ഒരൊന്നൊന്നര യാത്ര

സൈക്കിൾ പോലും സ്വപ്നം കാണാൻ കഴിയാതിരുന്ന ബാല്യത്തിൽ നിന്നു ബുള്ളറ്റിൽ ഹിമാലയൻ സാഹസിക യാത്ര നടത്തുവോളം വളർന്ന നിശ്ചയ ദാർഢ്യത്തിന്റെ പേരാണ്  ജിത ആലിങ്കൽ...ജൂലായ് ആറിനു ഡൽഹിയിൽ ആരംഭിച്ചു 23നു ചണ്ഡിഗഡിൽ സമാപിച്ച റോയൽ എൻഫീൽഡിന്റെ അറുപതംഗ ഹിമാലയൻ സാഹസിക സംഘത്തിലെ നാലു വനിതകളിലൊരാളായിരുന്നു പാലക്കാട് കൊല്ലങ്കോട് വട്ടെക്കാടെന്ന കൊച്ചു ഗ്രാമത്തിലെ ജിത(29)യെന്ന പെൺകുട്ടി.

പ്രതിബന്ധങ്ങളെ തൂത്തെറിഞ്ഞു 2800 ലേറെ കിലോമീറ്ററുകൾ താണ്ടിയ ജിതയും കെഎൽ–70 ബി 3722 ബുള്ളറ്റും യാത്രകൾക്കായി കൊതിക്കുമ്പോൾ പെൺകുട്ടികൾക്കു മുന്നിൽ കൊട്ടിയടച്ച വഴികൾ തുറക്കുക കൂടിയാണ്.

സ്വപ്നങ്ങളോടൊപ്പം സഞ്ചരിച്ച്

നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാനാവാത്ത സ്വപ്നങ്ങളെ ഹൃദയത്തോടു ചേർത്തു പിടിക്കാനും നില നിർത്താനും മനസ്സൊരുക്കുകയായിരുന്നു റിട്ട.എഇഒ എ.ആർ.ഗോകുൽദാസിന്റെയും റിട്ട.എച്ച്എം വി.പ്രേമലതയുടെയും മകൾ.വലിയ സ്വപ്നങ്ങൾ കാണുന്ന മനസ്സാണു ബുള്ളറ്റിൽ ഹിമാലയൻ യാത്രയെന്ന സാഹസികതയിലേക്കു ജിതയെ നയിച്ചത്.

എൻജിനീയറിങിനു ശേഷം ബാങ്ക് ഓഫ് ബറോഡയിൽ അസി.മാനേജരായി കോയമ്പത്തൂരിൽ ജോലി നേടി ബുള്ളറ്റ് വാങ്ങിയതോടെയാണു നിർത്താതെ ഓട‌ാനുള്ള മോഹം നാമ്പിടുന്നതും. വിലക്കുകളെ കുടഞ്ഞെറിയുവാൻ നാട്ടിൻപുറത്തുകാരി പെൺകുട്ടിയ്ക്ക് അമ്മയുടെ പിന്തുണയും അനുഗ്രഹവും മാത്രമായിരുന്നു കൈമുതൽ.

യാത്രാ പർവം 

ഡൽഹിയിൽ റോയൽ എൻഫീൽഡിന്റെ നിർദേശങ്ങളും വണ്ടിയുടെ പരിശോധനയുമാണു 18 ദിവസത്തെ യാത്രയുടെ ആദ്യ ഘട്ടം. കാഠിന്യമില്ലാത്ത പാതയിലൂടെ സ്ത്രീകളുടെയും യാത്ര ക്രമപ്പെടുത്തുകയാണു പതിവ്. 2017ൽ സാഹസിക യാത്രയ്ക്കു നാലു സ്ത്രീകൾ മാത്രമായതോടെ ഒരുമിച്ചു ഒരു വഴിക്കായി. 40 ഡിഗ്രി ചൂടിന്റെ കാഠിന്യമേറ്റു ചണ്ഡിഗഡിലേക്കും അവിടെ നിന്നും മണാലിയിലേക്കുമുള്ള യാത്ര എളുപ്പമായിരുന്നില്ല.

‘‘ഒരു ഭാഗത്തു പച്ച പുതച്ച ഹിമാലയത്തിന്റെ താഴ്‌വരകളും മറുഭാഗത്തു നീലാകാശവും ചെങ്കുത്തായ പാറക്കഷ്ണങ്ങൾ നിറഞ്ഞ വഴികളും... ഹിമാലയത്തിന്റെ ശ്രുതി താളങ്ങൾക്കൊപ്പിച്ചു ഞാൻ വണ്ടിയോടിക്കാൻ പഠിച്ചു തുടങ്ങിയെന്നു തോന്നി.’’ ജിതയുടെ വാക്കുകളിൽ യാത്രാ വഴികൾ വായിച്ചെടുക്കാം. കെയ്‌ലോംഗിൽ നിന്നും ബാറാലാച്ച ലായിലേക്കുള്ള യാത്രയിൽ വെള്ളക്കെട്ടുകളെ മുറിച്ചു കടക്കേണ്ടിയിരുന്നു.

മരം കോച്ചുന്ന തണുപ്പും വലിയ പാറക്കഷ്ണങ്ങളും വീഴ്ചകളും യാത്ര ദുഷ്ക്കരമാക്കി. രക്തം കട്ട പിടിക്കുമെന്നു തോന്നിച്ച നിമിഷങ്ങൾ... നടക്കാൻ പോലും കഴിയാത്ത അവസ്ഥ! ഇൗ ലോകത്തു നിന്നും മുറിച്ചു മാറ്റപ്പെട്ടതായി തോന്നൽ... ഫോണുകൾ പ്രവർത്തിക്കുന്നില്ല. സാറ്റലൈറ്റ് ഫോണിൽ അമ്മയെ വിളിച്ചു വരും ദിവസങ്ങളിൽ വിളിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ജിതയുടെ യാത്രയിലെ ഭീതിയുടെ നിമിഷങ്ങൾ!!! 

ലോകത്തിന്റെ നെറുകയിൽ 

സമുദ്ര നിരപ്പിൽ നിന്നു 18630 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് ഖാർദൂങ് ലാ എത്തിയ നിമിഷമാണ് ഓർമകളുടെ നെറുകയിൽ നിൽക്കുന്നത്. അവിടെ നിന്നും ഏറെ ശ്രദ്ധിച്ചു റോഡിലൂടെയും റോഡില്ലാതെയും കസയിലേക്കുള്ള യാത്രയും കാഴ്ചകളും അപൂർവങ്ങളായി.

അപകടകരമായ വഴികളിലൂടെ 16 മണിക്കൂർ വണ്ടിയോടിച്ചു. എന്നെപ്പോലെ എന്റെ ബൈക്കും ക്ഷീണിച്ചതായി തോന്നിപ്പോയ യാത്ര– ജിത പറയുന്നു. കൽപയിൽ നിന്നു നാർക്കോണ്ടയിലേക്കുള്ള വഴിയിലാണു ദിവസങ്ങൾക്കു ശേഷം ടാർ കാണുന്നത്.

നാർക്കോണ്ടയിൽ നിന്നും ചണ്ഡിഗഡ് എത്തുന്നതോടെയാണ് സാഹസിക യാത്രയുടെ ഔപചാരികമായ സമാപനം. പക്ഷെ ജിതയ്ക്കു ഒരവസാനത്തേക്കാൾ പുതിയ ലോകങ്ങൾ കീഴടക്കാനുള്ള യാത്രയുടെ തുടക്കവും.