കായൽകാഴ്ചകൾ കണ്ട് എസി ബോട്ടിൽ ഒരുല്ലാസയാത്ര

ഒരു ഫുട്ബോൾ കളി കണ്ടിരിക്കുന്ന സമയം കൊണ്ട് ക്ഷീണമില്ലാതെ കൊച്ചിയിലെത്താൻ വൈക്കത്തുകാർക്കായി പുതിയ ജലയാനം യാത്ര തുടങ്ങി. കേരള ജലഗതാഗത വകുപ്പിന്റെ എസി ബോട്ട് വേഗ 120, കേരളത്തിലെതന്നെ ഏറ്റവും വലിയ ദീർഘദൂര സർവീസാണ്.

സ്ഥിരം യാത്രക്കാർക്കു പുറമേ, വിനോദസഞ്ചാരികളേയും ലക്ഷ്യമിട്ടാണ് ഈ സർവീസ്.ബസിൽ 1.25 മണിക്കൂർ യാത്ര ആണെങ്കിലും പലപ്പോഴും ഗതാഗതക്കുരുക്കിൽപെട്ട് രണ്ടു മണിക്കൂറെങ്കിലും എടുക്കും കൊച്ചിയിലെത്താൻ. എന്നാൽ റോഡിലെ ബഹളങ്ങളില്ല, ട്രാഫിക് ബ്ലോക്കിനെ പേടിക്കേണ്ട, ബസിലെ തിരക്കുകൊള്ളേണ്ട, വിയർത്തൊലിച്ച് ഓഫിസിലെത്തേണ്ട എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങളുണ്ട് ഈ ബോട്ട് യാത്രയ്ക്ക്. 

 35 കിലോമീറ്റർ @ 1.45 hrs

കോട്ടയം ജില്ലയിലെ വൈക്കം ജെട്ടിയിൽനിന്ന് എറണാകുളം സുഭാഷ് പാർക്കിനു സമീപമുള്ള ജെട്ടി വരെ നാല് സ്റ്റോപ്പുകളാണ് ഉള്ളത്. 35 കിലോമീറ്റർ ദൂരം 1.45 മണിക്കൂറുകൊണ്ട് എത്തും. 40 എസി സീറ്റുകളും 80 നോൺ എസി സീറ്റുകളുമുണ്ട്. എസി സീറ്റ് 80 രൂപയും നോൺ എസി 40 രൂപയുമാണ് ചാർജ്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. 120 യാത്രക്കാരും നാല് ക്രൂ ഉൾപ്പടെ 124 പേർക്ക് ഒരേ സമയം സഞ്ചരിക്കാം.

ബോട്ടിന്റെ ഉൾവശം

വൈക്കത്തുനിന്നു രാവിലെ 7.30 ന് ആദ്യ സർവീസ് ആരംഭിക്കും. 9.15 കഴിയുമ്പോൾ എറണാകുളം എത്തും. വൈകുന്നേരം 5.30 ന് എറണാകുളത്തു നിന്നു പുറപ്പെട്ട് 7.30 നു മുൻപ് വൈക്കത്ത് എത്തും. അതിനിടയ്ക്കുള്ള സമയത്ത് ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തും. ദേശീയ ജലപാത സജീവമാക്കുന്നതിന്റെ ഭാഗമായാണ് ദീർഘദൂര സർവീസ് ആരംഭിച്ചിരിക്കുന്നത്.

ഓളപ്പരപ്പിലെ കായൽകാഴ്ചകൾ

ഉൾനാടൻ ജലപാതയല്ല വേഗയുടെ റൂട്ട്. പാണാവള്ളി ജെട്ടി കഴിയുമ്പോഴേക്കും നഗരത്തുടിപ്പുകൾ കാണാനാകും. അരൂർ, തേവരക്കായൽ വഴിയാണ് കൊച്ചി ജെട്ടിയിൽ പ്രവേശിക്കുക.പുറം കാഴ്ചകൾ കണ്ടു മടുക്കുമ്പോൾ പാട്ടു േകൾക്കാം, വായിക്കാം.

വൈ–ഫൈ, ടിവി,  സ്നാക്സ് ബാർ എന്നീ സൗകര്യങ്ങൾകൂടി താമസിയാതെ സജ്ജീകരിക്കും. എസി ക്യാബിൻ സൗണ്ട് പ്രൂഫ് ആണ്. ഓപ്പൺ ഏരിയ രസകരമാണെങ്കിലും ഏറ്റവും പുറകിൽ ഇരിക്കുന്നവർക്ക് എൻജിൻ ശബ്ദവും വൈബ്രേഷനും അനുഭവപ്പെടും. ബയോ ടോയ്‌ലെറ്റും ഉണ്ട്.

എൻജിൻ

340 എച്ച്പി കുതിരശക്തിയുള്ള രണ്ട് ഡീസൽ എൻജിനുകളാണ് വേഗയിൽ. 14 നോട്ടിക്കൽ (25.9 Kmph) മൈലാണ് ഉയർന്ന വേഗം. സർവീസ് നടത്തുന്നത് 12 നോട്ടിക്കൽ മൈൽ (22 Kmph) വേഗത്തിൽ. ഒരു ദിവസം 300 ലീറ്റർ ഡീസൽ വേണം. മറ്റു സർവീസുകളായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തിലധികം ഇന്ധനക്ഷമത വേഗയ്ക്കുണ്ട്. 25 മീറ്ററാണ് നീളം.

ബോട്ടിന്റ ഉൾവശം

വീതി ഏഴ് മീറ്റർ. ആഴം 1.5 മീറ്റർ. ഭാരം 24.56 ടൺ. നാവിഗേഷൻ, ഡിജിറ്റൽ കൺസോൾ റിമോട്ട് മോണിറ്ററിങ് സിസ്റ്റം എന്നിവ അടങ്ങിയതാണ് ക്യാബിൻ. സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ്, ഫയർ റെസ്ക്യൂ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.   സോളർ ബോട്ട് നിർമിച്ച നവഗതി മറൈൻ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ തന്നെയാണ് വേഗയുടെ പിന്നിലും. സന്ദീപ് തണ്ടാശ്ശേരിയുടേതാണ് ഡിസൈൻ. നിർമാണച്ചെലവ് ₨ 1.85 കോടി.  

പാട്ടു കേട്ട് കായൽ കാറ്റേറ്റുള്ള യാത്ര ഒട്ടും നിരാശപ്പെടുത്തില്ല. ഉല്ലാസയാത്രയുടെ പ്രതീതിയാണ് ബോട്ട് യാത്ര സമ്മാനിക്കുക.