രുചിയൂറും ചക്കരപന്തൽ കള്ള് ഷാപ്പ്

നാവിൽ കൊതിയൂറും ഷാപ്പു വിഭവങ്ങളുമായി കൊല്ലം ഇരവിപുരം തിരുമുക്കം ജംഗ്ഷനിലെ കിടിലൻ ഹൈടെക് ഷാപ്പ്. പേര് ചക്കരപന്തൽ കള്ളു ഷാപ്പ്. പേരുപോലെ തന്നെ മധുരം നിറഞ്ഞ ഒാര്‍മകൾ ഉണർത്തുന്ന നാടൻ ഭക്ഷണശാലയാണിവിടം. പ്രകൃതിയോടു അടുത്തിരിക്കുന്ന ചക്കരപന്തൽ ഷാപ്പ് കാഴ്ചയിൽ അതിസുന്ദരമാണ്. ഇക്കോ ഫ്രണ്ടലി കള്ളു ഷാപ്പെന്ന വിശേഷണവും ചക്കരപന്തലിന്റ പെരുമ ഉയർത്തുന്നു.

പഴമയും പുതുമയും കോർത്തിണക്കി സ്റ്റാർ പദവിയിൽ പണിതുയർത്തിയ ഷാപ്പ്.  ആരെയും ആകർഷിക്കുംവിധമാണ് ചക്കരപന്തലിലെ മുഖ്യ കവാടം ഒരുക്കിയിരിക്കുന്നത്.

പടിപ്പുര കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അമ്പരപ്പിക്കുന്ന കാഴ്ചകൾ. പ്രാവും തത്തയും ലൗ ബേഡ്സും ഒരു കോണില്‍. പുൽത്തകിടിയിൽ ഒാടിക്കളിക്കുന്ന തവിട്ടും വെള്ളയും ചാരയും നിറമുള്ള മുയലുകളും കൊത്തിപെറുക്കി നടക്കുന്ന കോഴികളും പൂത്തലഞ്ഞു നിൽക്കുന്ന മാവും പ്ലാവും ഒക്കെ ചേർന്നവിടം ഷാപ്പാണോ എന്നു ഒാർത്ത് അന്തിച്ചു പോകും. പച്ചപ്പിന്റ ശോഭയിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയിടം. ഇക്കോ  ഫ്രണ്ടലി കള്ള് ഷാപ്പ് തന്നെ.

ഏസി/ നോൺ ഏസി കള്ളുഷാപ്പ്

ആഡംബര പ്രൗഡിയിൽ പണികഴിപ്പിച്ച ചക്കരപന്തൽ കള്ളുഷാപ്പ് രണ്ട് കെട്ടിടങ്ങളായി തിരിച്ചിട്ടുണ്ട്. കുടുംബവുമൊത്ത് ഷാപ്പിന്റ രുചിഭേദങ്ങൾ രുചിച്ചറിയാനായി എത്തുന്നവർക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ എസി ഭക്ഷണശാലയാണ് എരിവും പുളിയും. ബഞ്ചും ഡസ്കുകളുടെയും സഥാനത്ത് നല്ല ഇരിപ്പിടങ്ങളോടുകൂടിയ ആകർഷകമായ ഷാപ്പ് റെസ്റ്ററന്റ്. കുടുംബവുമൊത്ത് സ്വസ്ഥമായി ഭക്ഷണം കഴിച്ച് മടങ്ങാം. നല്ല എരുവും പുളിയും ഒരുമിക്കുന്ന ഷാപ്പുകറികൾ വിളമ്പുന്നയിടം.

കള്ളൊഴിച്ച് എന്തും കിട്ടും അടിപൊളി രുചിയിൽ. പഴയ കാല ഷാപ്പിന്റ ഗ‍ൃഹാതുരത്വം ഉണർത്തുന്ന ബഞ്ചും ഡസ്ക്കും ഉൾപ്പെടെ കള്ളുഷാപ്പിന്റ അതേ മുഖഛായയിലാണ് അടുത്ത കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. തുടികൊട്ടും താളവുമായി നാടൻപാട്ടും പാടി ആർത്തുല്ലസിക്കാം ആര്‍ക്കും പരാതിയും പരിഭവവുമില്ല.

ഷാപ്പ് വിഭവങ്ങള്‍ അറിയാം

കപ്പ–മീൻകറി, നാടൻ ഉൗണ്, കലം ബിരിയാണി, ഇടിയപ്പം, അപ്പം, ചപ്പാത്തി, പുട്ട്, പൊറോട്ട, കപ്പ പുഴുക്ക്, ചേമ്പ് പുഴുക്ക്, കാച്ചിൽ, കൊഞ്ച് ഫ്രൈ, കൊഞ്ച് റോസ്റ്റ്, കക്കത്തോരൻ, കല്ലുമേക്കായ റോസ്റ്റ്, ഞണ്ട് കറി, നെയ്മീൻ വറുത്തരച്ച് വച്ചത്, നെയ്മീൻ തലക്കറി, കണവറോസ്റ്റ്, കണവത്തോരൻ, കരിമീൻ പൊള്ളിച്ചത്, കേര മുളകിട്ടത്, നെത്തോലിത്തോരൻ, താറാവ് റോസ്റ്റ്,താറാവ് മപ്പാസ്, നാടൻ കോഴിക്കറി, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, വിഭലങ്ങളുടെ നീണ്ടനിരയാണ്. എല്ലാം ദിവസവും ഇത്രയും വിഭവങ്ങളും തായാറാകുമെന്നും ഷാപ്പ് ജീവനക്കാർ പറയുന്നു. 

പാചകപുരയിൽ രുചിമേളം ഒരുക്കുന്നത് സനുവിന്റ കൈപുണ്യമാണ്. അടുക്കളയും പാചകവുമായി നീണ്ടകാലത്തെ പരിചയമാണ് സനുവിനുള്ളത്. സനുവിന്റ കൈപുണ്യത്തിൽ തയാറാകുന്ന വിഭവങ്ങൾ ഒരു തവണ രുചിയറിഞ്ഞവർ തീർച്ചയായും മടങ്ങിയെത്തും ചക്കരപന്തൽ കള്ള്ഷാപ്പിലെ പതിവ് കാഴ്ചയാണ്. ഏതും സമയത്തും നല്ല തിരക്കാണ്. ആരെയും മുഷിപ്പിക്കാതെ എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കികൊടുക്കാൻ ഷാപ്പ് തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തൊഴിലാളി സമിതിയുടെ പരിധിയിലാണ് ഇൗ മാതൃകാ കള്ള്ഷാപ്പ്.