കുത്തൊഴുക്ക് കൂടി, അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം അടച്ചു

അതിരപ്പിള്ളിയില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടി. ചാര്‍പ്പ വെള്ളച്ചാട്ടം അതിരുവിട്ട് റോഡിലേക്ക് കയറി. വാഹനങ്ങള്‍ കടന്നുപോകില്ല. മുമ്പെങ്ങും കാണാത്തരീതിയിലാണ് അതിരപ്പിള്ളിയിലെ കുത്തൊഴുക്കെന്ന് മുതിര്‍ന്നവര്‍ പറയുന്നു. രാവിലെ പതിനൊന്നു മണി തൊട്ടാണ് വെള്ളത്തിന്റെ ഒഴുക്ക് കൂടിയത്.

വാഴച്ചാലിലും സ്ഥിതി രൂക്ഷമാണ്. ആർത്തലച്ച് രൗദ്രഭാവത്തിലാണ് വെള്ളത്തിന്റെ പ്രവാഹം. ഷോളയാര്‍ ഡാം ഇന്നലെ തുറന്നിരുന്നു. ഈ വെള്ളം കൂടിയായതോടെ സ്ഥിതി രൂക്ഷമാണ്. ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുകയാണ്. കാപ്പത്തോട് കരകവിഞ്ഞു. പരിയാരത്ത് റോഡില്‍ വെള്ളം കയറി. കൃഷിതോട്ടങ്ങളും വെള്ളത്തിലായി. 

ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പീച്ചി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ കുറേക്കൂടി ഉയര്‍ത്തി. വാഴാനി ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. നാളെ തുറന്നേക്കും.ചിമ്മിനി ഡാമില്‍ എണ്‍പതു ശതമാനം വെള്ളം മാത്രമാണ് നിറഞ്ഞത്.