12,000 അടി ഉയരമുള്ള ബിയാസ് ഗ്ലേസിയർ നടന്നുകയറി മൂന്നാം ക്ലാസുകാരൻ

ഹിമാലയത്തിലെ കേദാർകാന്ത പർവതത്തിലേക്കു ചേച്ചി യാത്ര പുറപ്പെടുന്നു എന്നുകേട്ടപ്പോൾ നഷ്ടപ്പെട്ടതാണ് തോമസിന്റെ സമാധാനം. പർവതാരോഹണം കഴിഞ്ഞു തിരിച്ചെത്തിയ ചേച്ചിയുടെ വീര കഥകൾ കേട്ടപ്പോൾ  ഉറക്കം  നഷ്ടപ്പെട്ടു. 

അത്യുന്നതങ്ങളിലെത്തിയാലേ തനിക്കു സമാധാനം തിരിച്ചുകിട്ടൂ എന്നു മനസിലായപ്പോൾ മൂന്നാം ക്ലാസുകാരൻ തോമസ് വീട്ടിൽ ബഹളം തുടങ്ങി, ‘എനിക്കു ഹിമാലയത്തിലേക്കു ട്രെക്കിങ്ങിനു പോകണം.’ ഒടുവിൽ 12,000 അടി ഉയരമുള്ള ബിയാസ് ഗ്ലേസിയർ നടന്നുകയറി.

അച്ഛൻ ലിന്റോ ജോസ് അടക്കം നാലു ഡോക്ടർമാർ അടങ്ങുന്ന സംഘത്തിനൊപ്പം തോമസ് ബിയാസ് ഗ്ലേസിയറിലേക്കു ട്രെക്കിങ്ങിനു പുറപ്പെടുന്നത്. ഏപ്രിൽ നാലിന് രാത്രി എട്ടിനു ഡൽഹിയിൽ നിന്നു റോഡ്മാർഗം മണാലിയിലേക്ക്. മണാലിയിൽ നിന്നു ജീപ്പിൽ സോളംഗ് വാലിയിലേക്ക്. ട്രെക്കിങ്ങിന്റെ ബേസ് ക്യാംപ് ഇവിടെ. സോളംഗിൽ നിന്നാണു നടപ്പിന്റെ തുടക്കം. എട്ടുകിലോമീറ്റർ അകലെയുള്ള ദുന്ദി ലക്ഷ്യമാക്കി അഞ്ചിനു രാവിലെ നടപ്പു തുടങ്ങി. കാട്ടുപാതയിലൂടെ ദുന്ദിയിലെത്തിയപ്പോൾ അതിശൈത്യവും നേരിയ മഞ്ഞുവീഴ്ചയും.

9000 അടി ഉയരെ ടെന്റ് ഒരുക്കി വിശ്രമം. പിറ്റേന്നു രാവിലെ മഞ്ഞുമൂടിയ പാതയിലൂടെ ബിയാസ് ഗ്ലേസിയറിലേക്കു നടപ്പു തുടങ്ങി. 

അതിശൈത്യത്തിൽ ഡോക്ടർമാരുടെ സംഘം വിറച്ചപ്പോൾ ട്രെക്കിങ് കോ–ഓർഡിനേറ്റർ പ്രീതം മേനോനൊപ്പം തോമസ് ഉഷാറായി യാത്ര തുടർന്നു. മറ്റുള്ളവർ വിശ്രമിക്കുന്ന സമയങ്ങളിൽ മഞ്ഞരുവികളിൽ നിന്നു വെള്ളം കുടിച്ചും മഞ്ഞിൽ കളിച്ചും തോമസ് രസിച്ചു. 

ടെന്റിനുള്ളിൽ കുക്ക് തയാറാക്കുന്ന ഭക്ഷണം ആസ്വദിച്ചു കഴിച്ചു. രാവിലെ സൂര്യോദയം മുതൽ നടപ്പു തുടങ്ങിയാൽ ഉച്ചയ്ക്കു മൂന്നുമണിയോടെ അവസാനിപ്പിച്ചു ടെന്റ് നിവർത്തി വിശ്രമിക്കുകയാണ് രീതി. സ്ലീപ്പിങ് ബാഗിലാണ് ഉറക്കം. ഒരുദിവസം നാലു മുതൽ ഏഴു കിലോമീറ്റർ വരെ നടപ്പ്. ബിയാസ് നദിയുടെ ഉത്ഭവ സ്ഥാനങ്ങളിലൊന്നായ ബിയാസ് ഗ്ലേസിയറിലെത്തുന്നതു നാലാംദിവസം. 

സംഘത്തിലുള്ളവരെല്ലാം അതിശൈത്യവും തലവേദനയും ക്ഷീണവും മൂലം വലഞ്ഞെങ്കിലും തോമസിന്റെ എനർജി ലെവൽ എവറസ്റ്റ് പോലെ നിലകൊണ്ടു. 11,700 അടി പിന്നിട്ടു ഗ്ലേസിയറിന്റെ മുകളിലെത്തിയശേഷം സംഘത്തിന്റെ മടക്കയാത്ര. ചേച്ചി തൻവിയോടും കോട്ടയം പള്ളിക്കൂടം സ്കൂളിലെ കൂട്ടുകാരോടും പറയാൻ നൂറായിരം കഥകളുമായി കുഞ്ഞുതോമസും.

കുളിക്കാതെ നാലുദിവസം; ഒടുവില്‍ അപാരകുളി

ട്രെക്കിങ്ങിനു പോയ നാലുദിവസവും തോമസ് അടക്കമുള്ളവർക്കു കുളിക്കാൻ കഴിഞ്ഞിരുന്നില്ല. ട്രെക്കിങ്ങിനു ശേഷം യാത്രാക്ഷീണവും ശ‍ാരീരിക ബുദ്ധിമുട്ടുകളും നേരിട്ട സംഘത്തെ ട്രെക്കിങ് കൺസൽറ്റന്റ് പ്രീതം മേനോൻ നേരെ കൊണ്ടുപോയതു വസിഷ്ഠകുണ്ഡിലേക്കാണ്. ഇവിടുത്തെ ചൂടുനീരുറവ പ്രസിദ്ധം. വെള്ളം കണ്ടതും തോമസ് അടക്കമുള്ളവർ ഉറവയിലേക്കു ചാടി കുളിതുടങ്ങി. ഏറെനേരം ഇവിടെ ചെലവഴിച്ചശേഷമായിരുന്നു മടക്കം.

ബിയാസ് ഗ്ലേസിയറിൽ മഞ്ഞിനെ പ്രതിരോധിക്കാനും മലകയറാനും തോമസിന്റെ കൈവശമുണ്ടായിരുന്ന ‘ടൂൾസ്’ ഇവയാണ്:

∙ ഒരുസ്വറ്റർ, ഫ്ലീസ് ജാക്കറ്റ്, പാഡഡ് ജാക്കറ്റ്

∙ ട്രെക്കിങ് ഷൂസ്

∙ രണ്ടു ജോഡി സൺഗ്ലാസുകൾ

∙ രണ്ടുജോടി വൂളൻ സോക്സ്, രണ്ടുജോടി അത്‌ലറ്റിക് സോക്സ്

∙ ട്രെക്കിങ് പാന്റ്സ്, ഇന്നർ തെർമൽസ്

∙ വോക്കിങ് സ്റ്റിക്കുകൾ

∙ ആന്റി ബാക്ടീരിയൽ പൗഡർ, ഹാൻഡ് വാഷ്

∙ ടോർച്ച്, സൺസ്ക്രീൻ ലോഷൻ

∙ രണ്ടു ജോടി വൂളൻ തൊപ്പികൾ

∙ 50 ലീറ്റർ ശേഷിയുള്ള ബാക്പാക്ക്

∙ വാട്ടർ ബോട്ടിൽ

∙ സ്ലീപ്പിങ് ബാഗ്