പതിനെട്ട് രൂപയ്ക്ക് വേമ്പനാട്ടു കായലിലൂടെ യാത്ര

കോട്ടയത്ത് ജോലി ചെയ്യുന്ന മലബാറുകാരായ കൂട്ടർക്ക് ഒറ്റ ദിവസത്തെ അവധിയിൽ നാട്ടിൽ പോയി വരിക സാധ്യമല്ല. അലക്കു കല്ലുമായുള്ള മൽപ്പിടുത്തമാണ് ഒഴിവു ദിവസങ്ങളിലെ പ്രധാന ജോലി. തിരക്കുകളൊക്കെയും മാറ്റിവച്ച് ഒരു ഞായറാഴ്ച സുഹൃത്തുക്കൾ ഒത്തൊരുമിച്ച്  ബോട്ടു സവാരിക്ക് തയാറായി. വേമ്പനാട് കായലിന്റെ വിശാല വെൺമയിലൂടെ ഹരിതതുരുത്തും കായൽക്കാറ്റും കായലോളങ്ങളും സാക്ഷിയാക്കിയൊരു യാത്ര.

കോട്ടയത്തു നിന്നും ആലപ്പുഴ വരെ 2 മണിക്കൂർ ഗവണ്മെന്റ് ബോട്ട് സർവീസ് ആയിരുന്നു ലക്ഷ്യം. രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന യാത്ര. ഉദേശിച്ച യാത്രാപ്ലാൻ നടന്നില്ല. ചില സാങ്കേതിക കാരണങ്ങളാൽ ബോട്ട് സവാരി വൈകുന്നേരത്തേക്കു മാറ്റി. ഉച്ചകഴിഞ്ഞതോടെ ബൈക്കിൽ കാഞ്ഞിരം ബോട്ട് ജെട്ടിയിൽ എത്തി. അവിടെ നിന്നും 4 മണിക്ക് പുറപ്പെടുന്ന ബോട്ടിൽ കയറി. ഇരിപ്പിടങ്ങളുടെ വിശാലത കണ്ടപ്പോൾ ആനവണ്ടിയാണ് ഓർമയിൽ നിറഞ്ഞത്. സമയപരിധിമൂലം കണ്ടക്ടർ ചേട്ടന്റെ നിർദേശപ്രകാരം ആലപ്പുഴ വരെ പോവാതെ 'കമലൻ മൂല'യ്ക്ക് ടിക്കറ്റെടുത്തു. ജോലിയിലെ തിരക്കും മനസ്സിന്റെ പിരിമുറുക്കവും മാറ്റിവച്ചുള്ള യാത്രയായിരുന്നു. കായലോരങ്ങളെ തഴുകിയെത്തുന്ന കാറ്റ് മനസ്സിന് ശാന്തസുന്ദരമായ അന്തരീക്ഷം ഒരുക്കി.

വേമ്പനാട്ടു കായലിന്റെ ഒാളം തല്ലിക്കെടുത്തി‌യുള്ള കായൽ സവാരി ശരിക്കും ആസ്വദിച്ചു. മനോഹര കാഴ്ചകൾ നിറച്ച് സർക്കാർ ബോട്ട് H ബ്ലോക്കും ചാച്ചപ്പൻ ജെട്ടിയും R ബ്ലോക്കും പിന്നിട്ട് കടന്നു പോയി. സ്ഥിരം ബോട്ട് യാത്ര ചെയ്യുന്ന ജോലിക്കാർ പോലും യാത്ര ആസ്വദിക്കുന്നതായി ഞങ്ങൾക്കു തോന്നി. ഞാൻ ബോട്ടിന്റെ വാതിലിന്റെ മുൻഭാഗത്തായിരുന്നു ഇരുന്നത്. ആഴമറിയാത്തത് കൊണ്ടാവണം, അത്രയും അടുത്ത് വെള്ളം കണ്ടിട്ടും തെല്ലും പേടി തോന്നിയില്ല. കരയുമായുള്ള ബന്ധം വേർപെട്ട് മറ്റേതോ ലോകത്തിൽ എത്തിപ്പെട്ട പോലെയായിരുന്നു. മേലെ നീലാകാശവും താഴെ പച്ചക്കായലും മാത്രം.

വൈകുന്നേരം 6.15 ന് ആലപ്പുഴയിൽ നിന്നു വരുന്ന ബോട്ട് ഉണ്ടെന്ന കണ്ടക്ടറുടെ ഉറപ്പിൽ 5.15 ന് R ബ്ലോക്കിനപ്പുറം കമലൻ മൂലയിൽ ഇറങ്ങി. ഒരു ദ്വീപാണ്. അധികം ആൾതാമസമില്ലാത്ത ചെറിയ ദ്വീപ്. വിശപ്പിന്റെ വിളി വന്നപ്പോൾ ഹോട്ടൽ തിരഞ്ഞെങ്കിലും യാത്രികരെ കാത്ത് ഒരൊറ്റ ഹോട്ടൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. നേരം വൈകിയതുകൊണ്ട് കള്ളും ബീഫും മാത്രം. തൽക്കാലം വിശപ്പകറ്റാനായി ബിസ്കറ്റും വെള്ളവും വാങ്ങി. ചുറ്റും നടന്ന് കുറച്ച് ഫോട്ടോകളും എടുത്തു. വൈകുന്നേരത്തെ യാത്ര തെരഞ്ഞെടുത്തതുകൊണ്ട് അതിഗംഭീരകാഴ്ച കാണാന്‍ സാധിച്ചു.

ചെറുതോടുകളുടെയും തെങ്ങിൻതോപ്പുകളുടെയും കമനീയ ഭംഗിയും ആസ്വദിച്ച ബോട്ട് യാത്ര ശരിക്കും വിസ്മയമായി തോന്നി. കായൽക്കാറ്റേറ്റുള്ള യാത്രക്കായി മിക്കവരും ഹൗസ്ബോട്ടാണ് തെരഞ്ഞെടുക്കുന്നത്. ഭീമമായ തുക ഒാർക്കുമ്പോൾ സാധാരണക്കാരിൽ ചിലരെങ്കിൽ പിന്നിലേക്ക് വലിയും. കുറഞ്ഞ ചിലവിൽ കായൽകാഴ്ച ആസ്വദിച്ച് യാത്രചെയ്യാം. അങ്ങോട്ടും ഇങ്ങോട്ടുമായി വെറും പതിനെട്ട് രൂപയ്ക്ക് യാത്ര ചെയ്യാം. തിരക്കുകളിൽ നിന്നും മാറി കുടുംബവുമൊത്ത് സായാഹനം ചിലവഴിക്കാൻ ഇതിലും മികച്ചയിടം വേറെ കാണില്ല. കീശകാലിയാക്കാതെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് മനം കുളിര്‍പ്പിക്കുന്ന ദൃശ്യാനുഭവങ്ങള്‍ പകരുന്ന ഈ കായല്‍ ബോട്ടു സവാരി ആരെയും ആകർഷിക്കും.