അപ്പൊ...പൂവല്ല്യേ..വേലൂർ ഷാപ്പിലേക്ക്?

''കൂട്ടില്യാണ്ടും ജീവിക്കാം, പക്ഷേ മൊബൈൽ നെറ്റ് ഇല്യാണ്ടെ പറ്റിണില്ല്യ മൊതലാളീ...'' പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ജയസൂര്യ ചിത്രത്തിലെ ജിമ്പ്രൂട്ടൻറെ ഡയലോഗ് വേലൂരെ ചന്ദ്രേട്ടന്റെ ഹൃദയത്തിലാ കൊണ്ടേ..വൈകിയില്ല്യാ...പുള്ളിയാ കടയിലാ വൈഫൈയാ ഇട്ട്...ഫ്രീ വൈഫൈയും പഞ്ച നക്ഷത്ര സൗകര്യവും പിന്നെ നല്ല ഭക്ഷണവും കൂട്ടത്തിൽ നാടൻ ചെത്ത് കള്ളും.. "വേലൂരെ ഈ കള്ളുഷാപ്പ് ഫേമസ് ആയതു ഭക്ഷണത്തിന്റെ രുചി കൊണ്ട് മാത്രമാണ്... ബാക്കിയുള്ളതെല്ലാം ഇവിടെ വരുന്നവർക്ക് വേണ്ടിയുള്ളതാ..."ചന്ദ്രേട്ടൻ നല്ല തൃശ്ശൂര്‍ ശൈലിയിൽ മനസിലുള്ളത് പറഞ്ഞു. 

Representative Image

നാടൻ കള്ളുഷാപ്പുകളോട് 'ന്യൂ ജെൻ' പിള്ളേർക്ക് ഒരു മടുപ്പുണ്ടോ എന്ന തോന്നലാണ് ഇങ്ങനെയൊരു കള്ളുഷാപ്പ് സെറ്റ് ചെയ്യാൻ ഷാപ്പുടമ ചന്ദ്രേട്ടനെ പ്രേരിപ്പിച്ചത്. പഴമയുടെ പ്രൗഢിക്കായി മുളകൊണ്ടുള്ള ചെറിയ കുടിലുകൾ നിർമിച്ച് ക്യാബിനുകളായി തിരിച്ചു. ''വരുന്നവരുടെ സ്വകാര്യതയും നമ്മള് മാനിക്കണ്ടേ '' എന്നാണ് മുളംകുടിലുകളെ കുറിച്ച് ചോദിക്കുമ്പോൾ ചന്ദ്രേട്ടന്റെ മറുപടി. ''ഷാപ്പ് കംപ്ലീറ്റാ എ സി യും  വെച്ചു, കൂടെ വിഭവങ്ങളുടെ ഡിജിറ്റൽ ബോർഡും.  'സംഗതി ക്ലാസ്സാ' യിന്നു പറയേണ്ട കാര്യമില്ലലോ. 'ഇത് കലക്കൂട്ടാ' എന്ന് വന്നോരും കണ്ടോരും എല്ലാം പറഞ്ഞു. അങ്ങനെ മ്മ്ടെ ഷാപ്പിലാ ആളോളാ നെറഞ്ഞു..'' നിറഞ്ഞ സന്തോഷത്തോടെ ചന്ദ്രേട്ടൻ പറഞ്ഞു നിർത്തി.

Representative Image

തൃശ്ശൂർ വേലൂർ എന്ന സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളെല്ലാമുള്ള ഈ കള്ളുഷാപ്പ് പ്രവർത്തിക്കുന്നത്. ശീതികരിച്ച മുറികൾ, ബാറുകൾ തോറ്റുപോകുന്ന സൗകര്യങ്ങൾ, ഇപ്പോൾ വൈഫൈ കൂടിയായപ്പോൾ ഈ കള്ളുഷാപ്പിൽ എപ്പോഴും നല്ല തിരക്കാണ്. രുചി നിറഞ്ഞ, വൈവിധ്യമാർന്ന വിഭവങ്ങൾ കഴിക്കാൻ മാത്രം ഇവിടെ എത്തുന്ന നിരവധിപേരുണ്ട്. അതിൽ കുടുംബങ്ങളുമൊത്തു വരുന്നവർ ധാരാളം. മുപ്പത്തഞ്ചോളം വിഭവങ്ങളുണ്ട് ഈ ഷാപ്പിൽ. പിന്നെ നല്ല നാടൻ കള്ളും. ആ പരിസരങ്ങളിൽ നിന്ന് തന്നെ ചെത്തിയിറക്കുന്ന കള്ളായതു കൊണ്ട് വിശ്വസിച്ചു കുടിക്കാമെന്നതും വേലൂരെ ഷാപ്പിന്റെ പ്രത്യേകതയാണ്.

മുളകുമാത്രമരച്ചു, കുടംപുളി ഇട്ടുവെച്ച ചൂര കറിയാണ് ഈ ഷാപ്പിലെ താരം. മീൻ തലക്കറിയും, ബീഫ് ഉലർത്തിയതും പോർക്കും വറുത്തരച്ച തേങ്ങയിൽ നാടൻ കോഴി തയ്യാറാക്കിയതും കാടമുട്ട റോസ്റ്റുമെല്ലാം ഇവിടുത്തെ പ്രധാനികളാണ്. കൂടാതെ മുയലും മട്ടനുമെല്ലാം ആവശ്യക്കാരുടെ വിളികൾക്കു കാതോർത്തു എപ്പോഴും  അടുപ്പിലെ ചെറുതീയിൽ മസാലക്കൂട്ടുകളിൽ അലിഞ്ഞുചേരുന്നുണ്ടാകും. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം കഥാപാത്രങ്ങളെ പോലെ ഷാപ്പുകളിലെ സ്ഥിരം കോബിനേഷനുകളായ ഞണ്ടും കൊഞ്ചും പൊടിമീൻ പീരയുമൊക്കെ ഇവിടെയുമുണ്ട്. 

Representative Image

പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലെയുള്ള സൗകര്യങ്ങളും പരിചരണവുമുണ്ടെങ്കിലും അത്രയൊന്നും മര്യാദക്കാരാകേണ്ട ഇവിടെ. ഇത്തിരി ഇളംകള്ളു കുടിച്ച്, എരിവുള്ള മീൻ ചാറൊന്നു തൊട്ടുനാക്കിൽ വെച്ച് ഒന്ന് പാടണമെന്നു തോന്നിയാലും ആരും ഇവിടെ തടയില്ല. പാട്ടും ആട്ടവുമായി ഷാപ്പിലെ സമയങ്ങൾ ആഘോഷിക്കുന്നതിനോട് ഇവിടെയുള്ളവർക്ക് യാതൊരു തരത്തിലുള്ള എതിർപ്പുമില്ല. നല്ല ഭക്ഷണവും നല്ല കള്ളും നല്ല പരിചരണവും ആഗ്രഹിക്കുന്നവർക്ക് കുടുംബത്തോടെ ചെല്ലാം..വേലൂർ കള്ളുഷാപ്പിലേക്ക്... എ സി യുടെ തണുപ്പിൽ, കറിയുടെയും കള്ളിന്റെയും ചിത്രങ്ങൾ ഈ ഹൈ-ടെക് കള്ളുഷാപ്പിലിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യാം.

Representative Image

അപ്പൊ...പൂവല്ല്യേ..വേലൂർ ഷാപ്പിലേക്ക്?