കുനൂർ കാഴ്ചകളും മരവീട്ടിലെ താമസവും

മലനിരകളുടെ റാണിയായ  ഊട്ടി പശ്ചിമഘട്ടത്തിലെ പ്രതാപിയാണ്. ഊട്ടി ,കോട്ടഗിരി ,കുനൂർ ഇവിടെയെല്ലാം ബ്രിട്ടീഷുകാരുടെ പഴയ കാല പ്രതാപത്തിന്റെ ശേഷിപ്പുകൾ ചിതറിക്കിടക്കുന്നു. പഴയ കോയമ്പത്തൂർ കളക്ടർ ജോൺ സള്ളിവൻ തെളിച്ചെടുത്ത സ്ഥലം .വിക്ടോറിയൻ മുഖപ്പുകളും വനപുഷ്പങ്ങളും പുൽമേടുകളും കോടമഞ്ഞും നിറഞ്ഞയിടം.  

കുനൂരിലെ കാഴ്ച

നീലഗിരിക്കുന്നുകൾ സഞ്ചാരികളുടെ മനസ്സിലെ നിത്യഹരിത സുന്ദരിയാണ്.ഓരോ യാത്രയിലും നമ്മെ അത്യന്തം  വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ യാത്രയിൽ ഏറെ ആകർഷിച്ചത് കുനൂരിലെ താജ് ഗേറ്റ് വേ ആയിരുന്നു. ഊട്ടിയിൽ നിന്നും 19 കിലോമീറ്റര്‍ താഴെ കൊളോണിയൽ ശില്പകലയും ആധുനിക സൗകര്യങ്ങളും സമന്വയിച്ച ഇടമാണ് കുനൂരിലെ ചർച് റോഡിലുള്ള  താജ് ഗേറ്റ് വേ. ഭൂതകാലത്തിലേക്കുള്ള ഒരു ഗേറ്റ് വേ തന്നെയാണ് .1856 ലെ നിർമ്മിതിയാണ്.

താജ് ഗേറ്റ് വേ കുനൂർ

ഹാംപ്ടൺ മാനർ എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം പത്തൊൻപതാം നൂറ്റാണ്ടിന്റെ ശൈലിയിലാണ് പണിതുയർത്തിയിരിക്കുന്നത്. പഴമയുടെ സൗന്ദര്യം നിറഞ്ഞ ഹോട്ടലിന്റെ രൂപഭാവങ്ങൾ ആരെയും ആകർഷിക്കും. 1990 കളിൽ ഇത് താജ് ഗ്രൂപ്പിന്റെ കയ്യിലെത്തി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ഓൾ സെയ്‌ന്റ്‌സ് പള്ളിയും. പണ്ട് വൈസ്രോയിമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രം താമസിച്ചിരുന്ന മുറികളിലെ ഭംഗി ആസ്വദിക്കാനായി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. 

വ്യത്യസ്‍ത ശൈലികളിൽ പണി കഴിപ്പിച്ചിട്ടുള്ള 32 മുറികളാണ് ഇവിടെയുള്ളത്. ഉയരമേറിയ മച്ചും സുഗന്ധ തൈലത്തിന്റെ ഗന്ധം  പ്രസരിക്കുന്ന അകത്തളങ്ങളുമൊക്കെ ആരെയും ആകർഷിക്കും. പൊട്ടി വീഴുന്ന പൈൻ കായ്കൾ, നെരിപ്പോട് കത്തുന്ന മുറികൾ. പഴമയും പുതുമയും സമന്വയിക്കുന്ന  അകത്തളങ്ങൾ പഴയ തടി വീടുകളുടെ സ്ഥിരം കാഴ്ചയായ തടി കൊണ്ടുള്ള പിയാനോ ... ചുവരിൽ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്ന മ്ലാവിൻ തല.ആന്റിക് ഫർണിച്ചറും പെയിന്റിങ്ങുകളും നൽകുന്ന പ്രൗഡ ഗംഭീരമായ സൗന്ദര്യം. ഹെയർപിൻ വളവുകൾ കയറി വരുന്ന കോടമഞ്ഞും തണുപ്പും ഒപ്പം യൂക്കാലിപ്റ്റസിന്റെ ഗന്ധം പരത്തുന്ന കാറ്റും യാത്രയെ ശരിക്കും ലഹരിപിടിപ്പിക്കും. 

 കാർത്തിക ദീപങ്ങൾ കത്തി നിൽക്കുന്ന നാട്ടിൻപുറത്തെ വീട് പോലെ ദീപാലംകൃതമായി തിളങ്ങിൽക്കുന്ന കൊളോണിയൽ ശൈാലിയിൽ പണിതുയർത്തിയ തടി വീടിനു സൗന്ദര്യം ഇരട്ടിച്ചു. ആരെയോ കാത്തുനിൽക്കുന്ന പോലെ അണയാത്ത ദീപങ്ങൾ ..എത്രയോ കാലം മുൻപേയുള്ള പരിചയം പോലെ സ്വീകരിച്ചു ആനയിച്ച ഹോട്ടൽ ജീവനക്കാർ,പൂക്കൾ നിറഞ്ഞ ക്രീപ്പറുകൾ പടർന്നു കയറിയ  പൂമുഖം, വുഡ് പാനലുകൾ പാകിയ അതി വിശാലമായ  മുറി. പുറത്തെ തണുത്ത  ഇരുട്ടും യൂക്കാലിപ്റ്റസിന്റെ ഗന്ധവുമെല്ലാം  ചേർന്ന ഒരു ഉഗ്രൻ രാത്രി. മരവീട്ടിലെ താമസം ശരിക്കും അതിശയിപ്പിച്ചു.

പുലരി അതി മനോഹരം

രാത്രിയിലെ കാഴ്ചകളെക്കാൾ പകൽ അതിമനോഹരമായിരുന്നു. ഹോട്ടലിനെച്ചുറ്റിയുള്ള പുൽത്തകിടിയിൽ നിറയെ മഞ്ഞുതുള്ളികൾ. ചില കോട്ടേജുകൾക്ക് ചെറിയ പൂന്തോട്ടം സ്വന്തമായുണ്ട്. അവിടെ പലവർണങ്ങളിൽ പൂത്തുനിൽക്കുന്ന പൂക്കൾക്കുമുണ്ട് ശോഭ.  അടുത്ത ആകർഷണം കുന്നു കയറി വരുന്ന മേട്ടുപ്പാളയം ടോയ് ട്രെയിൻ.

കുനൂരിലെ കാഴ്ച

താഴ്‌വരയിലേക്കു നോക്കി ഇരിക്കാവുന്ന സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ദൂരെ അരുണ വർണ്ണമാർന്ന സൂര്യപ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന മലനിരകൾ,പുകമഞ്ഞുയരുന്ന കുന്നിൻ ചെരുവുകൾ ഹോട്ടലിന്റെ പച്ചക്കറിത്തോട്ടത്തിൽ നിറയെ വിളഞ്ഞു നിൽക്കുന്ന പച്ചക്കറികൾ. സ്പായുടെ സ്വാസ്ഥ്യത്തിൽ പച്ചപ്പുല്‍മേടുകളിലേക്കു നോക്കി കിടക്കുന്ന വിദേശ സഞ്ചാരികൾ.

താജ് ഗേറ്റ്‍‍വേയിലെ കോട്ടേജ്

കുനൂർ

10 കിലോമീറ്ററിനുള്ളിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളുള്ള കുനൂർ ഒരു ധ്യാനസുന്ദരമായ സ്ഥലമാണ്.സമുദ്രനിരപ്പിനു 6000 അടി മുകളിൽ നീലഗിരി ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണിത്.

താജ് ഗേറ്റ് വേ കുനൂർ

കറുത്തതും സുഗന്ധമുള്ളതുമായ തേയിലത്തോട്ടങ്ങൾക്കു അതി പ്രശസ്തമാണിവിടം.12 ഏക്കറിലായി പരന്നു കിടക്കുന്ന അപൂർവ വൃക്ഷങ്ങൾ നിറഞ്ഞ സിംസ് പാർക്കും കുനൂരിലെ ഏറ്റവും ഉയരമേറിയ സ്ഥലമായ ലാംബ്സ് റോക്കും കോടമഞ്ഞു ചേക്കേറുന്ന ഡോൾഫിൻ നോസും മനോഹരങ്ങളായ തേയിലത്തോട്ടങ്ങളുമൊക്കെയായി കുനൂർ  സഞ്ചാരികളുടെ ഹൃദയം കവരുന്നു.  ഡോൾഫിൻ നോസിൽ നിന്ന് നോക്കുമ്പോൾ ദൂരെയായി  നീലഗിരിക്കുന്നുകളുടെ  പനോരമിക് ദൃശ്യം. 

വെള്ളിവര പോലെ  കാതറിൻ വെള്ളച്ചാട്ടം കോട്ടഗിരിയില്‍  തേയിലത്തോട്ടങ്ങള്‍ ആരംഭിക്കുന്നതിന്റെ മുഖ്യ പങ്കുവഹിച്ച ബ്രിട്ടീഷ് പ്ലാന്റര്‍ എം.ഡി. കോക്‌ബേണിന്റെ ഭാര്യയുടെ പേരാണ് വെളളച്ചാട്ടത്തിനു നൽകിയിരിക്കുന്നത്. വമ്പൻ ക്യാമറകളുമായി കറങ്ങി നടക്കുന്ന പക്ഷിപ്രേമികൾ.

പാരക്കീറ്റുകളും വാനമ്പാടികളും കിന്നരി നീർകാക്കകളും നിർബാധം പരിലസിക്കുന്നയിടം കൂടിയാണിത്. യൂക്കാലിപ്‌റ്റസ്‌ മരങ്ങളും പച്ച പുൽത്തകിടിയും നിറഞ്ഞ സൗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഗോൾഫ് കോഴ്സ് ക്ലബ് ആയ വെല്ലിങ്ടൺ  ജിംഖാന ക്ലബിന്റെ  അതിമനോഹരമായ ദൃശ്യവും കാണാൻ മറക്കേണ്ട.

കുനൂർ സ്റ്റേഷനിൽ നിന്നാണ് നീലഗിരി മൗണ്ടെയ്‌ൻ ട്രെയിൻ ആവി എൻജിനിൽ നിന്നും ഡീസൽ എഞ്ചിനിലേക്കു മാറുന്നത്. കുനൂരിൽ നിന്നും ഉദകമണ്ഡലം വരെയുള്ള നാലു സ്റ്റേഷനുകളും പ്രകൃതിഭംഗി കൊണ്ട് നമ്മെ അമ്പരപ്പിക്കും. പ്രണയം നിറഞ്ഞ  ലവ് ഡെയ്ൽ സ്റ്റേഷനും നീലമലകൾക്കു താഴെയുള്ള വെല്ലിങ്ടണും മറക്കാനാകാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്.