ജലസമൃദ്ധി കുറഞ്ഞു; അതിരപ്പിള്ളി മെലിഞ്ഞു

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ജലസമൃദ്ധി കുറഞ്ഞു. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നുള്ള ജലപ്രവാഹം തീരെ കുറഞ്ഞതാണ് അതിരപ്പിള്ളി മെലിയാന്‍ കാരണം. 

വര്‍ഷക്കാലം തിമിര്‍ത്തു പെയ്ത സമയത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടം സമൃദ്ധിയായിരുന്നു. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. നിറഞ്ഞൊഴുകിയ വെള്ളം ഇപ്പോഴില്ല. വിനോദസഞ്ചാരികള്‍ക്ക് തൊട്ടടുത്തു വരെ പോകാം. രണ്ടാഴ്ച മുമ്പു വരെ ജലത്തിന്റെ കുത്തൊഴുക്കു കാരണം അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രമാണിതെന്ന് ആരും പറയില്ല.

അത്രയ്ക്കു വരണ്ടു അതിരപ്പിള്ളിയും താഴെയുള്ള ചാലക്കുടി പുഴയും. വാഴച്ചാല്‍ മുതല്‍ അതിരപ്പിള്ളി വരെ തീരെ വെള്ളമില്ല. വേനല്‍ക്കാലത്താണ് ഇങ്ങനെ ജലനിരപ്പ് കുറയാറുള്ളത്. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപമുള്ള റിസോര്‍ട്ടുകള്‍ ഒരാഴ്ചയായി തുറന്നിട്ടില്ല. ശുദ്ധജലക്ഷാമമാണ് പ്രശ്നം. പുഴയില്‍ വെള്ളമുണ്ടെങ്കിലും ഇ കോളി ഭീഷണിയുള്ളതിനാല്‍ ആരും ഉപയോഗിക്കുന്നില്ല. അതിരപ്പിള്ളി മെലിഞ്ഞുണങ്ങിയതിനാല്‍ വിനോദസഞ്ചാരികളുടെ വരവും നിലച്ചു.