കക്കയിറച്ചിയും മത്തി വറുത്തതും കൂട്ടി ഊണ് വെറും 30 രൂപയ്ക്ക്

മുളകുപൊടിയും കുരുമുളകും ഉപ്പും മറ്റു രുചികൂട്ടുകളും പുരട്ടി വെളിച്ചെണ്ണയിൽ വറുത്തു കോരുന്ന മത്തിയും കക്കായിറച്ചിറോസ്റ്റും മെഴുക്കുപുരട്ടിയും, മാങ്ങാ അച്ചാറും‍, തോരനും, സാമ്പാറും, പുളിശ്ശേരിയും, മീന്‍കറിയുമൊക്കെ ഉണ്ടാകും ഊണിന്. ആലപ്പുഴ വലിയചുടുകാടിന് സമീപം ജലഅതോറിറ്റി ടാങ്കിന് എതിര്‍വശമുള്ള അമ്മച്ചി ഹോട്ടലെന്ന രുചിപ്പുരയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

തുച്ഛമായ വിലയിൽ ഊണ് കുശാലാക്കാം. കക്കായിറച്ചിയും മത്തിവറുത്തതും ഉള്‍പ്പടെയുള്ള ഊണിന് അമ്മച്ചി ഈടാക്കുന്നത് വെറും മുപ്പതുരൂപമാത്രം. മീനും, കക്കയിറച്ചിയും രണ്ടാമത് വാങ്ങുന്നവരിൽ നിന്ന് പത്ത് രൂപ അധികം ഈടാക്കും.  മതിയാവോളം വയറുനിറച്ച് രുചിയൂറും ഭക്ഷണം കഴിക്കാം.

രുചി വൈഭവം കൊണ്ട് നാവിനെ രസിപ്പിക്കുന്ന സ്വാദാണ് ഈ വീട്ടിൽ ഊണിന്. രുചിപ്പെരുമ കേട്ടറിഞ്ഞ് നിരവധിപേരാണ് ഇവിടെയെത്തുന്നത്. പാചകപ്പുരയിൽ ചോറും കറികളും തായാറാക്കുന്ന തിരക്കിലാണ് എൺപത്തൊന്നുക്കാരി സരസമ്മ.  അമ്മയുടെ  കൈപ്പുണ്യത്തിൽ തായാറാകുന്ന വിഭവങ്ങൾ. ഒരേസമയം ക്യാഷിയറായും പാചകകാരിയായും വേഷം അണിയുന്ന സരസമ്മക്ക്എൺപത്തൊന്നു വയസ്സായെങ്കിലും ജോലി ചെയ്യുന്നതിലുള്ള  ചുറുചുറുക്കും ആവേശവും ആരെയും ആകർഷിക്കും. സരസമ്മയ്ക്ക് സഹായിയായി പഴിയും പരാതിയും കൂടാതെ മരുമകള്‍ രാധാമണിയും ഒപ്പമുണ്ടാകും.

എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്നുമണിവരെ അമ്മച്ചിയുടെ വീട്ടിൽ നല്ല തിരക്കാണ്. മുപ്പതു രൂപയ്ക്ക് ഊണ് വിളമ്പിയാൽ അമ്മച്ചിക്ക് എന്തു ലാഭമെന്ന് പലരുടെയും ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളൂ  ലാഭമല്ല ജീവിതമാണ് മുഖ്യം. ഇത് ജീവിക്കാനുള്ള കച്ചവടമാണ്. ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും കോളേജ് കുട്ടികളാണ് അവർക്കു താങ്ങാനാവുന്ന തുകയാണ് ഈടാക്കുന്നതെന്നും അമ്മച്ചി പറയുന്നു.