രുചിയൂറും 'ഷാപ്പു കറി'

രുചിയൂറാൻ നാവിലെ മുകുളങ്ങൾ പോരാതെ വരും ഷാപ്പിലെ വിഭവങ്ങൾക്ക്. താറാവ് മപ്പാസ് മുതൽ പൊടിമീൻ വറുത്തത് വരെ തീൻമേശയിൽ അലങ്കരിച്ച് വിളമ്പിയിരിക്കും. സ്വാദൂറൂം ഷാപ്പിലെ വിഭവങ്ങൾക്കായി പോകാം എറണാകുളം നഗരത്തെ രുചിക്കൂട്ടിലാഴ്ത്തിയ 'ഷാപ്പു കറി'യിലേക്ക്. മഹാരാജാസ് കോളേജിനു പിന്നിൽ ടിഡി റോഡിലാണിത്. കള്ളും പന്നിയിറച്ചിയുമൊഴിച്ച് കള്ളുഷാപ്പിൽ കിട്ടുന്ന എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും. 'ഷാപ്പു കറി' എന്നു കേട്ടാൽ തിക്കുംതിരക്കും കൂട്ടുന്നത് സ്ത്രീകളാണ്. വീടുകളിൽ എത്ര പരീക്ഷിച്ചാലും ഷാപ്പിലെ മീൻകറിയുടെ സ്വാദോളം വരില്ല ഒന്നും.

നെത്തോലി മീന്‍പീര

കാറ്റിന്റെ ദിശയിൽ പറന്നുയരുന്ന മസാലകൂട്ടുകളുടെ ഗന്ധം വല്ലാതെ കൊതിപ്പിക്കും. വായില്‍ നിറയുന്ന വെള്ളത്തിൽ മീനിനും താറാവിനും നീന്തിതുടിയ്ക്കാം. മൽസ്യത്തിന്റ ലഭ്യത അനുസരിച്ച് വ്യത്യസ്ത മൽസ്യ വിഭവങ്ങളാണ് ഇവിടെ തയാറാക്കുന്നത്. പച്ച മൽസ്യത്തിന്റ ഉപയോഗം കറികൾക്ക് രൂചികൂട്ടും. കരീമിൻ പൊള്ളിച്ചത്, കരീമിൻ മപ്പാസ്, താറാവ് റോസ്റ്റ്, താറാവ് മപ്പാസ്, ചെമ്മീൻ വിഭവങ്ങൾ, മീൻ പീര, കപ്പ വേവിച്ചത്, പൊടിമീൻ വറുത്തത് തുടങ്ങി വിഭവങ്ങളുടെ നീണ്ട നിര ഈ ഷാപ്പിന്റ മെനുവിലുണ്ട്.

ചെമ്മീൻ ഫ്രൈ

ദിവസേന ഏതൊക്കെ വിഭവങ്ങളാണ് ഷാപ്പിൽ തയാറാക്കിയിരിക്കുന്നതെന്നും ഒപ്പം സ്പെഷൽ എന്താണെന്നുള്ളതെന്നും വിവരണ പട്ടിക ആളുകൾക്ക് വായിക്കാൻ തരത്തിൽ ഷാപ്പിൽ കാണാം. ഉച്ചക്ക് 12 മണി മുതൽ 2 മണി വരെയാണ് ഉൗണ് സമയം. മുളയിൽ തീർത്ത ഷാപ്പിലെ ഉൗണ് മറ്റൊരു രുചി അനുഭവം തന്നെയാണ്. കൊതിയൂറും വിഭവങ്ങള്‍ സമയമെടുത്ത് ആസ്വദിച്ച് കഴിക്കാൻ സാധിക്കില്ല. ഷാപ്പിലെ രൂചിയൂറും ഭക്ഷണത്തിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടി നിൽക്കുകയാണ്. എങ്കിലും വിഭവങ്ങളെ രുചിച്ച് മൽസരിക്കാൻ ഇതുപോലൊരിടം അപൂർവം.