ബാണാസുരയോരക്കാഴ്ചകൾ

ബാണാസുര മലയടിവാരത്തെ ഗ്രാമഭംഗി കാത്ത്‌ വയ്ക്കുന്ന തരിയോട്‌. എട്ടാം മൈൽ, പതിനൊന്നാം മൈൽ എന്നിങ്ങനെ അറിയപ്പെടുന്ന കുറെ കൊച്ച് ഗ്രാമങ്ങളുടെ ഒരു കൂട്ടം ഉണ്ട്‌ ഇവിടെ. എല്ലാം ബാണാസുരമലകളുടെ അടിവാരത്ത്‌, ബാണാസുര സാഗർ അണക്കെട്ട്‌ രൂപം നൽകിയ തടാകത്തിന്റെ കരയിൽ. 

മികച്ച ദൃശ്യഭംഗിയാണിവിടെയെങ്ങും. അണക്കെട്ടിന്റെ ഭാഗങ്ങളിലേക്ക്‌ പ്രവേശിക്കാൻ അനുമതിയില്ല. അത്‌ അപകടവുമാണ്‌. അണക്കെട്ടിന്റെ അതിരുകൾക്ക്‌ ഇപ്പുറം നിന്ന് ആ ഭംഗിയും ആസ്വദിക്കാം. പുൽമേടുകളും മലയിടുക്കുകളും കാടുകളും നീർച്ചോലകളും കൊണ്ട്‌ സമ്പന്നമാണിവിടം.  പലയിടത്തും കാട്‌ തടാകത്തിന്‌ അതിരിടുന്നു. മറുഭാഗത്ത്‌ പുരയിടങ്ങളും കാണാം. പ്രഭാതങ്ങളിൽ തടാകത്തിലെ വെള്ളത്തിനു മുകളിലൂടെ കോടമഞ്ഞ്‌ അലസമായി നീങ്ങുന്നത്‌ കാണാം. വെയിലത്ത്‌  ജലപ്പരപ്പ്‌ സൂര്യനെ പ്രതിഫലിപ്പിക്കും. സായാഹ്നങ്ങൾക്ക്‌ മറ്റൊരു പ്രഭാവമാണ്‌. സാന്ധ്യാ സൂര്യന്റെ രശ്മികൾ തടാകത്തിനു പകരുന്ന ശാന്തഭാവം വാക്കുകൾക്കും വർണനകൾക്കും അപ്പുറമാണ്‌. മേഘങ്ങളും അന്തിച്ചോപ്പും തടാകത്തിൽ തട്ടി പതിന്മടങ്ങ്‌ അഴകോടെ പ്രതിഫലിക്കും. ആ മാസ്മരിക ദൃശ്യഭംഗിയിൽ മുഴുകാം. സുരക്ഷിതമായ, നിയമാനുസൃതമായ പരിധികൾ ലംഘിക്കാതെ ഈ തടാകവും, ഗ്രാമവും കണ്ട്‌ ആസ്വദിച്ച്‌ മടങ്ങാം.