തല്ലൂരിനെ പ്രണയിച്ച ലിച്ചി

യാത്രാവിശേഷങ്ങളുമായി ലിച്ചി

ഒാറഞ്ചും ആപ്പിളും വിളയുന്ന കാന്തലൂര്‍. പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാൻ പറ്റിയ ഇടം. മൂന്നാറിന്റെ മലമടക്കുകളുടെ പശ്ചാത്തലത്തിലാണ് കാന്തല്ലൂർ ഗ്രാമം അതിസുന്ദരിയായി നിലനിൽക്കുന്നത്. പച്ചപ്പണി‍ഞ്ഞ പാടങ്ങളും അതിനു നടുവിൽ ഓല മേഞ്ഞ പുരകളും ആ നാടിന്റെ സൗന്ദര്യം. കരിമ്പിൻ നീര് കുറുക്കിയെടുത്ത് മറയൂർ ശർക്കര ഉണ്ടാക്കുന്ന പുരകൾ കാന്തല്ലൂരിലേക്ക് പോകുന്ന വഴിയിലെ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടുന്നു. വഴിയോരക്കാഴ്ചകളാണ് കാന്തല്ലൂരിന്റെ ആകർഷണം. വളഞ്ഞു പുളഞ്ഞ റോഡുകൾ ഫോട്ടോഗ്രാഫർമാർക്ക് സമൃദ്ധമായ വിരുന്നൊരുക്കുന്നു. ചന്ദന മരങ്ങളും കാട്ടുചെടികളും ഇടതൂർന്ന കൃഷിയിടങ്ങളും നിറഞ്ഞ കാന്തലൂരിലേക്ക് എത്ര തവണ യാത്രപോയാലും കൊതിതീരില്ല. കാന്തല്ലൂരിന് പകരം വയ്ക്കാൻ‌ കാന്തല്ലൂർ മാത്രം.

യാത്രാവേളയിൽ ലിച്ചി

കാന്തല്ലൂർ എത്തിയാൽ തോപ്പിൽ ജോപ്പൻച്ചേട്ടന്റെ ഫാംഹൗസാണ് അന്ന താമസത്തിനായി തെരഞ്ഞെടുക്കുന്നത്. ഏക്കറുകളോളം പരന്നുകിടക്കുന്ന കൃഷിയിടം. അവിടെ ആപ്പിളും ഒാറഞ്ചും മാത്രമല്ല പലതരത്തിലൂള്ള റോസപൂക്കളുടെ നറുമണവുമുണ്ട്. പ്രകൃതിയോട് ചേർന്നിരിക്കാൻ ഇതിലും നല്ലയിടം വേറെകാണില്ല.

നീലക്കുറിഞ്ഞി പൂത്തപ്പോൾ

പ്രകൃ‍‍തിയുടെ അദ്ഭുതകാഴ്ചയായ നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാൻ അതിയായ സന്തോഷത്തോടെയാണ് ഇത്തവണ യാത്ര തിരിച്ചത്. നിർഭാഗ്യം എന്നുതന്നെ പറയാം. പ്രകൃതിയൊരുക്കിയ ഇൗ പുഷ്പവസന്തകാഴ്ച സ്വന്തമാക്കാൻ സാധിച്ചില്ല. മഴക്കെടുതിയില്‍ തകര്‍ന്ന മൂന്നാർ അതിജീവനത്തിന്റെ പാതയിലാണ്.

പലയിടങ്ങളും ഇപ്പോഴും യാത്രയോഗ്യമല്ല. പച്ചവിരിച്ച താഴ്‍‍‍വരയിൽ പൂവിട്ട നീലക്കുറിഞ്ഞിയുടെ വിസ്മയകാഴ്ച കാണാൻ സാധിക്കാഞ്ഞത് മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ആരവങ്ങളില്ലാതെ നിരാശയോടെയായിരുന്നു മടക്കം. യാത്രകളെ പ്രണയിക്കുന്ന അന്നയുെട മനസ്സിൽ ഒരാഗ്രഹമുണ്ട്. ബുള്ളറ്റിൽ ഹിമാലയം കയറണം. ആ യാത്രക്കായി കാത്തിരിക്കുകയാണ് ലിച്ചി.