സഞ്ചാരികളൊഴിഞ്ഞ് ഇടുക്കി

തൊടുപുഴ : ഉരുൾപൊട്ടലും മണ്ണിടിച്ചിലും മഴയും ജില്ലയുടെ വിനോദസഞ്ചാര മേഖലയെ തകർത്തു. സഞ്ചാരികളൊഴിഞ്ഞ ഇടുക്കിയാണ് ഇപ്പോഴത്തെ കാഴ്ച.

ആളൊഴിഞ്ഞ് മൂന്നാർ

ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നാറിലേക്കുള്ള റോഡുകൾ പൂർണമായും തകർന്നതോടെ പുറം ലോകത്തു നിന്നു മൂന്നാർ പൂർണമായും ഒറ്റപ്പെട്ടു. വൈദ്യുതി–ഫോൺ ബന്ധ ങ്ങൾ താറുമാറായി. ദിവസേന ശരാശരി അയ്യായിരം ടൂറിസ്റ്റുകൾ വരെ എത്തിയിരുന്ന മൂന്നാറിൽ ഇപ്പോൾ നൂറിൽ താഴെ സന്ദർശകര്‍ മാത്രമാണ് എത്തുന്നത്. ഇടുക്കി ജില്ലയിലേക്ക് യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദേശവും ടൂറിസം മേഖല ശൂന്യമാവാൻ കാരണമായി. 

സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് മൂന്നാറിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മാട്ടുപ്പെട്ടിയിൽ ഈ മാസം ഒരു ദിവസം മാത്രമാണ് ബോട്ടിങ് നടന്നത്. രാജമല ഒരാഴ്ചയിലേറെയായി അടച്ചിട്ടിരിക്കുന്നു. പഴയ മൂന്നാർ ഹൈഡൽ ഉദ്യാനവും തുറക്കുന്നില്ല. ലോഡ്ജുകളും റിസോർട്ടുകളും കാലിയാണ്. മഴ മാറി നീലക്കുറിഞ്ഞി പൂക്കാലം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. തേക്കടിയിലും തിരക്കില്ല. 

ആളെ കയറ്റാതെ വാഗമൺ

വാഗമൺ മൊട്ടക്കുന്നുകൾ, കോലാഹലമേട്ടിലെ ആത്മഹത്യാ മുനമ്പ്, പൈൻവാലി, ഓർക്കിഡ് ഫാം എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. ശനി, ഞായർ ദിവസങ്ങ ളിൽ പതിനായിരങ്ങളാണ് ഇവിടെ എത്തിയിരുന്നത്.