കള്ളും കപ്പയും താറാവും., സൂപ്പർഹിറ്റാണ്

ഏതൊക്കെ നാട്ടിൽ പോയാലും എന്തൊക്കെ തരം  വിഭവങ്ങൾ രുചിച്ചാലും നല്ല കുത്തരി  ചോറും മീൻകറിയും മീൻ വറുത്തതുമൊക്കെ കൂട്ടി ഒരു ഊണ് കഴിക്കുക എന്നത് തന്നെയായിരിക്കും നമ്മൾ മലയാളികളുടെ സ്വകാര്യ ഇഷ്ടം. ഭക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ തന്നെ ഉണ്ടാക്കിയെടുത്ത ചില ജോഡികളുണ്ട്, ലാലേട്ടനും ശോഭനയും പോലെ...രുചിയുടെ രസതന്ത്രം കൊണ്ട് ഹിറ്റായ ജോഡികൾ.

Representative Image

നല്ല എരിവുള്ള  മീൻകറി ഒഴിച്ച് കപ്പയും  കുരുമുളകും തേങ്ങാകൊത്തുമിട്ടു വെന്ത ബീഫിൽ മുങ്ങിയ പൊറോട്ടയും പതുപതുത്ത അപ്പത്തിൽ  അലിഞ്ഞു ചേർന്ന താറാവുകറിയുമൊക്കെ നമ്മൾക്ക് അത്തരത്തിൽ ഏറെയിഷ്ടമുള്ള വിഭവങ്ങളാണ്. ഈ വിഭവങ്ങളുടെല്ലാം തനതുരുചിയറിയണമെങ്കിൽ കള്ളുഷാപ്പുകൾ തന്നെയാണ് ഏറ്റവും പ്രാപ്യമായ മാർഗം. ആലപ്പുഴ- ചങ്ങനാശ്ശേരി ഭാഗത്തുകൂടി ഒരു യാത്ര പോയാൽ കുട്ടനാട്ടിലെ വരാലിന്റെയും കാരിയുടേയും കൂരിയുടെയുമൊക്കെ യഥാർത്ഥ രുചിയറിയാം. നല്ല താറാവ് മപ്പാസിൽ മുക്കി പാലപ്പം കഴിക്കാം. 

രാമങ്കരി, ചാത്തങ്കരി, തായങ്കരി അങ്ങനെ നിരവധി കരികളുണ്ട് കുട്ടനാട്ടിൽ. കുട്ടനാട്ടിലെ വലിയ  പാടശേഖരങ്ങളോളം വലുപ്പത്തിൽ...അത്രയും തന്നെ സ്വാദുനിറഞ്ഞ ഭക്ഷണം വിളമ്പും ഈ നാടുകളിലെ കള്ളുഷാപ്പുകളും. അത്തരത്തിൽ വലിയ രുചിവിളമ്പുന്ന ഒരു കരിയാണ് മാമ്പുഴക്കരിയും അവിടുത്തെ  മധുരാപുരി കള്ളുഷാപ്പും. രുചി തേടിയുള്ള യാത്രയിൽ ചെമ്മീനും ഞണ്ടും കൊഞ്ചും പൊടിമീനും വരാലും വാളത്തലയുമൊക്കെ വിളമ്പിവെച്ചാണ് മാമ്പുഴക്കരിയിലെ മധുരാപുരി കള്ളുഷാപ്പ് അതിഥികളെ സ്വീകരിക്കുന്നത്.  

Representative Image

നല്ല മധുരക്കള്ള് മാത്രമല്ല, ചോറും കപ്പയുമടക്കം നിരവധി വിഭവങ്ങൾ മധുരാപുരിയിലുണ്ട്. ചോറിനൊപ്പം ബീഫും പോർക്കുമെല്ലാം ഉലർത്തിയതും മീൻകറിയും ഇവിടെ വിളമ്പും . ആവിപറക്കുന്ന ചോറിനൊപ്പം ഈ കറികളും കൂട്ടി, കുട്ടനാട്ടിലെ പാടങ്ങളിൽ മഴപൊഴിയുന്നതും കണ്ട് അവ ആഹരിക്കുന്നതിന്റെ സുഖത്തിനൊപ്പം നിൽക്കാൻ മറ്റൊരുപമയുണ്ടോ? വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ച കരിമീനും    വറുത്ത കാടയും അസുലഭമായി മാത്രം കിട്ടുന്ന വലിയ കൊഞ്ച് റോസ്റ്റും കുട്ടനാട്ടിലെ  ഏറ്റവും സ്പെഷ്യൽ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന വാള  മുളകിട്ട കറിയും  വറുത്തരച്ച താറാവ്കറിയും തേങ്ങാക്കൊത്തിട്ട് വെന്ത കല്ലുമ്മേക്ക റോസ്‌റ്റും കക്കയും പൊടിമീനും പള്ളത്തി വറുത്തതും ഞണ്ട് റോസ്റ്റും തുടങ്ങി എത്രയെത്ര വിഭവങ്ങളാണെന്നോ മധുരാപുരി ഭക്ഷണപ്രിയർക്കായി ഒരുക്കിയിരിക്കുന്നത്...?  അതിൽ കുരുമുളകിന്റെ മണവും രുചിയും മുമ്പിൽ നിൽക്കുന്ന ബീഫ് റോസ്റ്റും പോർക്ക് ഫ്രൈയുമുണ്ട്. കാരിയും വരാലുമൊക്കെ രുചിയുടെ പെരുമ്പറ മുഴക്കി പിന്നാലെതന്നെയുണ്ട്. 

Representative Image

രുചിയുടെ താളമേളങ്ങൾ തീർക്കുന്ന ഈ ഷാപ്പുവിഭവങ്ങൾ, ഭക്ഷണപ്രേമികളെ ഒരിക്കലും നിരാശരാക്കുകയില്ല. പാടത്തു നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ്, മഴയുടെ താളത്തിലലിഞ്ഞു കൊണ്ട്, നാവിൽ കൊതിയുടെ തിരയിളക്കുന്ന, മധുരാപുരിയിലെ വിഭവങ്ങൾ ആസ്വദിക്കുമ്പോൾ വയറുമാത്രമല്ല മനസും കുളിരുമെന്നതിൽ  സംശയമില്ല. കുട്ടനാടിന്റെ തനതുവിഭവങ്ങൾ, അതെ രുചിക്കൂട്ടിൽ ആസ്വദിക്കാൻ കുടുംബവുമൊത്തു അപ്പോൾ മധുരാപുരിയിലേക്ക് പോകാമല്ലേ...?