ഇടുക്കിയിലേക്ക് വരവായി വിനോദസഞ്ചാരികൾ

കട്ടപ്പന ∙ കാലവർഷക്കെടുതിയെ തുടർന്നു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രവേശനം നിരോധിച്ചിരുന്ന അഞ്ചുരുളി, കാൽവരിമൗണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ആളുകൾ എത്തിത്തുടങ്ങി. ശക്തമായ കാലവർഷത്തിനുശേഷം ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അഞ്ചുരുളി, കാൽവരിമൗണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. അഞ്ചുരുളിയിൽ സഞ്ചാരികൾ നിൽക്കുന്ന തിട്ടയ്ക്ക് തൊട്ടടുത്താണ് ഇപ്പോഴും ജലനിരപ്പുള്ളത്.

അതിനാൽ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഉരുളി കമിഴ്ത്തിയതുപോലുള്ള അഞ്ചു മൊട്ടക്കുന്നുകളും വെള്ളത്തിനടിയിലാണ്. ഇരട്ടയാറിൽനിന്ന് 5.5 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ അഞ്ചുരുളിയിലേയ്ക്ക് വെള്ളമെത്തുന്ന തുരങ്കമുഖം ഏറെ ആകർഷകമാണ്. ഇവിടെ നിന്ന് 70 അടിയിലേറെ താഴ്ചയിലേയ്ക്ക് ഉണ്ടായിരുന്ന വെള്ളച്ചാട്ടം ജലനിരപ്പ് ഉയർന്നതോടെ ഏതാനും അടി മാത്രമായി ചുരുങ്ങിയിട്ടുണ്ട്.

തുരങ്ക മുഖത്തേയ്ക്കു മൺപാത മാത്രമാണുള്ളത്. നടപ്പാതയിൽ മണ്ണിടിഞ്ഞു വീണിരിക്കുന്നതിനാൽ നിലവിൽ ഇതുവഴി കടന്നുപോകാൻ കഴിയില്ല. ഇടതൂർന്നു വളർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും വെള്ളം കയറിക്കിടക്കുന്ന കാഴ്ചയാണു കാൽവരിമൗണ്ടിന്റെ ആകർഷണീയത.

വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നാൽ കാണുന്ന താഴ്‌വരയുടെ ദൃശ്യം ആകർഷണീയമാണ്. കാൽവരിമൗണ്ട് കേന്ദ്രത്തിൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഓഗസ്റ്റ് 10ന് അടച്ച ഈ കേന്ദ്രം കഴിഞ്ഞ ഞായറാഴ്ചയാണു തുറന്നത്.