600 രൂപയ്ക്ക് നാലമ്പല ദർശനം; ഭക്ഷണവും എസി യാത്രയും കർക്കിടകക്കൂട്ടും പഞ്ചാംഗവും

കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനത്തിന് സൗകര്യമൊരുക്കി തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. വളരെ ചെലവു കുറഞ്ഞ രീതിയിൽ ഭക്തർക്ക് എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ യാത്ര തരപ്പെടുത്തിയിരിക്കുന്നത്. ഡിടിപിസിയുടെ യാത്ര ആരംഭിച്ചതിന്റെ നാലാം വാർഷികം കൂടിയാണ് ഇത്തവണ.

 നാലമ്പല തീർത്ഥാടനത്തിന്റെ എല്ലാ വശങ്ങളും പാക്കേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീട്ടിലെ പ്രായമായവരെ നാലമ്പല ദർശനത്തിനായി വിശ്വസിച്ച് ഡിടിപിസിയെ ഏൽപ്പിക്കാം.

കർക്കടകത്തിലെ ദുർഘടം അകറ്റാൻ നാലമ്പല തീർഥാടനം എന്നാണ് വിശ്വാസം. രാമായണ മാസത്തിൽ ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രത്തിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി തിരികെ തൃപ്രയാർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയാലാണ് നാലമ്പല തീർഥാടനം പൂർത്തിയാകുക. 

തൃശൂർ ഡിടിപിസിയുടെ നാലമ്പല തീർത്ഥാടന യാത്രയിൽ പങ്കെടുത്തവർ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിനു മുന്നിൽ.

നാലുക്ഷേത്രങ്ങളും ദർശനം നടത്തിയതിനുശേഷം തൃപ്രയാറിൽ തിരിച്ചെത്തുന്നതുവരെ യാത്രയോടൊപ്പം ഐതീഹ്യങ്ങളും കഥകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൂർണമായും ശീതീകരിച്ച വാഹനത്തിലാണ് യാത്ര.

നൂറിലേറെ യാത്രകളിലായി 3000 ഭക്തരെയാണ് ‍‍ഡിടിപിസി  ഈ പാക്കേജിൽ കൊണ്ടുപോയിട്ടുള്ളത്.  600 രൂപയാണ് ഒരാൾക്ക് ചാർജ്. വിഭവസമൃദ്ധമായ സദ്യയും തൃപ്രയാറിലെ പ്രസാദവും കർക്കിടക കഞ്ഞിക്കൂട്ടും മലയാളം പഞ്ചാംഗവും പാക്കേജിൽ ലഭിക്കും. നൂറു ശതമാനം തൃപ്തിയോടെയാണ് ദർശനയാത്രയിൽ പങ്കെടുത്തവർ മടങ്ങുന്നതെന്ന് അവരുടെ പ്രതികരണങ്ങളിൽ വ്യക്തമാണെന്ന് ഡിടിപിസി ജിഎം എൻ. രവിചന്ദ്രൻ പറയുന്നു. 

യാത്രയെക്കുറിച്ച് കൂടുതൽ അറിയാനും ബുക്കിങിനും: 0487 2320800