കുട്ടനാടൻ രുചിയൊരുക്കിയ കള്ളുഷാപ്പ്

പച്ചപ്പട്ടിന്റെ അരികുകളിൽ സ്വര്‍ണനിറമുള്ള കസവണിഞ്ഞ പാടങ്ങൾ പോലെ എന്നും യൗവ്വനയുക്തയാണ് കുട്ടനാടൻ ഗ്രാമങ്ങൾ. ആ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന ആടയാഭരണങ്ങൾ പോലെ കൈത്തോടുകളും തെങ്ങിൻ തോപ്പുകളും. മറ്റെങ്ങുമില്ലാത്ത ആ പ്രകൃതിയുടെ അഴകുകാണുവാനും വശീകരിക്കുന്ന ആ ഭംഗിയൊന്നറിഞ്ഞാസ്വദിക്കാനും എത്തുന്നവര്‍ നിരവധിയാണ്. കുട്ടനാട്ടിലേക്കു ചെന്നാൽ സ്വീകരിക്കുന്നതോ.. രുചിയുടെ മേളപ്പെരുക്കം നിറയ്ക്കുന്ന നാടൻ വിഭവങ്ങളുമായി അന്നാട്ടിലെ കള്ളുഷാപ്പുകളും. കുട്ടനാട്ടിലെ കള്ളിനും കരിമീനും മറ്റെങ്ങുമില്ലാത്ത രുചിയാണ്.

നല്ല മുളകിട്ട വരാല് കറിയും കരിമീൻ പൊള്ളിച്ചതും മപ്പാസും താറാവ് റോസ്റ്റുമെല്ലാം വിളമ്പുന്ന കുട്ടനാട്ടിലെ നാടൻ  കള്ളുഷാപ്പുകൾ രുചിയുടെ കാര്യത്തിൽ എല്ലായ്‌പ്പോഴും ഒരു വള്ളപ്പാട്  മുമ്പിലാണ്. അതുകൊണ്ടു തന്നെയാകണം  ആ രുചിയാസ്വദിക്കാൻ വിദേശികളടക്കമുള്ളവർ കുട്ടനാടിന്റെ  മണ്ണിലേക്കെത്തുന്നത്. രുചി തേടി എത്തുന്നവർക്ക് തനിനാടൻ വിഭവങ്ങളൊരുക്കി സ്വാദിന്റെ പുതുമാനങ്ങൾ നൽകുന്ന രുചിയിടമാണ് കാഞ്ഞൂർ കള്ളുഷാപ്പ്.

ആലപ്പുഴ, നെടുമുടിക്കടുത്താണ് കാഞ്ഞൂർ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. കുട്ടനാടിന്റെ തനതു ഗ്രാമഭംഗി കൺനിറയെ കണ്ടുകൊണ്ടാണ് കാഞ്ഞൂർ ഷാപ്പിലേക്കുള്ള യാത്ര.  നല്ല തെങ്ങിൻ കള്ളും രുചിയൂറുന്ന മൽസ്യ വിഭവങ്ങളുമാണ് ഇവിടുത്തെ  സ്പെഷ്യൽ. കായലിൽ നിന്നുള്ള നല്ല പിടക്കുന്ന മീനുകൾ തന്നെയാണ് കറിയായും വറുത്തുമൊക്കെ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ മുമ്പിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ ഗുണത്തിനൊപ്പം രുചിയുമേറെയാണ്.

കൊഞ്ചും ഞണ്ടും ചെമ്മീനും തുടങ്ങി  നിരവധി മൽസ്യങ്ങൾ ഇവിടെ നിന്ന് തന്നെ പിടിച്ച് കറി വെച്ചു നൽകുന്നു. രുചി വർധിപ്പിക്കാൻ ചേർക്കുന്നതോ നല്ല നാടൻ മസാലക്കൂട്ടുകളും.

എരിവിൽ മുമ്പനായ മുളകിട്ട മീൻകറിയും മീൻ തലക്കറിയുമൊക്കെ കാഞ്ഞൂർ ഷാപ്പിലെ താരങ്ങളാണ്. വളരെ കുറച്ചു ചേരുവകൾ ചേർത്ത്, ഒട്ടും എണ്ണ ഉപയോഗിക്കാതെ  തയ്യാറാക്കിയെടുക്കുന്ന കരിമീൻ മുളകു പൊള്ളിച്ചതാണ് കാഞ്ഞൂർ ഷാപ്പിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ. കൂടാതെ കരിമീനിന്റെ തന്നെ പലതരത്തിലുള്ള വിഭവങ്ങളും ഇവിടെയുണ്ട്. കരിമീൻ പൊള്ളിച്ചതും വറുത്തതും മപ്പാസും വാളത്തല കറിയും  വരാലും കാരിയും  വറുത്തതും നാവിലെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന വറ്റകറിയും കൊഞ്ചുപൊരിച്ചതും തീയലിനുമൊക്കെ കാഞ്ഞൂർ ഷാപ്പില്‍ ആരാധകരേറെയാണ്. ഉച്ചനേരങ്ങളിൽ നല്ല ഊണും കപ്പയും വിളമ്പുന്ന ഈ ഷാപ്പിൽ വൈകുന്നേരങ്ങളിലെ പ്രധാനവിഭവം ചിരട്ടപുട്ടും അപ്പവുമൊക്കെയാണ്.

നിരവധി വിഭവങ്ങളൊരുക്കിയാണ് കാഞ്ഞൂർ ഷാപ്പ് അതിഥികളെ സ്വീകരിക്കുന്നത്. കുടുംബങ്ങളുമൊത്തു വന്നിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും  ഇവിടെയുണ്ട്. അതിനായി ഷാപ്പിനെ ചെറിയ ചെറിയ കുടിലുകളായി തിരിച്ചിട്ടുണ്ട്. ഒഴിവുദിനങ്ങളിലും ഞായറാഴ്ചകളിലും ഇവിടെ കുടുംബാംഗങ്ങളുമൊത്തു ഭക്ഷണം കഴിക്കാനെത്തുന്നവരുടെ തിരക്കാണ്. നാടൻ വിഭവങ്ങളും  മികച്ച സ്വാദുമാണ് കാഞ്ഞൂർ ഷാപ്പിലെ രുചിയെ ഇത്രയധികം പ്രശസ്തമാക്കിയത്. അതുകൊണ്ടു തന്നെ നിങ്ങൾ നല്ല ഭക്ഷണപ്രേമിയാണെങ്കിൽ... യാത്ര കുട്ടനാട്ടിലൂടെയാണെങ്കിൽ.. നെടുമുടിക്കടുത്തുള്ള കാഞ്ഞൂർ ഷാപ്പിലെ ഭക്ഷണത്തിന്റെ രുചിയറിയണം..ആ രുചിവിശേഷം നാവിലേക്ക് പകരുമ്പോഴേ..നിങ്ങളുടെ നാവ് നിങ്ങളെ എഴുന്നേറ്റുനിന്നു സല്യൂട്ട് ചെയ്യുമെന്നത് തീർച്ചയാണ്.